തിങ്കളാഴ്‌ച, ഒക്‌ടോബർ 11, 2010

10/10/10, 10:10

                   10/10/10 സമയം  രാവിലെ 10 :09, പെട്ടന്നാണ് ഞാന്‍  ഓര്‍ത്തത്‌  ആ  മാജിക്‌  നമ്പറിനെ പറ്റി. എന്തെങ്കിലും ചെയ്യണമല്ലോ. എന്നും ഓര്‍ത്തിരിക്കാന്‍ പറ്റിയത്.  ശ്ശെ എന്താ ഇപ്പൊ ചെയ്യുക. ഞാന്‍ തലപുകഞ്ഞു ആലോചിച്ചു. നോ ഐഡിയ . ഒന്നും കിട്ടുന്നില്ല. പെട്ടന്ന് ഞാന്‍ കമ്പ്യൂട്ടറിന്റെ വലത്തേ മൂലയിലേക്ക്  നോക്കി, അപ്പോള്‍ സമയം 10:11. ഷിറ്റ് !!
                    ഹാ... ഇനി രണ്ടു ചാന്‍സ് കൂടിയുണ്ടല്ലോ 11/11/11 ഉം  12/12/12 ഉം അപ്പോള്‍ നോക്കാം. അങ്ങനെ ഞാന്‍ വീണ്ടും ജോലിയിലേക്ക് തിരിഞ്ഞു.

ബുധനാഴ്‌ച, ഒക്‌ടോബർ 06, 2010

ഗോതമ്പ് ദോശയും ഉപ്പുമാവും

                വീട്ടിലായിരുന്നപ്പോള്‍ ഞാന്‍ ഗോതമ്പ് ദോശ കഴിക്കാറില്ല  .  ഒട്ടും ഇഷ്ടമല്ലായിരുന്നു. മുന്നില്‍ കൊണ്ടേ വെച്ചാല്‍ ഞാന്‍ കഴിക്കാതെ എണീറ്റ്‌ പോകുമായിരുന്നു.  ഉപ്പുമാവ് ആണെങ്കില്‍ അമ്മയുടെ നിര്‍ബന്ധം സഹിക്കാതെ വരുമ്പോള്‍ കുറച്ചു കഴിച്ചാല്‍ ആയി.
              ഗള്‍ഫില്‍ എത്തിയപ്പോള്‍ കമ്പനി ഭക്ഷണം തരാത്തതിനാല്‍ സ്വയം പാചകമാണ്. ഉണ്ടാക്കാന്‍ അഞ്ചു  മിനിറ്റ് മതിയല്ലോ, അതുകൊണ്ട് രാവിലത്തെ എളുപ്പത്തിനായി ഇപ്പോള്‍ ഉപ്പുമാവും ഗോതമ്പ് ദോശയും ഞാന്‍ തന്നെ ഉണ്ടാക്കി കഴിക്കും.
               എന്‍റെ അഹങ്കാരത്തിന് ദൈവം തന്ന ഏറ്റവും നല്ല ശിക്ഷ. അല്ലേ...

കരിമണിമാല

                  അന്ന് ജയന്‍ ചേട്ടനാണ് അമ്മയുടെ കരിമണി മാലയുമായി ടൌണില്‍ പോയത്. ഞാനും അമ്മയും അച്ഛനും  ജയന്‍ ചേട്ടനെ കാത്തു ഇരിക്കുകയാണ്.
                     ചേട്ടന്‍ വന്നു. അച്ഛന് കുറെ രൂപ കൊടുത്തു. അധികം താമസിക്കാതെ ഞാനും അച്ഛനും കോളേജ് ലേക്ക് പോയി. ഈ രൂപ കൊണ്ട് ഫീസിന്‍റെ ആദ്യ ഇന്‍സ്റ്റോള്‍മെന്‍റ് അടക്കാം. പിന്നീട് കുറെ നാളുകള്‍ കഴിഞ്ഞെങ്കിലും ആ മാല തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അമ്മ ആ മാലയെ കുറിച്ച് ചോദിച്ചിട്ടേയില്ല. നാട്ടിലെ ആ ചെറിയ ജോലി കൊണ്ടൊന്നും മാല പണയത്തില്‍ നിന്നും എടുക്കാന്‍ പറ്റില്ലായിരുന്നു, അത് കൊണ്ട് തന്നെ ഞാനും അതിനെ കുറിച്ച് ഒന്നും മിണ്ടാരില്ലയിരുന്നു. അത് ചിലപ്പോള്‍ വിറ്റു പോയിരിക്കാം.
          പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്‍റെ engagement നു മോതിരം വാങ്ങാന്‍ പോയപ്പോള്‍ അമ്മ അവിടെ കരിമണി മാല ഉണ്ടോ എന്ന് ചോദിക്കുന്നത് കേട്ടു. പക്ഷെ  അവിടെ സ്റ്റോക്ക്‌ ഇല്ലായിരുന്നു.  പിന്നെ അമ്മ ഒരു ചുവന്ന മുത്ത്‌ ഉള്ള മാല വാങ്ങി.
       അടുത്തതവണ ലീവ് നു പോകുമ്പോള്‍ പറ്റുകയാണെങ്കില്‍ ഒരു കരിമണിമാല വാങ്ങണം.

ചൊവ്വാഴ്ച, ഒക്‌ടോബർ 05, 2010

ആടുജീവിതം

ശ്രീ ബെന്യാമിന്‍ എഴുതിയ നോവല്‍. ഞാന്‍ ആദ്യമായി വായിച്ചു തീര്‍ത്ത നോവല്‍ എന്ന ഒരു പ്രത്യേകത കൂടി ഉണ്ടു അതിന്. ഞാന്‍ മുന്‍പ് "ഖസാക്കിന്റെ ഇതിഹാസം " , "വിങ്ങ്സ് ഓഫ് ഫയര്‍ ", " ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം" എന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമം നടത്തി എങ്കിലും പാതിവഴിയില്‍ വെച്ചു  പിന്മാറുകയായിരുന്നു. ഞാനും ഒരു ഗള്‍ഫ്‌ കാരന്‍ ആയതു  കൊണ്ടാണ്  ഈ പുസ്തകം വായിക്കാം എന്ന് വിചാരിച്ചത്. പിന്നെ ബെന്യാമിന്‍ ബഹറിനില്‍ ജോലിചെയ്യുന്ന ഒരാള്‍ കൂടിയാണ്. ഇപ്പോള്‍ ഈ പുസ്തകത്തിന്‌ സാഹിത്യ അക്കാദമി അവാര്‍ഡും കിട്ടി.
                   അബദ്ധത്തില്‍ ആട് മേയ്ക്കല്‍ ജോലി ചെയ്യേണ്ടി വരുകയും പിന്നീട് അവിടെ നിന്ന് ഓടി രക്ഷപെടുകയും ചെയ്ത  ഒരു ആലപ്പുഴക്കാരന്റെ കഥ ആണ്  ഈ പുസ്തകം പറയുന്നത്. ഒരു നടന്ന സംഭവം. പറ്റുമെങ്കില്‍ നിങ്ങളും ഒന്ന് വായിച്ചുനോക്കു. "ആട് ജീവിതം "