വ്യാഴാഴ്‌ച, ഡിസംബർ 16, 2010

ഞാന്‍ ഒരു സംഭവാല്ലേ ..

                ഇപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌. എന്നെക്കുറിച്ച് ഞാന്‍ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ എന്ന്. ഞാന്‍ അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. ഒന്നേ ഉള്ളു എങ്കിലും ഉലക്കക്ക് തല്ലാതെ ആണ് എന്നെ വളര്‍ത്തിയത്‌.
                 കുട്ടിക്കാലത്ത് ഒരു ശാസ്ത്രജ്ഞന്‍ ആവണം എന്നായിരുന്നു  ആഗ്രഹം. കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ വിദേശ രാജ്യങ്ങളിലെ അംബാസിടെര്‍ ആവണം എന്നായി  ആഗ്രഹം.    കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ എന്തെങ്കിലുമൊക്കെ ആയി തീര്‍ന്നാല്‍  മതി എന്നായി.  ഇപ്പൊ എഞ്ചിനീയര്‍ ആയി.
                 ജനിച്ചപ്പോള്‍ എനിക്ക്  കറുപ്പു നിറമായിരുന്നു. അച്ഛന്‍റെ സ്വര്‍ണ്ണ മോതിരം  കുറെ ഉരച്ചു തന്നാണ് എന്നെ വെളുപ്പിച്ചതെന്നു  അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
                കുട്ടിക്കാലത്ത് കൂട്ടുകാര്‍ കളിക്കാന്‍ പോകുമ്പോള്‍ ഓരോരോ പരീക്ഷണങ്ങളില്‍ ആയിരുന്നു എന്‍റെ താല്പര്യം .  അമ്മ തലയില്‍ തേക്കാന്‍ ചെമ്പരത്തി താളി ഉണ്ടാക്കുമ്പോള്‍ ഞാന്‍ അതില്‍ തീപ്പെട്ടി ഉരച്ചിടും, ആ കൊഴുത്ത ദ്രാവകം തീ പിടിക്കുമോ എന്നറിയാന്‍. അങ്ങനെയാണെങ്കില്‍ പെട്രോളിന് പകരം ഉപയോഗിക്കാമല്ലോ.
                  ദൂരദര്‍ശനില്‍ ഒട്ടുമാവ് ഉണ്ടാക്കുന്ന രീതി കണ്ടിട്ട് ഞാന്‍ മാവും വഴുതനയും തമ്മില്‍ ക്രാഫ്റ്റ് ചെയ്തു നോക്കി, വഴുതനങ്ങ മാങ്ങാ ഉണ്ടാക്കാന്‍. (പിറ്റേന്ന് മാവിന്‍ തൈയും വഴുതനയും ഉണങ്ങിപ്പോയ്).
കുഞ്ഞു കിരണ്‍ 
                മിശര്‍ ഉറുമ്പിനെ എടുത്തു  ഫ്രീസറില്‍ വയ്ക്കും,  പെട്ടെന്ന് തന്നെ അത് ബോധം കെട്ടു പോകും, പിന്നെ അതിനെ എടുത്തു വെയിലത്ത്‌ വെക്കും, കുറച്ചു വെയില്‍ കൊണ്ട് കഴിയുമ്പോള്‍ അവ എഴുന്നേല്‍ക്കും, പിന്നെ കാണാന്‍ നല്ല രസമാണ്. കള്ളുകുടിയന്‍ മാരെ പോലെ ആടിയാടി നടക്കും, വീഴും പിന്നെയും നടക്കും അങ്ങനങ്ങനെ..  കുറിച്ചു കഴിഞ്ഞു ആള് നല്ല ഉഷാറായി നടന്നു പോകും.  ഇതൊക്കെ കഴിഞ്ഞു കളിയ്ക്കാന്‍ പോകാന്‍ എനിക്ക് സമയം ഇല്ലായിരുന്നു.  
         ആശുപത്രിയില്‍ നിന്ന് കിട്ടിയ സിരിഞ്ചു കൊണ്ട് വാഴയ്ക്ക്  ഇന്‍ജക്ഷന്‍ കൊടുക്കുക ആണ് വേറൊരു പണി. നല്ല പൊക്കമുള്ള മരങ്ങളില്‍ കയറി ചുറ്റും നോക്കികാണാന്‍ വല്യ താല്പര്യമായിരുന്നു എനിക്ക്. പഠിക്കാന്‍ ഇരിക്കുന്നത് പോലും വീട്ടിലെ പേര മരത്തിന്റെ മുകളില്‍ ആയിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍  അടുത്ത വീട്ടിലെ മാവില്‍ നിന്ന് വീണു കൈ ഓടിഞ്ഞതോടെ മരം കയറ്റം നിന്നു.
                    കുറച്ചു കൂടി  വലുതായപ്പോള്‍ രസതന്ത്രം പരീക്ഷിച്ചു തുടെങ്ങി. ഉപ്പു വെള്ളത്തില്‍ സോപ്പുപോടിയും സോടാപ്പോടിയും കലക്കി, എലിമിനറെര്‍ വഴി  എലക്ട്രോളിസിസ് ചെയ്യുക. അങ്ങനെ കുറെ പൊട്ടന്‍ കളികള്‍.
                     ഞങ്ങളുടെ ബന്ധു ഉണ്ണി ചേട്ടന്‍ ഇറാനില്‍ നിന്നും അയച്ച കത്തിലെ 'ആയത്തോള്ള ഖുമെനിയുടെ' വലിയ സ്റ്റാമ്പ്‌ കണ്ടതോടെയാണ് ഞാന്‍ സ്റ്റാമ്പ്‌ ശേഖരണം തുടങ്ങിയത്. പിന്നെ സ്കൂളിലെ ടീച്ചര്‍ക്ക്‌ പോലും ഇറാന്‍  സ്റ്റാമ്പ്‌ കൊടുത്തു വേറെ വാങ്ങിയിരുന്നു.
                ആകാശത്തിലെ നിരയായി നില്‍ക്കുന്ന മൂന്നു നക്ഷത്രങ്ങള്‍ കുട്ടിക്കാലം മുതല്ലേ ഞാന്‍ ശ്രദ്ധിക്കുന്നതാണ്. ഒരിക്കലും പിരിയാത്ത കൂട്ടുകാരെ പോലെ ഇന്നും അവര്‍ അവിടെ തന്നെ ഉണ്ട്. [വേട്ടക്കാരന്റെ ബെല്‍റ്റ്‌ എന്നാണ് അവ അറിയപ്പെടുന്നത്]          
                 ആദ്യമായി ''ഐ ലവ് യു " പറഞ്ഞത് നാലാം ക്ലാസ്സില്‍ വെച്ചു ഷൈനിയോട്. അവള്‍  നാളെ അച്ഛനെ വിളിച്ചു കൊണ്ട് വരും എന്ന് പറഞ്ഞപ്പോള്‍ പിറ്റേ ദിവസം സ്കൂളിലേക്ക് പോകാന്‍ തന്നെ പേടിയായിരുന്നു. ‌
           അന്നും ഇന്നും ഫാനില്ലതെ എനിക്ക് ഇരിക്കാനേ വയ്യായിരുന്നു. സ്ക്കൂളില്‍ ചേര്‍ത്തപ്പോള്‍ അവിടെ ഫാനില്ലേ എന്ന് ടീച്ചറോട്‌ ചോദിച്ചു. ഞാന്‍ ഫാന്‍ ഇല്ലാതെ  ഉറങ്ങിയത് പന്നികുഴി ഹോസ്റ്റലില്‍  വെച്ചു മാത്രമാണ് .
                 പിന്നെ ആഹാരത്തിനെ കുറിച്ച് പറയുകയാണെങ്കില്‍, ചോറിനോട് അധികം  താല്പര്യമില്ല. സാമ്പാര്‍, അവിയേല്‍, മോര്, തൈര് ഇതൊന്നും ഇഷ്ടമല്ലായിരുന്നു. ആകെ ഇഷ്ടമുള്ളത് ''ഫ്രൂട്ട് സലാഡ്". അതിന് "പൂച്ചലാട്" എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്.  അത് വലിയൊരു പത്രത്തില്‍ എപ്പൊഴും ഫ്രിഡ്ജില്‍ ഉണ്ടാകും.   ചേമ്പ്, ചേന, വഴുതനങ്ങ, കാച്ചില്‍, കോവയ്ക്ക എന്നിവയൊന്നും ഇഷ്ടമല്ല. എനിക്ക് ഇഷ്ടമുള്ളത്,  മറ്റു പലര്‍ക്കും  ഇഷ്ടമില്ലാത്ത പാവയ്ക്കാ .[കൈപ്പ്ക്ക].
ഇതൊക്കെ പെട്ടന്നു ഓര്‍മ്മ വന്നത് മാത്രം. ഇനിയും ആലോചിച്ചാല്‍ കുറെ കിട്ടും. ഇത്രയും കേട്ടപ്പോള്‍ എന്ത് തോന്നുന്നു.
ഞാന്‍ ഒരു സംഭവാല്ലേ ..

ബുധനാഴ്‌ച, ഡിസംബർ 01, 2010

മനു നീ എവിടെയാണ്.

                                              മനു നീ എവിടെയാണ്.  16 വര്‍ഷങ്ങളായില്ലേ  നമ്മള്‍ തമ്മില്‍ കണ്ടിട്ട്. ഇങ്ങനെ പിരിയനാണോ നമ്മള്‍ സുഹൃത്തുക്കള്‍ ആയത്. നമ്മുടെ സ്കൂളില്‍ പത്താം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് മൂന്ന് വര്‍ഷം കൂടി ഒരിമിച്ചു പഠിക്കാമായിരുന്നു അല്ലെ.
          ഉച്ചക്ക് സ്കൂളില്‍ ഊണ് സമയത്ത്‍, ഞാന്‍ എന്നും ഓരോ തരം കറികള്‍ നിനക്കായ്‌ വീതിക്കുമ്പോള്‍, നിന്‍റെ പാത്രത്തില്‍ എനിക്ക് തരാന്‍ എന്നും ചെറുപയര്‍  മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലെ. നിനക്ക് മടുത്തു എങ്കിലും എനിക്ക് സ്കൂളിലെ ചെറുപയര്‍ (കഞ്ഞിയും പയറും) ഒരിക്കലും മടുത്തിട്ടില്ല കേട്ടോ.
          നീ ഒരിക്കല്‍ കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ നൂലില്‍ തൂങ്ങി വന്ന ഒരു പുഴു നിന്‍റെ പാത്രത്തില്‍ വീണപ്പോള്‍ അതിനെ എടുത്തു കളഞ്ഞ് ബാക്കി കഞ്ഞി കുടിച്ചത് നിന്‍റെ ഗതികേട് കൊണ്ടാണെന്ന് എനിക്കറിയാം.
          സ്ക്കൂളില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ കൂടെ നിര്‍ത്തിയിട്ടും, പൊക്കം കുറവാണെന്ന് പറഞ്ഞു നിന്നെ ഫോടോഗ്രാഫെര്‍ നിലത്തു ഇരുത്തിയത് നീ ഓര്‍ക്കുന്നില്ലേ .  
          നിനക്ക് അന്ന് ഞങ്ങളെക്കാള്‍ പൊക്കം കുറവായത് കൊണ്ടല്ലേ, ഞങ്ങള്‍ നിന്നെ "ഉണ്ട മനു" എന്ന് വിളിച്ചു കളിയാക്കിയിരുന്നത്.  എങ്ങനാ ഇപ്പൊ നീ ഉയരം വെച്ചോ. ആറാം ക്ലാസ്സിലെയും എഴാം ക്ലാസ്സിലെയും ഒക്കെ ഫോട്ടോ കുറെ നാള്‍ ഞാന്‍ സുക്ഷിച്ചു വെച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അവ തമ്മില്‍ ഒട്ടി, ഒന്നും കാണാന്‍ പറ്റാത്ത രീതിയില്‍ ആണ്.
        ഒരിക്കല്‍ നമ്മള്‍ സ്ക്കൂള്‍ മൈതാനത്തിന്റെ  സൈഡിലുള്ള പാറക്കല്ലുകള്‍ എടുത്തു മാറ്റികൊണ്ടിരുന്നപ്പോള്‍, എന്‍റെ കൈ വഴുതി നിന്‍റെ കാലില്‍ കല്ല്‌ വീണത്‌ നീ ഓര്‍ക്കുന്നില്ലേ. അന്ന് ടീച്ചര്‍ ചോദിച്ചിട്ടും എന്‍റെ പേര് പറയാതെ എന്നെ തല്ലില്‍ നിന്നും നീ രക്ഷിച്ചു. നിന്‍റെ ഇടത്തേ കാലില്‍ സ്ടിച് ഇട്ട പാടുകള്‍ ഇപ്പോഴുമുണ്ടോ?
                 നിന്നെ കുറിച്ച് ഞാന്‍ ഓര്‍കുട്ടിലെ നമ്മുടെ പഴയ കൂട്ടുകാരോടൊക്കെ അന്വേഷിച്ചു. അവര്‍ക്കാര്‍ക്കും നിന്നെ കുറിച്ച് യാതൊരു വിവരവുമില്ല. നീ ഓര്‍കുട്ടിലോന്നും  ഇല്ല അല്ലെ.
              ഞാന്‍ കഴിഞ്ഞ തവണ ലീവിന് വന്നപ്പോ, നിന്‍റെ ലക്ഷം വീട് കോളനി നിന്നിരുന്ന ഭാഗത്ത്‌ വന്നിരുന്നു. നിന്‍റെ ഓല മേഞ്ഞ വീടിരുന്ന സ്ഥലത്തിനടുത്ത് ഇപ്പൊ ഒരു ഹോട്ടല്‍ ആണല്ലേ.
നീ ഈ ബ്ലോഗുലകത്തില്‍ എവിടെയെങ്കിലും ഉണ്ടോ?. ഉണ്ടെങ്കില്‍ മറുപടി അയക്കില്ലേ. 
       
               മനു നീ എവിടെയാണ്.
             
              നീ ഒരിക്കലെങ്കിലും എന്നെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ ?
         
              നീ എന്നെ മറന്നോ?


                 
            

ശനിയാഴ്‌ച, നവംബർ 20, 2010

എന്‍റെ ലോകം -ബഹ്‌റൈന്‍

                      എന്‍റെ പ്രവാസ  ജിവിതം തുടങ്ങിയിട്ട് ഇന്നേക്ക്  2 വര്‍ഷമാകുന്നു. പണ്ട് ഒരു ജോത്സ്യന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്ക് വടക്കോ വടക്ക് പടിഞ്ഞാറോ ദിക്കില്‍ ആയിരിക്കും ജോലി കിട്ടുക എന്ന്.  അതുപോലെ തന്നെ ആയി,  ആദ്യം വടക്കും ഇപ്പോള്‍ വടക്ക് പടിഞ്ഞാറും. 
                  എന്‍റെ സ്കൂള്‍ എന്‍റെ പഞ്ചായത്തിന് പുറത്തായിരുന്നു. ഞാന്‍ ഡിപ്ലോമ പഠിച്ചത് എന്‍റെ താലൂക്കിന് പുറത്താണ്. എഞ്ചിനീയറിംഗ് പഠിച്ചത് എന്‍റെ ജില്ലക്ക് പുറത്താണ്. ഇപ്പൊ ജോലിചെയ്യുന്നത് എന്‍റെ രാജ്യത്തിന്‌ പുറത്തും. എന്താല്ലേ ...
                      എനിക്ക് ഗള്‍ഫ്‌ എന്നാല്‍ ദുബായ് മാത്രമായിരുന്നു. അച്ഛനും അമ്മക്കുംഎന്നെ ഗള്‍ഫ്‌ ലേക്ക് അയക്കാന്‍ താല്പര്യമുണ്ടായിരുന്നു എങ്കിലും, എനിക്ക് വല്യ താല്പര്യം ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായി ഞാന്‍ ഒരു അപ്ലിക്കേഷന്‍ പോലും അയച്ചില്ല. എന്നിട്ടും പ്രവാസത്തിന്റെ രണ്ടു വര്‍ഷങ്ങള്‍  കടന്നു പോയി.
                  ഭൂപടത്തില്‍  വടക്ക് പടിഞ്ഞാറു  എവിടെ എന്ന് നോക്കിയപ്പോള്‍ കണ്ടത്, ഗള്‍ഫും യുറോപ്പുമാണ്. ഒരിക്കല്‍ ഞാന്‍ ഒരു അപ്ലിക്കേഷന്‍ അയച്ചു. ഗള്‍ഫിലെക്കല്ല, ഇന്ഗ്ലെണ്ടിലേക്ക് . ഒരിക്കല്‍ ഇംഗ്ലണ്ട് നിന്നുള്ള ഒരു എഴുത്ത് കിട്ടിയപ്പോള്‍ അച്ഛനും അമ്മയ്ക്കും വല്യ ആകാംഷയായി. ഇന്റര്‍വ്യൂ കാര്‍ഡ്‌ ആണെന്ന് പോസ്റ്റുമാന്‍ പറഞ്ഞപ്പോ ആകാംക്ഷ ഇരട്ടിയായി, പക്ഷെ ഇന്റര്‍വ്യൂനു  എന്നെ സെലക്ട്‌ ചെയ്തിട്ടില്ല എന്നായിരുന്നു ആ കത്തില്‍. അതിനായി അവര്‍ ഇംഗ്ലണ്ട് ല്‍ നിന്നും കത്ത് അയച്ചിരിക്കുന്നു.
                      കുറച്ചു നാള്‍ കഴിഞ്ഞു, അച്ഛന്‍റെ സുഹൃത്ത്‌ കൃഷ്ണേട്ടന്‍ വഴി എനിക്ക് ബഹറിനില്‍ ഒരു അവസരം കിട്ടി. അങ്ങനെ 2008 നവംബര്‍ 20 നു ഞാന്‍ ബഹറിനില്‍ കാലുകുത്തി. നമ്മുടെ രണ്ടോ മൂന്നോ താലൂക്ക് ചേര്‍ന്നാല്‍ ഉള്ള വലിപ്പമേ ഈ കുഞ്ഞന്‍ രാജ്യത്തിന്‌ ഉള്ളു .
              മരുഭുമിയിലും  തണുപ്പുകാലം ഉണ്ടു എന്ന് ഞാന്‍ അറിഞ്ഞത് അപ്പോഴാണ്. പക്ഷെ ടിവിയില്‍ കാണുന്ന പോലെയുള്ള മണലാരണ്യങ്ങള്‍ ഒന്നും ഇവിടെ ഞാന്‍ കണ്ടില്ല.
ഒട്ടകങ്ങളെ വളര്‍ത്തുന്ന സ്ഥലങ്ങള്‍ കണ്ടു, അവ സ്വതന്ത്രമായി നടക്കുന്നത് കണ്ടിട്ടില്ല.
               ബഹ്‌റൈന്‍ എനിക്ക് കുറെ പുതിയ അനുഭവങ്ങള്‍ തന്നു. ആദ്യമായി പിക്ക് അപ്പില്‍ കയറിയത്, ആദ്യമായി മുപ്പത്തി അഞ്ചാം നിലയില്‍ കയറിയത്, ആദ്യമായി ഗ്രില്ലെട് ചിക്കന്‍, പിസ്സ, ബര്‍ഗര്‍, ബ്രോസ്ടെഡ്, ഷവര്‍മ്മ എന്തിനേറെ പറയുന്നു നമ്മുടെ നാന്‍ പോലും കഴിക്കുന്നത് ഇവിടെ വച്ചാണ്.  ആദ്യമായി മാളില്‍ കയറിയത്. ആദ്യമായി ആലിപ്പഴം കാണാനും  ഇവിടെ വരേണ്ടി വന്നു.
               ഇവിടെ വെച്ചു ഒത്തിരി ആളുകളെ  കാണാനും കേള്‍ക്കാനും പറ്റി.  കൊടും ചുടിലും ഏസി ഇടാതെ ഉറങ്ങുന്നവര്‍, കൊടും തണുപ്പത് ഏസി ഇട്ടിരിക്കുന്നവര്‍, ശുദ്ധ സസ്യാഹാരികള്‍, പ്യൂവര്‍ നോണ്‍ വെജുകാര്‍, എന്നും ബ്രോസ്ടെഡ് കഴിക്കുന്നവര്‍, 2 ടിന്‍ പെപ്സി ഒരു സമയം കുടിക്കുന്നവര്‍, തടി കുറക്കാന്‍ തേന്‍ കഴിക്കണമെന്ന് കേട്ടിട്ട് 6 മാസം കഴിച്ചിട്ടും തടി കുറയാത്തവര്‍, രാത്രി 2 മണിക്ക് കാര്‍ട്ടൂണ്‍ കണ്ടു കൈകൊട്ടി ചിരിക്കുന്നവര്‍, ഗൂഗിള്‍ തുറന്നു വെച്ചു എന്ത് സെര്‍ച്ച് ചെയ്യും എന്ന് ആലോചിച്ചിരിക്കുന്നവര്‍. എപ്പൊഴും വണ്ടിനെ പോലെ മുരളുന്നവര്‍, മിറിണ്ട ഒഴിച്ച് ചോറ് ഉണ്ണുന്നവര്‍, അടുത്ത ഫ്ലാറ്റിലെ ലെറ്റര്‍ ബോക്സ്‌ കണ്ടപ്പോ " ഓ ഇത് പോസ്റ്റ്‌ ഓഫീസ് ആയിരുന്നോ " എന്ന് ചോദിച്ചവന്‍. കാസറോള്‍ വാങ്ങാന്‍ പോയിട്ട്  ഫ്രിഡ്ജില്‍ വെക്കാവുന്ന ടൈപ്പ് ഇല്ലാന്ന് പറഞ്ഞു പോന്നവന്‍. അങ്ങനങ്ങനെ എത്ര പേര്‍ .

എനിക്ക് ഇവിടെ നഷടപെട്ടത്‌: അച്ഛന്‍,അമ്മ, പച്ചപ്പ്‌, മഴ, കൂട്ടുകാര്‍, ദീര്‍ഘദൂര യാത്ര, ബന്ധുക്കള്‍, പാച്ചു (എന്‍റെ പട്ടികുട്ടന്‍), ദാ ഇപ്പൊ ഞാന്‍ കെട്ടാന്‍പോണോള്‍.

ഹാ.. എല്ലാം അര ചാണ്‍ വയറിനു വേണ്ടി അല്ലെ. സഹിക്കാം
(ഇപ്പോള്‍ ഒരു ചാണ്‍ വയര്‍). പോക്കറ്റ്‌ വലുതാകുംതോറും വയറും വലുതാകുന്നു. എന്താണെന്നറിയില്ല.
ബഹ്‌റൈന്‍ വിശേഷം ഇനിയും ഒത്തിരി ഉണ്ട്, അത് മറ്റൊരവസരത്തില്‍ പറയാം.

വ്യാഴാഴ്‌ച, നവംബർ 18, 2010

ബ്രൌണ്‍ ഷുഗര്‍ ഇട്ട ചായ

                      ആദ്യമായാണ് ഞാന്‍ ബ്രൌണ്‍ ഷുഗര്‍ ഉപയോഗിക്കുന്നത്. ഇത് ഇവിടെ ഇത്ര  ഈസി ആയി കിട്ടുമെന്ന് ഞാന്‍  കരുതിയതെ ഇല്ല. ഇത് ശരിരത്തിന്  നല്ലതാണെന്നാണ് പറയുന്നത്. നാച്ചുറല്‍ ആണ് യാതൊരു വിധ രാസവസ്തുക്കളും ചെര്‍നിട്ടില്ലത്രേ. വില അല്പം കൂടുതലാണ് എന്നാലും കുഴപ്പമില്ല, നല്ലതിനല്ലേ. ഇന്ന് രാവിലെ ചായ കുടിച്ചത് ബ്രൌണ്‍ ഷുഗര്‍ ഇട്ടിട്ടാണ്. കഴിഞ്ഞ ദിവസം ഒരു മാളില്‍ നിന്നും വാങ്ങിയതാണ്. സഹമുറിയന്‍ സുരേന്ദ്രനും കൊടുത്തു ഒരു ഗ്ലാസ്‌ ചായ.
                            ബ്രൌണ്‍ ഷുഗര്‍, ബ്രൌണ്‍ നിറത്തിലുള്ള പഞ്ചസാര ആണ് കേട്ടോ. ഹി ..ഹി.  നിങ്ങള്‍ എന്ത് വിചാരിച്ചു, മയക്കു മരുന്ന് ആണെന്നോ. അയ്യേ ഞാന്‍ ആ ടൈപ്പേ അല്ല കേട്ടോ.
                                                                                     

ചൊവ്വാഴ്ച, നവംബർ 16, 2010

"അപ്പെടെ പേര് അപ്പ"

              അവധി ദിവസമായിരുന്നതിനാല്‍ ഇന്ന് മാളില്‍ നല്ലതിരക്കുണ്ടായിരുന്നു. ഞാന്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഒരു പയ്യന്‍ എന്‍റെ അടുത്തേക്ക് വന്നിട്ട് എന്‍റെ വിരല്‍ പിടിച്ചിട്ടു  പറഞ്ഞു. "അപ്പയേം മംമ്മിയേം കാണാനില്ല " എന്ന്. ഞാന്‍ ഒന്ന് പേടിച്ചു. ഈ വലിയ മാളില്‍ ഈ തിരക്കിനിടെ ഞാന്‍ എവിടുന്നു ഇവന്‍റെ അപ്പയെ കണ്ടു പിടിക്കും. ഇവനാണെങ്കില്‍ ഇപ്പൊ കരയും എന്ന രീതിയില്‍ നിക്കുവാണ്. ഒരു  മൂന്ന് നാലു  വയസ്സ് കാണും. മലയാളി കുട്ടിയാണ്. ഞാന്‍ വിചാരിച്ചു, ഇവന്‍ വല്ല അറബിയുടെയോ പാകിസ്ഥാനിയുടെയോ അടുത്താണ് എത്തിയതെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. രണ്ടു  കൂട്ടര്‍ക്കും ഭാഷ അറിയില്ലല്ലോ. 
                      ഞാന്‍ അവനോടു ചോദിച്ചു. "മോന്‍റെ അപ്പെടെ പേര് എന്താ " എന്ന്. അവന്‍ പറഞ്ഞു "അപ്പെടെ പേര് അപ്പ".
                       ഞാന്‍ വിചാരിച്ചു പണിയായെന്നു. പിന്നെ ഞാന്‍ മമ്മിടെ പേര് ചോദിച്ചു
അവന്‍ പറഞ്ഞു "മമ്മിടെ പേര് മമ്മി"
                        ഇനിയിപ്പോ എന്താ ചെയ്ക. അവന്‍റെ പേര് ചോദിച്ചപ്പോ "ഈവ് " എന്ന് പറയുന്നുണ്ട്.
 അപ്പൊ അവനെ അന്വേഷിച്ചു അവന്‍റെ അപ്പയും മമ്മിയും ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെത്തി. അവരെ കണ്ടപ്പോ അവന്‍ എന്‍റെ കൈ വിട്ട് ഓടിപ്പോയ്  അപ്പയെ കെട്ടിപിടിച്ചു.  വയനാട്ടില്‍ നിന്നുള്ള ഒരു കുടുംബം ആയിരുന്നു അത്. ഈ പയ്യന്‍റെ പേര് സ്റ്റീവ്.
                 ഈ കുസൃതികുട്ടന്‍ കഴിഞ്ഞ ദിവസംവും അപ്പയേം മമ്മിയേം വെട്ടിച്ചു ഓടിക്കളഞ്ഞു എന്ന് അവര്‍ പറഞ്ഞു. അവനൊരു ടാറ്റാ കൊടുത്തിട്ട് ഞാന്‍ പച്ചക്കറി ഇരിക്കുന്ന സ്ഥലത്തേക്ക് ട്രോളി തള്ളി.

തിങ്കളാഴ്‌ച, നവംബർ 01, 2010

പന്നിക്കുഴി ഹോസ്റ്റല്‍

                     കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് എന്‍റെ കോളേജ് . കുന്നും പാടങ്ങളും പുഴയും റബ്ബറും എല്ലാമുള്ള നാട്. അന്ന് കോളേജ് നു ഹോസ്റ്റല്‍ ഇല്ലായിരുന്നു. പത്തു മുപ്പതു വീടുകളിയയിട്ടാണ്  കുട്ടികളെ താമസ്സിപ്പിചിരുന്നത്. വാടക കുട്ടികള്‍ ഷെയര്‍ ചെയ്തു കൊടുക്കണം.
              ഞാനും അച്ഛനും രാവിലെ തന്നെ ഇറങ്ങി എങ്കിലും ഉച്ചതിരിഞ്ഞ് മൂന്നര മണി ആയി കോളേജ് ല്‍ എത്തിയപ്പോ. എന്‍റെ വീട്ടില്‍ നിന്നും വെറും 50 k.m മാത്രമേ ഉള്ളു കോളേജ് ലേക്ക്. പക്ഷെ കോളേജ് ഭാഗത്തേക്ക്‌ ബസ്‌ കുറവായിരുന്നു.
             ഇവിടുത്തെ ഹോസ്റ്റല്‍ കളുടെ പേര് കേള്‍ക്കാന്‍ നല്ല രസമാണ്. കിടാരക്കുഴി, കുന്നുംമണ്ട, ഷട്ടര്‍, ജെ ജെ , പന്നിക്കുഴി, ചക്കരപരമ്പ് അങ്ങനങ്ങനെ ....
 ഇതില്‍ പന്നികുഴി എന്നത് കുട്ടികള്‍ ഇട്ട പേരാണ് കേട്ടോ.
            എനിക്ക് ആദ്യം കിട്ടിയത് ഷട്ടര്‍ എന്ന ഹോസ്റ്റല്‍ ആണ്. ഷട്ടര്‍ ഇട്ട ഒരു കെട്ടിടം ആയത് കൊണ്ടാണ് ആ പേര് വീണത്‌. രണ്ടു കടമുറി ചേര്‍ന്ന ഒരു കെട്ടിടം. എന്‍റെ ഹോസ്റ്റല്‍ എന്ന സങ്കല്പം തന്നെ മാറിപ്പോയ്.അവിടെ ഞങ്ങള്‍ എട്ടു പേര്‍. ദിലീഷും രാകേഷും ഒക്കെ അവിടെ ഫ്രണ്ട് ആയി കിട്ടി.
                       ജോണ്‍ ഏട്ടനെയാണ്  ഞങ്ങള്‍ക്ക് കുക്ക് ആയി കിട്ടിയത്. കള്ള് ഷാപ്പിലെ  കുക്ക് ആയിരുന്നു. അതുകൊണ്ട് എല്ലാ കറിക്കും എരിവു കൂടുതലാണ്. പോരഞ്ഞിട്ട് ഞായറാഴ്ച സ്പെഷ്യല്‍ മുളക് കറി ഉണ്ട്. കപ്പയും മുളക് കറിയും. അതുകൊണ്ട് തന്നെ ഞായറാഴ്ച രാവിലെ ഞാന്‍ ഹോട്ടലില്‍ നിന്നാണ് കഴിക്കുന്നത്‌.
     എല്ലാവരും പട്ടികാട്, ഓണം കേറാമൂല എന്നൊക്കെ പറഞ്ഞ് കളിയാക്കും എങ്കിലും എനിക്ക് ആ നാട് ഇഷ്ടപ്പെട്ടു.
                  എനിക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നത് പന്നികുഴി എന്ന വീടാണ്. ആ വീടിനു പ്രത്യേകിച്ച് പെരോന്നുമില്ലയിരുന്നു. കുട്ടികള്‍ ഇട്ട പേരാണ് പന്നികുഴി എന്ന്. കാരണം ഈ വീടിന്‍റെ അടുത്തു ശരിക്കും ഒരു പന്നി കുഴി ഉണ്ടായിരുന്നു . (അതായത് ഒരു വലിയ കുഴിയില്‍ പന്നികളെ വളര്‍ത്തും, ഇതിലേക്ക് തുറക്കുന്ന രീതിയില്‍ അവിടെ ഒരു  കക്കൂസ് ഉണ്ടാകും. ഇപ്പൊ കാര്യം പിടികിട്ടിയില്ലേ.)
             ഈ വീടിനു 2 മുറി ഒരു ചായ്പ്പ്‌. അത്രയേ ഉള്ളു.വാടക ആയിരം രൂപ മാത്രം !. മഴ പെയ്യുമ്പോള്‍ മാത്രമേ കിണറ്റില്‍ വെള്ളമുണ്ടാകു. ഫാന്‍, മോട്ടോര്‍ പമ്പ്‌, ടാപ്പ്‌ , അങ്ങനെയുള്ള ആഡംബര വസ്തുക്കള്‍ ഒന്നുമില്ല. current‌ പോയാല്‍ എന്തായാലും 2 ദിവസത്തിനുള്ളില്‍ വരും. മഴക്കാലം കഴിഞ്ഞാല്‍ വെള്ളം വില കൊടുത്തു വാങ്ങി കിണറ്റില്‍ ഒഴിക്കും. ഞങ്ങളോട് എന്തോ ദേഷ്യം ഉള്ളത് പോലെ ആ കിണര്‍ തന്നെ വെള്ളം കുടിച്ചു തീര്‍ക്കും. വാട്ടര്‍ ടാങ്ക് ഇല്ലാത്തതിനാല്‍ വാങ്ങുന്ന വെള്ളം കിണറ്റില്‍ ഒഴിക്കുകയെ നിവര്‍ത്തി ഉള്ളു. നിങ്ങള്‍ക്കു പന്നിക്കുഴി  ഹോസ്റ്റല്‍ കാണണ്ടേ ?ഇതാ... 



അയ്യോ! BMW

                        നാട്ടില്‍ വെച്ചു ഒരു BMW കാര്‍ കണ്ടാല്‍ ഹോ! അല്ലെങ്കില്‍ ഹായ് ! എന്ന് പറയുമായിരുന്ന ഞാന്‍ ഇപ്പൊ അയ്യോ! എന്ന് പറയുന്നു. കാരണമെന്താനെന്നോ, എന്‍റെ കമ്പനിലെ ഹരിയെയും രാജേഷിനെയും ആക്രമിച്ചു കൊള്ളയടിച്ചവര്‍ വന്നത് BMW കാറിലാണ് . സജിത്തിന്‍റെ മൊബൈലും പണവും തട്ടിയെടുത്തതും BMW ല്‍ വന്ന തലതെറിച്ച അറബി പയ്യന്മാരാണ്‌.
                             ഏതെങ്കിലും പഴയ കാര്‍ വാങ്ങി, അതിന്‍റെ സൈലെനസര്‍ പറിച്ചു മാറ്റി 100 -120 kmph സ്പീഡില്‍ പോകുമ്പോള്‍ എല്ലാം നേടി എന്ന ഭാവമാണ്  ഈ അറബി പയ്യന്മാര്‍ക്ക്. (അതോ ഇപ്പൊ അറബികളും വായു ഗുളിക വാങ്ങാന്‍ പോകുകയാണോ എന്നറിയില്ല)
                    കഴിഞ്ഞ ദിവസം റോഡില്‍  ഇടിച്ചു കിടക്കുന്ന ഒരു BMW കാര്‍ കൊണ്ടപ്പോ ഒരു ഫ്രണ്ട് പറഞ്ഞു BMW ഇപ്പൊ വെറും W (waste) ആയി എന്ന്. ചുമ്മാതാണോ ഇടിക്കുന്നെ, അമ്മാതിരി പൊക്കല്ലേ അവന്മാരുടെ. എന്തായാലും BMW നോടുള്ള ബഹുമാനം പോയി. ഇനി ഞാന്‍ BMW വാങ്ങിക്കുന്നില്ല എന്ന് വച്ചു.
    

തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010

10/10/10, 10:10

                   10/10/10 സമയം  രാവിലെ 10 :09, പെട്ടന്നാണ് ഞാന്‍  ഓര്‍ത്തത്‌  ആ  മാജിക്‌  നമ്പറിനെ പറ്റി. എന്തെങ്കിലും ചെയ്യണമല്ലോ. എന്നും ഓര്‍ത്തിരിക്കാന്‍ പറ്റിയത്.  ശ്ശെ എന്താ ഇപ്പൊ ചെയ്യുക. ഞാന്‍ തലപുകഞ്ഞു ആലോചിച്ചു. നോ ഐഡിയ . ഒന്നും കിട്ടുന്നില്ല. പെട്ടന്ന് ഞാന്‍ കമ്പ്യൂട്ടറിന്റെ വലത്തേ മൂലയിലേക്ക്  നോക്കി, അപ്പോള്‍ സമയം 10:11. ഷിറ്റ് !!
                    ഹാ... ഇനി രണ്ടു ചാന്‍സ് കൂടിയുണ്ടല്ലോ 11/11/11 ഉം  12/12/12 ഉം അപ്പോള്‍ നോക്കാം. അങ്ങനെ ഞാന്‍ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.

ബുധനാഴ്‌ച, ഒക്‌ടോബർ 06, 2010

ഗോതമ്പ് ദോശയും ഉപ്പുമാവും

                വീട്ടിലായിരുന്നപ്പോള്‍ ഞാന്‍ ഗോതമ്പ് ദോശ കഴിക്കാറില്ല  .  ഒട്ടും ഇഷ്ടമല്ലായിരുന്നു. മുന്നില്‍ കൊണ്ടേ വെച്ചാല്‍ ഞാന്‍ കഴിക്കാതെ എണീറ്റ്‌ പോകുമായിരുന്നു.  ഉപ്പുമാവ് ആണെങ്കില്‍ അമ്മയുടെ നിര്‍ബന്ധം സഹിക്കാതെ വരുമ്പോള്‍ കുറച്ചു കഴിച്ചാല്‍ ആയി.
              ഗള്‍ഫില്‍ എത്തിയപ്പോള്‍ കമ്പനി ഭക്ഷണം തരാത്തതിനാല്‍ സ്വയം പാചകമാണ്. ഉണ്ടാക്കാന്‍ അഞ്ചു  മിനിറ്റ് മതിയല്ലോ, അതുകൊണ്ട് രാവിലത്തെ എളുപ്പത്തിനായി ഇപ്പോള്‍ ഉപ്പുമാവും ഗോതമ്പ് ദോശയും ഞാന്‍ തന്നെ ഉണ്ടാക്കി കഴിക്കും.
               എന്‍റെ അഹങ്കാരത്തിന് ദൈവം തന്ന ഏറ്റവും നല്ല ശിക്ഷ. അല്ലേ...

കരിമണിമാല

                  അന്ന് ജയന്‍ ചേട്ടനാണ് അമ്മയുടെ കരിമണി മാലയുമായി ടൌണില്‍ പോയത്. ഞാനും അമ്മയും അച്ഛനും  ജയന്‍ ചേട്ടനെ കാത്തു ഇരിക്കുകയാണ്.
                     ചേട്ടന്‍ വന്നു. അച്ഛന് കുറെ രൂപ കൊടുത്തു. അധികം താമസിക്കാതെ ഞാനും അച്ഛനും കോളേജ് ലേക്ക് പോയി. ഈ രൂപ കൊണ്ട് ഫീസിന്‍റെ ആദ്യ ഇന്‍സ്റ്റോള്‍മെന്‍റ് അടക്കാം. പിന്നീട് കുറെ നാളുകള്‍ കഴിഞ്ഞെങ്കിലും ആ മാല തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അമ്മ ആ മാലയെ കുറിച്ച് ചോദിച്ചിട്ടേയില്ല. നാട്ടിലെ ആ ചെറിയ ജോലി കൊണ്ടൊന്നും മാല പണയത്തില്‍ നിന്നും എടുക്കാന്‍ പറ്റില്ലായിരുന്നു, അത് കൊണ്ട് തന്നെ ഞാനും അതിനെ കുറിച്ച് ഒന്നും മിണ്ടാരില്ലയിരുന്നു. അത് ചിലപ്പോള്‍ വിറ്റു പോയിരിക്കാം.
          പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്‍റെ engagement നു മോതിരം വാങ്ങാന്‍ പോയപ്പോള്‍ അമ്മ അവിടെ കരിമണി മാല ഉണ്ടോ എന്ന് ചോദിക്കുന്നത് കേട്ടു. പക്ഷെ  അവിടെ സ്റ്റോക്ക്‌ ഇല്ലായിരുന്നു.  പിന്നെ അമ്മ ഒരു ചുവന്ന മുത്ത്‌ ഉള്ള മാല വാങ്ങി.
       അടുത്തതവണ ലീവ് നു പോകുമ്പോള്‍ പറ്റുകയാണെങ്കില്‍ ഒരു കരിമണിമാല വാങ്ങണം.

ചൊവ്വാഴ്ച, ഒക്‌ടോബർ 05, 2010

ആടുജീവിതം

ശ്രീ ബെന്യാമിന്‍ എഴുതിയ നോവല്‍. ഞാന്‍ ആദ്യമായി വായിച്ചു തീര്‍ത്ത നോവല്‍ എന്ന ഒരു പ്രത്യേകത കൂടി ഉണ്ടു അതിന്. ഞാന്‍ മുന്‍പ് "ഖസാക്കിന്റെ ഇതിഹാസം " , "വിങ്ങ്സ് ഓഫ് ഫയര്‍ ", " ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" എന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമം നടത്തി എങ്കിലും പാതിവഴിയില്‍ വെച്ചു  പിന്മാറുകയായിരുന്നു. ഞാനും ഒരു ഗള്‍ഫ്‌ കാരന്‍ ആയതു  കൊണ്ടാണ്  ഈ പുസ്തകം വായിക്കാം എന്ന് വിചാരിച്ചത്. പിന്നെ ബെന്യാമിന്‍ ബഹറിനില്‍ ജോലിചെയ്യുന്ന ഒരാള്‍ കൂടിയാണ്. ഇപ്പോള്‍ ഈ പുസ്തകത്തിന്‌ സാഹിത്യ അക്കാദമി അവാര്‍ഡും കിട്ടി.
                   അബദ്ധത്തില്‍ ആട് മേയ്ക്കല്‍ ജോലി ചെയ്യേണ്ടി വരുകയും പിന്നീട് അവിടെ നിന്ന് ഓടി രക്ഷപെടുകയും ചെയ്ത  ഒരു ആലപ്പുഴക്കാരന്റെ കഥ ആണ്  ഈ പുസ്തകം പറയുന്നത്. ഒരു നടന്ന സംഭവം. പറ്റുമെങ്കില്‍ നിങ്ങളും ഒന്ന് വായിച്ചുനോക്കു. "ആട് ജീവിതം " 

ഞായറാഴ്‌ച, സെപ്റ്റംബർ 19, 2010

നാരായണേട്ടന്‍

       ഇനി നാരായണേട്ടനെ കുറിച്ച് പറയാം. കോട്ടയത്തെ ഞങ്ങളുടെ കോളേജ് ഹോസ്ടലിലെ കുക്ക് ആയിരുന്നു നാരായണേട്ടന്‍. പട്ടാളത്തിലായിരുന്നു നേരത്തെ.
       ഹോസ്റ്റല്‍ പണിയുന്നതിനു മുന്‍പ് ഞങ്ങള്‍ വീടുകള്‍ വടക്കെടുതാണ് താമസ്സിച്ചിരുന്നത്.  കോളേജ് ന്‍റെ തന്നെ രണ്ടര കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഹോസ്റ്റലില്‍ നിന്നാണ് നാരായണേട്ടന്‍ ഞങ്ങളുടെ വീട്ടിലേക്കു വരുന്നത്. നാരായണേട്ടന്‍ വന്ന ഓട്ടോയില്‍ നിന്ന് ആദ്യം ഇറങ്ങിയത്‌ ഒരു പൂച്ച. പുള്ളിക്കാരന്‍ കിടക്കയും പെട്ടിയും എല്ലാം ഇറക്കി വെച്ചു. അപ്പോളതാ  ഒരു പട്ടി ഓടികിതച്ചു വരുന്നു. ഓട്ടോയില്‍ സ്ഥലം ഇല്ലാത്തതു കൊണ്ട് രണ്ടര കിലോമീറ്റര്‍ ഓട്ടോയുടെ പിറകെ ഓടിവരുകയാണ് ആ പട്ടി.
       നാരായണേട്ടന്‍ പറഞ്ഞു. " എന്‍റെ മക്കളാനിവര്‍". പൂച്ചയെ ചുണ്ടികാട്ടി  പുള്ളി പറഞ്ഞു ഇവന്‍ "കുഞ്ഞന്‍"  മറ്റവന്‍ "കുട്ടന്‍". അങ്ങനെ കുട്ടനും കുഞ്ഞനും നാരായണേട്ടനും ഞങ്ങളുടെ വീട്ടില്‍ താമസം തുടങ്ങി. വീടിന്‍റെ പടിഞ്ഞാറെ വരന്തയിലാണ് നാരായണേട്ടന്‍ ഉറങ്ങുന്നത്. കുട്ടനും അടുത്തെവിടെയെങ്കിലും കാണും.
            രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോളാണ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നത്, പുള്ളികാരന്‍ വീട്ടില്‍ നിന്നും ഒളിച്ചു താമസ്സിക്കുവാണ്.  ബ്ലേഡ് കാരെ പേടിച്ച്. പട്ടാളത്തിന്നു  പോന്നപ്പോ രണ്ടു പേരുമായി ചേര്‍ന്ന് ഒരു ബിസിനസ്‌ തുടങ്ങി. ആലപ്പുഴ ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും കടല്‍ മീന്‍ വാങ്ങി കിഴക്കന്‍ നാടുകളില്‍ വില്‍ക്കുക ആയിരുന്നു പ്ലാന്‍.   അതിന്‍റെ ആവിശ്യത്തിനായി കുറച്ചു പണം ബ്ലേഡ് കാരില്‍നിന്നും കടം വാങ്ങി. പക്ഷെ മറ്റേ രണ്ടു പേര്‍ ആ കാശുമായി മുങ്ങി. പിന്നെ ബ്ലേഡ് കാരുടെ ശല്യം കാരണം വീട്ടില്‍ നിന്നും മാറി നിക്കുകയാണ്.  പുള്ളിടെ വീട്ടില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രമേയുള്ളൂ ഞങ്ങളുടെ കോളേജ് ലേക്ക്.
    ദിവസവും രാത്രി മദ്യ സേവയുണ്ട് പുള്ളിക്ക്. വെള്ളമടിച്ചിട്ട് വീട്ടിലെ കാര്യം പറഞ്ഞു കരയും. വീട്ടില്‍ ഭാര്യ മാത്രമേയുള്ളൂ . മോളെ കല്യാണം കഴിച്ചു വിട്ടു. ഭാര്യക്ക്‌  ആസ്മ ഉണ്ട്.
    ഹോസ്റ്റലില്‍ മീന്‍ വാങ്ങിയാല്‍  ആദ്യം അതില്‍ ഓരോന്ന്  കുഞ്ഞനും കുട്ടനും കൊടുക്കും. പിന്നെ ബാക്കിയുള്ളതിന്റെ  തലയും കുടലുമെല്ലാം. പട്ടിയും പൂച്ചയും ആണെങ്കിലും കുട്ടനും കുഞ്ഞനും തമ്മില്‍ ഒരു വഴക്കുമില്ല.  എല്ലാ ദിവസവും വൈകീട്ട് നാരായണേട്ടന്‍ കുട്ടന്‍ ന്‍റെയും കുഞ്ഞന്‍ ന്‍റെയും ഒപ്പം കളിക്കുന്നത്  കാണാം.
        നല്ല കൈപ്പുണ്യമാണ് നാരായണേട്ടന്. വെജും നോണ്‍ വെജും എല്ലാം നന്നായി വെക്കും.  അത് കൊണ്ട് കുഞ്ഞന്‍ ന്‍റെയും  കുട്ടന്‍ ന്‍റെയും  കാര്യത്തില്‍ ആരും പുള്ളിയോട് ഉടക്കാറില്ല.
     ഒരിക്കല്‍ വീട്ടില്‍ നിന്നും അടുത്ത കടയിലേക്ക് ഫോണ്‍ വന്നു, ഭാര്യക്ക്‌ ആസ്മ കൂടുതലാണ് എന്ന്. ആ കാരണത്താല്‍ ഒരു കുപ്പി  മുഴുവന്‍ തീര്‍ത്തിട്ട് പടിഞ്ഞാറെ വരാന്തയില്‍ ഇരുന്നു കരയുന്നുണ്ടായിരുന്നു.
   ഒരു ദിവസം  രാത്രി പടിഞ്ഞാറെ വരാന്തയില്‍ കാലും നീട്ടിയിരുന്നു പട്ടാള കഥ പറയുകയായിരുന്നു നാരായണേട്ടന്‍. അപ്പൊ കുട്ടന്‍ പതുക്കെ വേച്ചു വേച്ചു നടന്നു വന്നു പുള്ളിടെ കാലിന്‍റെ അടുത്തു കിടന്നു. പിറ്റേന്ന് രാവിലെ നാരായണേട്ടന്‍  "മക്കളേ" എന്ന് ഉറക്കെ വിളിച്ചത് കേട്ടാണ് ഞാന്‍ എണീറ്റത്, ചെന്ന് നോക്കുമ്പോള്‍ പുള്ളിക്കാരന്‍ പടിഞ്ഞാറെ വരാന്തയില്‍ ഇരുന്നു കരയുന്നു. ഞാന്‍ ഓര്‍ത്തു,  രാവിലെ പരിപാടി തുടങ്ങിക്കാണും എന്ന്. അപ്പോള്‍ അയാള്‍ പറയുന്നുണ്ട് "മക്കളേ, കുട്ടന്‍ ചത്ത്‌ പോയെടാ" എന്ന്.  പറമ്പിലെ റബ്ബര്‍ വെട്ടുകാരന്‍ പറഞ്ഞപ്പോളാണ്  അറിയുന്നത്, അടുത്ത വീട്ടുകാര്‍ കുട്ടന് വിഷം കൊടുത്തതാണ്. അവര്‍ രണ്ടു ദിവസം മുന്‍പ് നാരായണനെട്ടനുമായി എന്തോ കാര്യത്തിന് വഴക്കിട്ടിരുന്നു.  ഇത് കേട്ടപ്പോള്‍ നാരായണേട്ടന്‍ വെട്ടുകത്തി എടുത്തു, എന്നിട്ട് ചത്ത പട്ടിയുടെ കാലില്‍ പിടിച്ചു വലിച്ച്, അടുത്ത വീട്ടിലേക്കു പോയി. ഇത് കണ്ടു ഞങ്ങള്‍ എല്ലാവരും പേടിച്ചു പോയി. അങ്ങേര്‍ എന്തെകിലും കടും കൈ കാണിക്കുമോ.
പക്ഷെ നാരായണേട്ടന്‍ പട്ടിയെ അവരുടെ വീടിന്‍റെ മുറ്റത്ത്‌ ഇട്ടിട്ടു തിരിച്ചുപോന്നു.
അന്ന് രാവിലെ നാരായണേട്ടന്‍ ഒന്നും ഉണ്ടാക്കിയില്ല. ഞങ്ങള്‍ ഹോട്ടലില്‍ നിന്നും കഴിക്കേണ്ടി വന്നു.

    കുറച്ചു ദിവസം കഴിഞ്ഞു ഓണം അവധിക്കായി കോളേജ് അടച്ചു. അവധി കഴിഞ്ഞു വന്നപ്പോള്‍ ഞങ്ങളെ സാര്‍ വേറെ ഹോസ്റ്റല്‍ ലേക്ക് മാറ്റി. പിന്നെ ഞാന്‍ നാരായനെട്ടനെയും കുഞ്ഞനെയും കണ്ടിട്ടില്ല. കുറച്ചു നാള്‍ കഴിഞ്ഞു ആരോ പറഞ്ഞ് ഞാന്‍ അറിഞ്ഞു, നാരായണേട്ടന്‍ ജോലി നിര്‍ത്തിപോയി എന്ന്. തൊണ്ടയില്‍ കാന്‍സര്‍ ആണത്രേ. അപ്പൊ ഞാന്‍ ആദ്യം ആലോചിച്ചത് കുഞ്ഞനെ പറ്റിയാണ്. എവിടെ ആയിരിക്കും കുഞ്ഞന്‍. നാരായണേട്ടന്‍ അവനെ കൊണ്ട് പോകാതിരിക്കില്ല.
           പിന്നീട് ആരും നാരായണേട്ടനെ കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല.  ചിലപ്പോ രോഗമെല്ലാം  മാറി, കടമൊക്കെ വീട്ടി, സുഖമായി കഴിയുന്നുണ്ടാകാം. അല്ലെങ്കില്‍ ചിലപ്പോ ....  

തിങ്കളാഴ്‌ച, സെപ്റ്റംബർ 13, 2010

Joy അമ്മുമ്മ

ബഹ്‌റൈന്‍ ലെ ഒരു പച്ചക്കറി കടയില്‍ വെച്ചാണ്‌ ഞങ്ങള്‍ അവരെ കാണുന്നത്. കണ്ടാല്‍ ഒരു 60-65 വയസ്സ് തോന്നും. പര്‍ദ്ദ ആണ് വേഷം. ആകെ ചുക്കി ചുളിഞ്ഞ മുഖത്ത് ഒരു വല്യ കണ്ണാടിയുമുണ്ട്. Hi boys എന്ന് പറഞ്ഞു കൊണ്ട് അവരാണ് ആദ്യം  പരിച്ചയപെട്ടത്‌ ‌. അവര്‍ ഞങ്ങളോട്  പേര്, സ്ഥലം ഒക്കെ ചോദിച്ചു. അതില്‍ സുരേന്ദ്രന്റെ (സുരേന്ദ്രന്റെ ബ്ലോഗ്‌ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )പേര് പരയാന്‍ മാത്രം അവര്‍ കുറച്ചു ബുദ്ധിമുട്ടി.
അവര്‍ സ്വയം പരിചയപ്പെടുത്തി, പേര് ജോയ് . സ്ഥലം Philippines . അപ്പോള്‍ ഞാന്‍ ചോദിച്ചു മുസ്ലിം ആയിട്ടു പേര് ജോയ് എന്നാണോ എന്ന്. അവര്‍ പറഞ്ഞു, അവര്‍ മുസ്ലിം അല്ല  ക്രിസ്ത്യന്‍ ആണെന്ന്. അവര്‍ ഇവിടെ ഒരു അറബിയുടെ വീട്ടിലെ വേലക്കാരി ആണ്.  പുറത്തു പോകുമ്പോള്‍ ഇടാനായി നല്ല ഡ്രസ്സ്‌ ഇല്ലാത്തതു കൊണ്ട് പര്‍ദ്ദ ഇടുന്നതാണെന്ന്. അതാവുമ്പോള്‍ ആരും കാണില്ലല്ലോ.  ജോയ്  ഇവിടെ വന്നിട്ട് 17 വര്‍ഷമായി. ഭര്‍ത്താവു മരിച്ചതില്‍ പിന്നെ വീട്ടിലെ ബുദ്ധിമുട്ട് കാരണം ഇവിടെ ജോലിക്ക് വന്നതാണ്‌ . ഇപ്പോള്‍ 15 വര്‍ഷമായി നാട്ടില്‍ പോയിട്ടേയില്ല.  പോവാന്‍ അറബി മുതലാളി അനുവദിച്ചു കാണില്ലയിരിക്കാം .മക്കള്‍ ഓസ്ട്രേലിയ ല്‍ ആണ്. അങ്ങോട്ട്‌ പോകണം എന്നുണ്ട്‌,  ദൈവം അനുഗ്രഹിച്ചാല്‍.

ഞങ്ങള്‍ ഇടയ്ക്കിടെ അവരെ വഴിയില്‍ വെച്ച് കാണാറുണ്ട്. Hi boys, how are you?. എന്ന് ചോദിക്കും . കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ വീട്ടിലേക്കു Cash അയച്ചു കൊടുക്കാറില്ലേ എന്ന് ചോദിച്ചു. കൊണ്ട്  തല താഴ്ത്തി പതുക്കെ നടന്നു പോയി.
വല്ലാത്ത ജീവിതം അല്ലേ, 15 വര്‍ഷമായി  മക്കളെയും ബന്ധുക്കാരെയും ഒന്ന് കാണാതെ...

ഇനി അവര്‍ക്ക് ഒരു മടക്കം ഉണ്ടാകുമോ ആവൊ

ബുധനാഴ്‌ച, സെപ്റ്റംബർ 01, 2010

സോമു

           അഞ്ചു ചേച്ചിയുടെ കല്യാണത്തിനാണ് അവനെ ഞാന്‍ ആദ്യമായി  കാണുന്നത്. കുഞ്ഞമ്മാവന്റെ മോനാണ്. അവനെ ആദ്യമായി ഞാന്‍ കാണുമ്പോള്‍ അവനു 8 വയസ്സ്. അത്ര നാളും കുഞ്ഞമ്മാവനും കുടുംബവും അഹമ്മദബാദില്‍ ആയിരുന്നു. 9 വര്‍ഷമായി യാതൊരു contact ഉം ഇല്ലായിരുന്നു.

 സോമു പെട്ടന്ന് തന്നെ എന്നോട് അടുത്തു. മഹാ ബുദ്ധിമാനും അതുപോലെ തന്നെ മഹാ വികൃതിയും ആണ് അവന്‍.  അച്ഛന്‍റെ വീടുകാരെ ആദ്യമായിട്ടാണ് അവന്‍ കാണുന്നത് തന്നെ.
സുരജ് നായര്‍ എന്നാണ് അവന്‍റെ ശരിക്കുള്ള പേര്.
    പിന്നെയാണ് ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞത്, കുഞ്ഞമ്മാവനും അമ്മായിയും പിണങ്ങിയിരിക്കുകയാണ്‌. കുഞ്ഞമ്മാവനും സോമുവും അഹമ്മദബാദില്‍. അമ്മായി ബാന്ഗ്ലോറില്‍. ഇപ്പോള്‍ കുറെ  നാളയത്രേ. കഷ്ടം സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു അമ്മ വേറെ മാറി താമസിക്കുന്നു.
                          കല്യാണം കൂടിയിട്ടു അവര്‍ തിരിച്ചു പോയി .
കുറച്ചു നാള്‍ കഴിഞ്ഞു ഞാന്‍ അറിഞ്ഞു സോമു വീണ്ടും വരുന്നു എന്ന്. ഇനി അവന്‍ ഇവിടെയാണ് പഠിക്കാന്‍ പോണേ എന്ന്. അവനെ വിളിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോവണം.
                        അങ്ങനെ ഞാന്‍ ആദ്യമായി എയര്‍പോര്‍ട്ടില്‍ പോയി. കൊച്ചിയില്‍. അടുത്തിടെ വിമാനം റാഞ്ചിയത്  കൊണ്ട് ആരെയും എയര്‍പോര്‍ട്ടില്‍  ഉള്ളിലേക്ക് വിടുന്നില്ല.   അവന്‍ വന്നു. ഞങ്ങള്‍ അവനുമായി വീട്ടിലേക്കു പോന്നു.  അവനെ ചേര്‍ത്തലയിലെ പണിക്കവീട്ടില്‍ സ്കൂളില്‍ ചേര്‍ത്തു.
                          മഹാ വികൃതിയായ അവനുമായി എന്നും ഞാന്‍ അടിയായി. ഉറങ്ങുമ്പോള്‍ അവന്‍ എന്‍റെ ചെവിയില്‍ വെള്ളമൊഴിച്ചു. ഞാന്‍ അവന്‍റെ നേരെ പേരക്ക ചവച്ചു തുപ്പി . അങ്ങനെ ആയിരുന്നു, ഞങ്ങള്‍ തമ്മില്‍. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം വരുന്നു...
  അതിനിടെ അമ്മാവനും അമ്മായിയും പിരിയാന്‍   തീരുമാനിച്ചു. 2000 ല്‍ കുഞ്ഞമ്മാവന്‍ സോമു വുമായികോടതിയില്‍ പോയതാണ്, പിന്നെ ഞാന്‍ അവനെ കണ്ടിട്ടില്ല. അവന്‍ അവന്റെ അമ്മയുടെ കൂടെ പോയി എന്നറിഞ്ഞു. കോടതി വിധി അങ്ങനെ ആയിരിക്കും. അറിയില്ല.
            ഞാന്‍ അവനെ കുറിച്ച് പലരോടും അന്വേഷിച്ചു .ആര്‍ക്കും വല്യ ഐഡിയ ഇല്ല . ബാനഗ്ലോര്‍   ആണെന്ന്  ആരോ പറഞ്ഞു. 2006 ല്‍ ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ നെറ്റ് വഴി അവനെ സെര്‍ച്ച്‌ ചെയ്തു നോക്കിത്തുടങ്ങി. ഓര്‍ക്കുട്ട്, hi5 ,WAYN  തുടങ്ങിയ സൈറ്റ് ല്‍  ഒക്കെ ഞാന്‍ അവനെ  അന്വേഷിച്ചു. കിട്ടിയില്ല. 2010 ആയപ്പോള്‍ ജീവന്ചേട്ടന്‍ പറഞ്ഞു. സോമുവിനു ജോലി കിട്ടി എന്ന്. അവന്‍ ജീവന്‍ ചേട്ടന്‍റെ കടയില്‍ വന്നിരുന്നു എന്ന്.  ഇപ്പോള്‍ ബംഗ്ലോരില്‍ ആണ് എന്ന്. അതിനുശേഷം ഞാന്‍ facebook  ല്‍ ഒരു സുരജ് നെ കണ്ടു. 19 വയസ്സ്, ബംഗ്ലോര്‍.  എനിക്ക് ഒരു ഡൌട്ട് തോന്നി. ഞാന്‍ അവന്‍റെ ഫോട്ടോ രാജിക്ക് അയച്ചു കൊടുത്തു. രാജിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ലായിരുന്നു. ആള് ആകെ മാറിയിട്ടുണ്ട്. പല്ലില്‍ കമ്പി ഇട്ടിട്ടുണ്ട്.
          ഞാന്‍ അവനു friends request അയച്ചു.  അവന്‍ accept ചെയ്തു. ഞാന്‍ അവന്‍റെ ഫോട്ടോ കുഞ്ഞമ്മാവന് അയച്ചു ക്കൊടുത്തു. അമ്മാവന്‍ ഉറപ്പിച്ചു അത് സോമു തന്നെ.  ഞാന്‍ അവനു മെയില്‍ അയച്ചു, മെസ്സേജ് അയച്ചു.പക്ഷെ ഒരു മറുപടിയും ഇല്ല. അവനു എന്നെ മനസിലാകാഞ്ഞിട്ടല്ല, മനസിലായത് കൊണ്ടാവും reply തരാത്തത്.  ഇന്നും ഞാന്‍ മെയില്‍ നോക്കി . അവന്‍റെ ഒരു മെയിലും ഇല്ല....



 

പാരി ചേച്ചി

             പാരി ചേച്ചി എന്നാണ് എല്ലാവരും അവരെ വിളിച്ചിരുന്നത്‌ . എന്നെ വല്യ ഇഷ്ടമായിരുന്നു പാരി ചേച്ചിക്ക്. "മാനേ" (മകനെ) എന്നാണ് എന്നെ വിളിച്ചിരുന്നത്‌.   ഞാന്‍ വായില്‍ ഒഴിച്ച് കൊടുത്ത വെള്ളം ഒരു കവിള്‍  കുടിച്ചിട്ടാണ് അവര്‍ മരിക്കുന്നത് .                        ശരിക്കും പേര് ഭാഗീരഥി. ഭാഗീരഥി തമ്പുരാട്ടി എന്നും വേണമെങ്കില്‍ വിളിക്കാം. കാരണം വലിയ ഒരു ജന്മിയുടെ മോളയിട്ടാണ് അവര്‍ ജനിച്ചത്‌. national highway മുതല്‍ എ. സ് കനാല്‍ വരെയുള്ള വലിയൊരു ഭാഗം അവരുടെ ആയിരുന്നുവത്രെ . അമ്മുകുട്ടി അമ്മ എന്നായിരുന്നു അമ്മയുടെ പേര്. അച്ഛന്‍ മരിച്ചതില്‍ പിന്നെ  അമ്മുകുട്ടി അമ്മയും  ഭാഗീരഥിയും ഒറ്റക്കായിരുന്നു താമസം.  പാരിചെച്ചി, അരിപരമ്പ് ഗവ. സ്കൂളില്‍ രണ്ടാം ക്ലാസ്സ്‌  വരെ പഠിച്ചു. ബുദ്ധിക്കു അല്‍പ്പം വളര്‍ച്ചക്കുറവ് ഉണ്ടായിരുന്നു പാരി ചേച്ചിക്ക് .
              രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ മാഷ് പറഞ്ഞു "ഇനി ഭാഗീരഥി സ്കൂളില്‍  വരണമെന്നില്ല, വീട്ടില്‍ ഇരുന്നു പഠിച്ചാല്‍ മതി".  അതോടെ സ്കൂള്‍ വിട്ടു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. പാരിചെച്ചി  വീട്ടില്‍ ഇരുന്നു ഉറക്കെ കൂവുമായിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
            വലുതായപ്പോള്‍ അമ്മുകുട്ടി അമ്മ പാരി ചേച്ചിയുടെ കല്യാണം നടത്തി. തണ്ണീര്‍മുക്കം സ്വദേശി ഒരു ചിന്നപ്പന്‍.  അവരുടെ ദാമ്പത്യം അധികം  നാള്‍ നീണ്ടു പോയില്ല. ചിന്നപ്പന്‍ പാരി ചേച്ചിയെ ഉപേക്ഷിച്ചു പോയി. പിന്നെയും അമ്മയും പാരി ചേച്ചിയും മാത്രമായി വീട്ടില്‍.
           അതിനിടെ പാരി ചേച്ചി ഒരു കുട്ടിയെ പ്രസവിച്ചു. ആണ്‍കുട്ടി. (ആ കുട്ടി കട്ടിലില്‍ നിന്നും താഴെ വീണു മരിച്ചു പോയി എന്ന് ഞാന്‍ അറിയുന്നത് പാരിചെച്ചി  തന്നെ പറഞ്ഞാണ്.)
            കാലം കടന്നു പോയി .ആ കുടുംബത്തിലും സാമ്പത്തിക പ്രശ്നങ്ങള്‍ വന്നു തുടങ്ങി. ഇഷ്ടം പോലെ സ്വത്ത്‌ ഉണ്ടു എങ്കിലും അരി വാങ്ങാന്‍ കൈയില്‍ പൈസ ഇല്ലാത്ത അവസ്ഥ. അരി വാങ്ങാനുള്ള കാശിനായി അമ്മുകുട്ടി അമ്മ സ്ഥലം മറ്റുള്ളവര്‍ക്ക് എഴുതി കൊടുത്തുവത്രെ . വല്ലാത്ത അവസ്ഥ അല്ലെ!!
     എന്‍റെ അപ്പുപ്പന്റ്റെ അകന്ന ബന്ധതിലുള്ളതാണ് ഈ അമ്മുകുട്ടി അമ്മ. അമ്മുകുട്ടി അമ്മയുടെ അവസാന കാലത്ത് അവര്‍ എന്‍റെ വല്യച്ചനോട്  പറഞ്ഞു, അവരുടെ കാലശേഷം പാരി ചേച്ചിയെ ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ട് പോകണമെന്ന്. അധികം താമസിയാതെ അമ്മുകുട്ടി അമ്മ മരിച്ചു പോയി.  അങ്ങനെ 1980ല്‍ പാരിചെച്ചി   ഞങ്ങളുടെ കുടുംബത്തില്‍ എത്തി. അന്ന് അവരുടെ പ്രായം 50 വയസ്സ് . അവരുടെ കൈവശം ഉണ്ടായിരുന്ന 2 ഏക്കറോളം സ്ഥലവും ഞങ്ങള്‍ക്ക് കിട്ടി.
        1981 ല്‍  എന്‍റെ അച്ഛന്‍ കല്യാണം കഴിഞ്ഞു പുതിയ വീട് വെച്ച് മാറിയപ്പോള്‍ അമ്മക്ക് സഹായിയായ് പാരി ചേച്ചിയെ വീട്ടില്‍ കൊണ്ട് വന്നു. അന്ന് മുതല്‍ മരിക്കുന്നത് വരെ എന്‍റെ വീട്ടിലെ ഒരു അംഗം ആയിരുന്നു പാരി ചേച്ചി. കുട്ടിക്കാലത്ത് പാരി ചേച്ചി എന്നെ എടുത്തു കൊണ്ട് നടന്നിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
             പണ്ട് സ്ഥലം വാങ്ങിയവര്‍ ഇടയ്ക്കു വീട്ടില്‍ വന്നു പാരി ചേച്ചിയെ ആധാരത്തില്‍ ഒപ്പ് ഇടീക്കാന്‍  കൊണ്ട് പോകുമായിരുന്നു. "ശ്രീ "  എന്നാണ് പാരി ചേച്ചി ഒപ്പ് ഇടുന്നത്.
             എന്‍റെ അമ്മക്ക് വല്യ സഹായി ആയിരുന്നു പാരിചേച്ചി. അരിവെച്ചും മീന്‍ വെട്ടിയും ഉള്ളി പോളിച്ചുകൊടുതും ഒക്കെ അമ്മയെ സഹായിച്ചിരുന്നു.   ഇടയ്ക്കിടയ്ക്ക് ചെല്ലപ്പന്റ്റെ കടയിലും ഇഡ്ഡലി തമ്പാന്റ്റെ  കടയിലും ഒക്കെ പോയി സാധനം വാങ്ങിച്ചിരുന്നു.

             ഇടയ്ക്ക് എപ്പോഴോ വല്യച്ഛന്റെ വീട്ടിലെ "ജമ്പു" എന്ന പട്ടി പാരി ചേച്ചിയെ കടിച്ചു. അതോടെ അവരെ വീട്ടില്‍ നിന്നും അധികം ദൂരെ ഒന്നും വിടാതായി. 

           കോളനിയിലെ സരസമ്മ, പൊന്നമ്മ എന്നിവരെ പാരി ചേച്ചിക്ക് കണ്ണിനു കണ്ടുടായിരുന്നു . കാരണം അവര്‍ വീട്ടിലെ വിറകു വാങ്ങാന്‍ വരുമായിരുന്നു. വീട്ടിലെ വിറകു മുഴുവന്‍ സൂക്ഷിക്കുന്നത് പാരി ചേച്ചി ആയിരുന്നു.  വീട്ടിലെ എല്ലാ കാര്യത്തിലും അവരുടെ കണ്ണെത്തും.  safety pin ആണ്  ഏറ്റവും ഇഷ്ടപെട്ട സാധനം . എന്താണെന്നറിയില്ല .
       ഞാന്‍ സ്കൂളില്‍ നിന്നോ കോളേജ് ല്‍ നിന്നോ വരാന്‍ വൈകിയാല്‍ പാരിചെച്ചി വല്യ പ്രശ്നമാക്കും. ഞാന്‍ വരുന്നതും നോക്കി വീടിന്‍റെ പടിക്കല്‍ കാത്തു നില്‍ക്കും.

      ഞാന്‍ Banglore ല്‍ ജോലിക്ക് പോകാന്‍ പോവുകയാണെന്ന് അമ്മ ഇടയ്ക്കു പറയുമ്പോള്‍. " വാന്ഗ്ലൂര്‍ ഒന്നും പോവണ്ട ചേര്‍ത്തലയില്‍ പോയാല്‍ മതി " എന്ന് പറയുമായിരുന്നു. 
               വിഷു  കൈനീട്ടം കിട്ടുന്ന രൂപ മുഴുവന്‍ എനിക്കായി മാറ്റിവെക്കുമായിരുന്നു അവര്‍.

         1999 - 2000 ഒക്കെ അയപ്പോലെക്കും അവര്‍ ശരിരികമായി  ആകെ തളര്‍ന്നിരുന്നു. രക്ത കുറവ് കാരണം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി . ഞാന്‍ ആദ്യമായും അവസാനമായും രക്തം കൊടുത്തത് പാരി ചേച്ചിക്ക് ആണ്. പണിക്കാരി പാറു അവരോടു തന്നെ ചോദിച്ചു, ഈ കര്‍ക്കിടകം കഴിയുമോ എന്ന്.  2003 ല്‍ എനിക്കും അമ്മയ്ക്കും അച്ഛനും chicken pox വന്നപ്പോള്‍ ഭാഗ്യത്തിന് പാരി ചേച്ചിക്ക് മാത്രം വന്നില്ല. അല്ലയിരുന്നെകില്‍  അതോടെ തീര്‍ന്നേനെ എല്ലാം.
              2006 ല്‍  എനിക്ക് ജോലി കിട്ടിയപ്പോള്‍ ആദ്യ ശമ്പളം കൊണ്ട് പാരി ചേച്ചിക്ക് 10 രൂപ ക്ക്  safety pin വാങ്ങി കൊടുത്തു. അപ്പോള്‍ എന്ത് സന്തോഷമായിരുന്നു എന്നോ .
             2006 പകുതി ആയപ്പോള്‍ തീര്‍ത്തും അവശയായി. ഓഗസ്റ്റ്‌ പകുതി ആയപ്പോള്‍ കിടപ്പിലായി .  അടുത്ത വീട്ടിലെ പങ്കി ചിറ്റ പറഞ്ഞു കൂടിയാല്‍ രണ്ടോ മൂന്നോ ദിവസം എന്ന്.  മൂന്നാം ദിവസം വൈകീട്ട് 6 മണി ആയപ്പോ പങ്കി ചിറ്റ പറഞ്ഞതനുസരിച്ച് അമ്മ വെള്ളം  കൊടുത്തു . അതിനു ശേഷം ഞാനും കൊടുത്തു. ഒരു കവിള്‍ ഇറക്കി. ഞാന്‍ പിന്നെയും വെള്ളം കൊടുത്തു, പക്ഷെ ...
ആരോ വിളിച്ചിട്ട് ഒരു ഡോക്ടര്‍ വന്നു. അയാള്‍ നോക്കീട്ടു പറഞ്ഞു " കഴിഞ്ഞു"

ദഹിപ്പിക്കുന്നതിന് മുന്‍പ് പുതിയ മുണ്ട് ഉടുപ്പിക്കാന്‍ നോക്കിയപ്പോള്‍ മടിയില്‍ കുറെ safety pin കുത്തി വെച്ചിരിക്കുന്നത് കണ്ടു.   അമ്മ പറഞ്ഞതനുസരിച്ച് ആ പിന്‍ മാറ്റാതെ തന്നെ ദഹിപ്പിച്ചു.
ഞാന്‍ ഇന്ന് ചേര്‍ത്തലയില്‍ ഇല്ല, പുറത്താണ് . പാരിചേച്ചി  ഉണ്ടായിരുന്നെകില്‍ ഒരുപക്ഷെ എന്നെ പുറത്തേക്കു വിടില്ലയിരിക്കാം.