ഞായറാഴ്‌ച, ഡിസംബർ 04, 2011

കുഞ്ഞന്‍


                വടക്കേ പറമ്പില്‍ കുറെ നേരമായി ഒരു പൂച്ച കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നു. പോയി നോക്കണമെന്നുണ്ട്. പക്ഷെ എന്നെ കണ്ടാല്‍ അത് പുറകെ പോരും. പൂച്ചയെയും കൊണ്ട് വരുന്ന കണ്ടാല്‍ അമ്മ കണ്ടാല്‍ എന്നെ ഓടിക്കും. എനിക്കാണെങ്കില്‍ അതിനെ തിരിച്ചു കൊണ്ടേ കളയാനും തോന്നില്ല. 
                എന്തായാലും വടക്കേ പറമ്പിലേക്ക് പോവണ്ട എന്ന് തന്നെ വെച്ചു. അമ്മ അടുക്കളയില്‍ നിന്നും ആരോടെന്നില്ലാതെ എന്തൊക്കെയോ പറയുന്നുണ്ട്. "നാശം.. നാട്ടുകാര്‍ക്ക്‌ പൂച്ചയെ കൊണ്ടേ കളയാനുള്ള സ്ഥലമാണോ ഇത് " എന്നൊക്കെ കേള്‍ക്കുന്നുണ്ട്.  
                പൂച്ച കുട്ടിയുടെ കരച്ചില്‍ കൂടി വരുകയാണ്. ഒന്നല്ല രണ്ടെണ്ണമെങ്കിലും കാണും..  എന്തായാലും പേപ്പര്‍ വരാന്‍  ഇനിയും സമയമുണ്ട്, പല്ല് തേക്കുന്നതിനിടയില്‍ ഒന്ന് വടക്കേ പറമ്പില്‍ പോയി നോക്കീട്ടു  വരാമെന്ന് വിചാരിച്ചു. 
                     ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ ഒരു കറുത്ത പൂച്ചകുട്ടിയുടെ കുടലിനായി വഴക്കിടുന്ന രണ്ടു കാക്കകളെ ആണ് കണ്ടത്. എന്നെ കണ്ടപ്പോള്‍ ഒരു മടിയോടെ ആ കാക്കകള്‍ പറന്നു പോയി. ഞാന്‍ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ പേടിച്ചു വിറച്ചിരിക്കുന്ന വേറൊരു പൂച്ചകുട്ടിയെ കണ്ടു. കാണാന്‍ നല്ല രസമുണ്ട്. വെള്ളയില്‍ കറുപ്പ് പുള്ളികള്‍ ഉള്ള , നീല കണ്ണുകള്‍ ഉള്ള  ഒരു പൂച്ചകുട്ടി.
                           ഞാന്‍ അതിനെ എടുക്കാന്‍ കൈ നീട്ടിയെങ്കിലും അത് പുറകോട്ടു നീങ്ങി നീങ്ങി പോകുകയാണ്.  പിന്നെ ഒറ്റകുതിപ്പിന് ഞാന്‍ അതിനെ കൈക്കുള്ളിലാക്കി. എന്തായാലും അതിനെ വീട്ടിലേക്കു കൊണ്ടുപോരമെന്നു  കരുതി. അവിടെ ഇട്ടിട്ടു പോന്നാല്‍ ആ കാക്കകള്‍ ഇതിനെയും കൊല്ലും. 
                                        ഞാന്‍ പൂച്ചകുട്ടിയെയും കൊണ്ട് വരുന്നത് കണ്ടപ്പോഴേ അമ്മ ബഹളം വെച്ചു തുടങ്ങി. "  കൊണ്ടേ കളയെടാ അതിനെ... ഇത് മുറിക്കകതൊക്കെ തൂറും,  വലുതാകുമ്പോള്‍ മീന്‍ കട്ട് തിന്നും, ചിലപ്പോള്‍ പാച്ചു [പട്ടി] ഇതിനെ കടിച്ചു കൊല്ലും " എന്നൊക്കെ അമ്മ പറയുന്നുണ്ട്.   ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ അതിനെ മുറ്റത്ത്‌ വെച്ചു. 
                                          അല്‍പ്പം കഴിഞ്ഞു അമ്മതന്നെ ഒരു ചെറിയ പത്രത്തില്‍ കുറച്ചു പാലുമായി വന്നു. ഞാന്‍ ആ പാല് അതിന്റെ മുന്നില്‍ വെച്ചു. അത് പാലാണെന്നോ,  അത് കുടിക്കാനുള്ളതാണെന്നോ ഒന്നും അതിനു  അറിയത്തില്ലയിരുന്നു .  അപ്പൊ ഞനതിന്റെ തല പിടിച്ചു, വായ പാലില്‍ മുട്ടിച്ചു. അപ്പൊ ചെറുതായി ഒന്ന് നക്കിനോക്കി. പിന്നെ കുറെ സമയമെടുത്ത്‌ കുറച്ചു പാല്‍ കുടിച്ചു.  ആള് ഇപ്പൊ ഒരല്‍പം ഉഷാര്‍ ആയിട്ടുണ്ട്‌.  
                          
                             ഒരു പഴയ തക്കാളി പെട്ടി സംഘടിപിച്ചു അതില്‍ ഒരു ചാക്ക് വിരിച്ചു, അതിനു ബെഡ് റൂം ഉണ്ടാക്കി കൊടുത്തു. എന്നിട്ട് അതിനെ സ്റ്റോര്‍ റൂമില്‍ കൊണ്ടേ വെച്ചു. രാത്രി മുഴുവന്‍ കരഞ്ഞു നടന്നത് കൊണ്ടാവാം അത് പെട്ടന്ന് ഉറങ്ങിപ്പോയ്. 

                           വളര്‍ത്താന്‍ മൌനാനുവാദം കിട്ടിയതോടെ ഇനി ഇവനൊരു പേര് കണ്ടു പിടിക്കണമല്ലോ. പിന്നെ അതായി ചിന്ത. നാരായണേട്ടന്റെ 
 പൂച്ചയെ ആണ് അപ്പൊ ഓര്‍മ്മ വന്നത്. " കുഞ്ഞന്‍ ".  എന്നാല്‍ അതുപോലത്തെ തന്നെ പേരിടാം എന്ന് വിചാരിച്ചു. പേര് കണ്ടു പിടിച്ചു. "കുഞ്ഞാമു " 
 അങ്ങനെ കുഞ്ഞാമു എന്‍റെ വീട്ടിലെ ഒരു അംഗമായി. പിറ്റേന്ന് അടുത്ത വീട്ടിലെ പങ്കി അമ്മുമ്മ അതിനെ എടുത്തു തിരിച്ചും മറിച്ചും നോക്കീട്ടു പറഞ്ഞു "കണ്ടനാ, കുറച്ചു നാള്‍ കഴിഞ്ഞു ഇറങ്ങി പോകും ". കണ്ടന്‍ പൂച്ച വലുതാകുമ്പോള്‍ വീട് വിട്ടു പോകുമത്രേ.
                           കുഞ്ഞമുനെ പാച്ചു കടിച്ചു  കൊല്ലാതിരിക്കാന്‍, അതിനെ പാച്ചുവിനു പരിചയപ്പെടുത്താന്‍ ഞാന്‍ കുറെ ഒക്കെ നോക്കി. പാച്ചുവിന് ആ കുഞ്ഞു കുഞ്ഞാമുനെ കാണുമ്പോള്‍ എന്തോ തമാശ പോലെ വലോക്കെ ആട്ടി കൂടെ കളിയ്ക്കാന്‍ വരും. പക്ഷെ കുഞ്ഞാമു അപ്പോഴേക്കും വലോക്കെ പൊക്കി, നടുവ് വളഞ്ഞു വില്ല് പോലെ ആകും. 
                          കുറച്ചു നാള്‍ കഴിഞ്ഞു കുഞ്ഞാമു എന്ന ആപേര് ലോപിച്ച് കുഞ്ഞന്‍ എന്നായി.  "കുഞ്ഞാ "  എന്ന് ഉറക്കെ വിളിച്ചാല്‍ എവിടെയായാലും അവന്‍ ഓടി വരും. അവനു കളിയ്ക്കാന്‍ ഒരു ഗോലി ഞാന്‍ സംഘടിപ്പിച്ചു. ഉരുണ്ടു പോകുന്ന ഗോലിയുടെ പുറകെ പോയി കളിക്കുന്നത് കാണാന്‍ നല്ല രസം ആയിരുന്നു. 
                          എന്നെ പോലെ തന്നെ നല്ല വികൃതി ആയിട്ടാണ് അവന്‍ വളന്നത്. നമ്മള്‍ നടന്നു പോകുമ്പോള്‍ എവിടെയെങ്കിലും ഒളിച്ചിരിന്നിട്ടു ആ ചിത്രത്തില്‍ കാണുന്ന പോലെ ചാടി കാലിലേക്ക് വീഴുക, മുകളില്‍ എവിടെയെങ്കിലും ഇരിന്നിട്ട്, നമ്മള്‍ നടന്നു പോകുമ്പോള്‍ നമ്മുടെ മേലിലേക്ക് ചാടുക, അങ്ങനെയങ്ങനെ..
                            രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുഞ്ഞന്‍ എന്റെ പുതപ്പിനടിയില്‍ ഉണ്ടാകും. അത് മാത്രമാണ് എനിക്ക് ഇഷ്ടമില്ലയിരുന്നത്.  
                        എന്നും കുഞ്ഞന് അച്ഛന്റെ വക ഒരു അയല കിട്ടുമായിരുന്നു. അതിനാല്‍ മറ്റു പൂച്ചകളെ പ്പോലെ കുഞ്ഞന് മീന്കാരനെ സോപ്പിടെണ്ടി  വന്നിട്ടില്ല. നാട്ടിലെ മറ്റു പൂച്ചകളെല്ലാം മീന്‍കാരന്‍ സുരേന്ദ്രന്റെ സ്പെഷ്യല്‍ കൂവു കേള്‍ക്കുമ്പോള്‍ റോഡിലോട്ടു ഓടുമായിരുന്നു. അപ്പോഴും  കുഞ്ഞന്‍ എന്റെ കട്ടിലിലോ, പേര മരത്തിലോ, വയ്ക്കോല്‍ കൂനയിലോ ഒക്കെ ആയിരിക്കും..
                      എന്നാലും കഷ്ടകാലങ്ങള്‍ കുഞ്ഞന്റെ കൂടെപ്പിറപ്പയിരുന്നു. അടുത്ത വീട്ടിലെ കണ്ടന്‍ പൂച്ചയുടെ കടി കൊണ്ടു, ഒരു മാരുതി വാന്‍ കാലിലൂടെ കയറിയിറങ്ങി. ഒടിഞ്ഞ കാലുമായി ഞൊണ്ടി ഞൊണ്ടി കുറച്ചു  നാള്‍ നടക്കേണ്ടി വന്നു. (പിന്നീട് കാല്‍ നേരെയായി.)
                      കുഞ്ഞന്‍ ഇന്ന് ജീവിചിരിപ്പുണ്ടയിരുന്നെകില്‍ പത്ത് വയസ്സോളം കാണുമായിരുന്നു. അച്ഛന്റെ  വിളികേട്ട് റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ ഒരു ടാറ്റാ സുമോ തട്ടി... 
കുഞ്ഞനെ  എനിക്ക് കിട്ടിയ വടക്കേ പറമ്പില്‍ തന്നെ അവനെ കുഴിച്ചിട്ടു..



  picture courtesy: Google             

വെള്ളിയാഴ്‌ച, ജനുവരി 07, 2011

സ്കൂളിലേക്കുള്ള യാത്ര

                         ഞാനും ജീനും  ഒരുമിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ചിറ്റപ്പന്റെ മൂത്ത മോനാണ് ജീന്‍. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും തന്നെ ഏഴാം ക്ലാസ്സ്‌ വരെ പഠിച്ച സ്കൂള്‍ ആണ് അത് . മതിലകം ലിറ്റില്‍ ഫ്ലവര്‍ യു. പി. സ്കൂള്‍.  രാവിലെ ഒന്‍പതു മണി കഴിയുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി പത്തു മണിയോടെ സ്കൂളില്‍ എത്തും. നടന്നാണ് പോകാറ്. വഴിക്ക് വെച്ചു  രതീഷും രജീഷും കൂടെ കൂടും.
                     വല്ലപ്പോഴുമൊക്കെ പത്തു പൈസ കൊടുത്തു മണികണ്ഠൻ ബസ്സിലും പോകും.
                    സ്കൂള്‍ യുണിഫോം നീല നിക്കറും വെള്ള ഷര്‍ട്ടും ആണെങ്കിലും രതീഷിന്‍റെ ഷര്‍ട്ടില്‍  ഒരുമാതിരിപ്പെട്ട  എല്ലാ കളറും  ഉണ്ടായിരുന്നു. . രണ്ടു ബട്ടന്‍സ് മാത്രമേ ആ ഷര്‍ട്ടില്‍  ഉള്ളു.  ഹുക്കില്ലാത്ത നിക്കര്‍ കെട്ടി വെക്കലാണ്  പതിവ്.  അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് പലതും കാണേണ്ടി വന്നിട്ടുണ്ട്.      
                 പല പല വീടുകള്‍ വഴി കയറി ആണ് സ്കൂളിലേക്കുള്ള യാത്ര.
               ഒരിക്കല്‍ സ്കൂളില്‍ നിന്നും തിരുച്ചു വരുന്ന വഴിക്ക് വല്ലാത്ത ദാഹം തോന്നി, അടുത്തു കണ്ട വീട്ടില്‍ കയറി കുറച്ചു വെള്ളം ചോദിച്ചു. അപ്പോള്‍ അവര്‍ വെള്ളവും അടുത്ത അമ്പലത്തിലെ പായസവും തന്നു. അതില്‍ പിന്നെ എല്ലാവര്‍ക്കും എല്ലാ ദിവസവും ആ വീടിനടുത് എത്തുമ്പോള്‍ വല്ലാത്ത ദാഹമാണ്. പതിവായി അവര്‍ വെള്ളവും പായസവും ഞങ്ങള്‍ക്ക് തന്നു. "വെള്ളം കുടി വീട്" എന്ന് ആ വീടിനു  പേരും ഇട്ടു ഞങ്ങള്‍. ഒരിക്കല്‍ അടുപ്പിച്ചു രണ്ടു ദിവസം പായസം കിട്ടാതായപ്പോള്‍ ഞങ്ങള്‍ അവിടുന്നുള്ള വെള്ളം കുടി നിര്‍ത്തി. പിന്നെ ആ വഴി പോയിട്ടില്ല.
              സ്കൂളിലേക്ക്  അച്ചടക്കത്തോടെ  നല്ല കുട്ടികളായി പോകുന്ന ഞങ്ങള്‍ തിരികെ വരുമ്പോള്‍ വല്യ വഴക്കും അടിയും ഒക്കെ കഴിഞ്ഞാണ് വീട്ടിലെത്തുന്നത്.  "വെള്ളം കുടി വീട്" കഴിഞ്ഞാല്‍ രതീഷും രജീഷും വല്യ അടിയാണ്. പ്രതേകിച്ചു കാരണമൊന്നും വേണ്ട. മിക്ക ദിവസവും ആ ഭാഗത്ത്‌ വെച്ചു പൊരിഞ്ഞ അടിയാണ്. കൂടുതല്‍ കിട്ടുന്നത് രതീഷിനാണ്. ഞാനും ജീനും ഇത് കണ്ടു അവരെ പ്രോത്സാഹിപ്പിക്കും.
            സ്കൂള്‍ വിട്ട് വരുമ്പോള്‍ ഞങ്ങളെ നയിക്കുന്നത് രതീഷ്‌ ആണ്. അവനറിയാം ഏതൊക്കെ വീട്ടില്‍ പേരക്ക, ചാമ്പങ്ങ, കാരക്ക, ചെറി, മാങ്ങാ, കശുമാങ്ങ, അമ്പഴങ്ങ എന്നിവയൊക്കെ ഉള്ളതെന്ന്. അതിനായി ചിലപ്പോള്‍ അര വരെ വെള്ളമുള്ള തോട് പോലും കടന്നാണ് വരവ്.  എന്തായാലും വീടെത്തുമ്പോള്‍ രതീഷിന്‍റെ ബാഗില്‍ പത്തിരുപതു കശുവണ്ടി എങ്കിലും കാണും.
           ഈ കശുവണ്ടി കൊടുത്ത്‌ 25 പൈസയുടെ അച്ചാര്‍, കുഴലൂത്തുകാരന്‍റെ പാലുമിട്ടായി, മദാമ്മ പൂട എന്നിവയൊക്കെ വാങ്ങലയിരുന്നു അവന്‍റെ പണി.   ഹോ!  ആ നാരങ്ങ അച്ചാറിന്റെ  ത്രസിപ്പിക്കുന്ന മണം ഇപ്പോഴും മനസ്സിലുണ്ട്. എന്‍റെ കയില്‍ ഒന്നോ രണ്ടോ രൂപയൊക്കെ ഉണ്ടായിരുന്നെകിലും വീട്ടില്‍ അറിഞ്ഞലാതെ അവസ്ഥ ഓര്‍ത്തു  അച്ചാര്‍ മേടിക്കാന്‍ പേടിയായിരുന്നു. രതീഷിന്‍റെ "മമ്മിക്കു" അങ്ങനത്തെ വല്യ ഫോര്‍മാലിറ്റികളൊന്നും ഇല്ലായിരുന്നു.


ചിത്രത്തിന് കടപ്പാട്: Mr. Google

വ്യാഴാഴ്‌ച, ഡിസംബർ 16, 2010

ഞാന്‍ ഒരു സംഭവാല്ലേ ..

                ഇപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌. എന്നെക്കുറിച്ച് ഞാന്‍ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ എന്ന്. ഞാന്‍ അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. ഒന്നേ ഉള്ളു എങ്കിലും ഉലക്കക്ക് തല്ലാതെ ആണ് എന്നെ വളര്‍ത്തിയത്‌.
                 കുട്ടിക്കാലത്ത് ഒരു ശാസ്ത്രജ്ഞന്‍ ആവണം എന്നായിരുന്നു  ആഗ്രഹം. കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ വിദേശ രാജ്യങ്ങളിലെ അംബാസിടെര്‍ ആവണം എന്നായി  ആഗ്രഹം.    കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ എന്തെങ്കിലുമൊക്കെ ആയി തീര്‍ന്നാല്‍  മതി എന്നായി.  ഇപ്പൊ എഞ്ചിനീയര്‍ ആയി.
                 ജനിച്ചപ്പോള്‍ എനിക്ക്  കറുപ്പു നിറമായിരുന്നു. അച്ഛന്‍റെ സ്വര്‍ണ്ണ മോതിരം  കുറെ ഉരച്ചു തന്നാണ് എന്നെ വെളുപ്പിച്ചതെന്നു  അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
                കുട്ടിക്കാലത്ത് കൂട്ടുകാര്‍ കളിക്കാന്‍ പോകുമ്പോള്‍ ഓരോരോ പരീക്ഷണങ്ങളില്‍ ആയിരുന്നു എന്‍റെ താല്പര്യം .  അമ്മ തലയില്‍ തേക്കാന്‍ ചെമ്പരത്തി താളി ഉണ്ടാക്കുമ്പോള്‍ ഞാന്‍ അതില്‍ തീപ്പെട്ടി ഉരച്ചിടും, ആ കൊഴുത്ത ദ്രാവകം തീ പിടിക്കുമോ എന്നറിയാന്‍. അങ്ങനെയാണെങ്കില്‍ പെട്രോളിന് പകരം ഉപയോഗിക്കാമല്ലോ.
                  ദൂരദര്‍ശനില്‍ ഒട്ടുമാവ് ഉണ്ടാക്കുന്ന രീതി കണ്ടിട്ട് ഞാന്‍ മാവും വഴുതനയും തമ്മില്‍ ക്രാഫ്റ്റ് ചെയ്തു നോക്കി, വഴുതനങ്ങ മാങ്ങാ ഉണ്ടാക്കാന്‍. (പിറ്റേന്ന് മാവിന്‍ തൈയും വഴുതനയും ഉണങ്ങിപ്പോയ്).
കുഞ്ഞു കിരണ്‍ 
                മിശര്‍ ഉറുമ്പിനെ എടുത്തു  ഫ്രീസറില്‍ വയ്ക്കും,  പെട്ടെന്ന് തന്നെ അത് ബോധം കെട്ടു പോകും, പിന്നെ അതിനെ എടുത്തു വെയിലത്ത്‌ വെക്കും, കുറച്ചു വെയില്‍ കൊണ്ട് കഴിയുമ്പോള്‍ അവ എഴുന്നേല്‍ക്കും, പിന്നെ കാണാന്‍ നല്ല രസമാണ്. കള്ളുകുടിയന്‍ മാരെ പോലെ ആടിയാടി നടക്കും, വീഴും പിന്നെയും നടക്കും അങ്ങനങ്ങനെ..  കുറിച്ചു കഴിഞ്ഞു ആള് നല്ല ഉഷാറായി നടന്നു പോകും.  ഇതൊക്കെ കഴിഞ്ഞു കളിയ്ക്കാന്‍ പോകാന്‍ എനിക്ക് സമയം ഇല്ലായിരുന്നു.  
         ആശുപത്രിയില്‍ നിന്ന് കിട്ടിയ സിരിഞ്ചു കൊണ്ട് വാഴയ്ക്ക്  ഇന്‍ജക്ഷന്‍ കൊടുക്കുക ആണ് വേറൊരു പണി. നല്ല പൊക്കമുള്ള മരങ്ങളില്‍ കയറി ചുറ്റും നോക്കികാണാന്‍ വല്യ താല്പര്യമായിരുന്നു എനിക്ക്. പഠിക്കാന്‍ ഇരിക്കുന്നത് പോലും വീട്ടിലെ പേര മരത്തിന്റെ മുകളില്‍ ആയിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍  അടുത്ത വീട്ടിലെ മാവില്‍ നിന്ന് വീണു കൈ ഓടിഞ്ഞതോടെ മരം കയറ്റം നിന്നു.
                    കുറച്ചു കൂടി  വലുതായപ്പോള്‍ രസതന്ത്രം പരീക്ഷിച്ചു തുടെങ്ങി. ഉപ്പു വെള്ളത്തില്‍ സോപ്പുപോടിയും സോടാപ്പോടിയും കലക്കി, എലിമിനറെര്‍ വഴി  എലക്ട്രോളിസിസ് ചെയ്യുക. അങ്ങനെ കുറെ പൊട്ടന്‍ കളികള്‍.
                     ഞങ്ങളുടെ ബന്ധു ഉണ്ണി ചേട്ടന്‍ ഇറാനില്‍ നിന്നും അയച്ച കത്തിലെ 'ആയത്തോള്ള ഖുമെനിയുടെ' വലിയ സ്റ്റാമ്പ്‌ കണ്ടതോടെയാണ് ഞാന്‍ സ്റ്റാമ്പ്‌ ശേഖരണം തുടങ്ങിയത്. പിന്നെ സ്കൂളിലെ ടീച്ചര്‍ക്ക്‌ പോലും ഇറാന്‍  സ്റ്റാമ്പ്‌ കൊടുത്തു വേറെ വാങ്ങിയിരുന്നു.
                ആകാശത്തിലെ നിരയായി നില്‍ക്കുന്ന മൂന്നു നക്ഷത്രങ്ങള്‍ കുട്ടിക്കാലം മുതല്ലേ ഞാന്‍ ശ്രദ്ധിക്കുന്നതാണ്. ഒരിക്കലും പിരിയാത്ത കൂട്ടുകാരെ പോലെ ഇന്നും അവര്‍ അവിടെ തന്നെ ഉണ്ട്. [വേട്ടക്കാരന്റെ ബെല്‍റ്റ്‌ എന്നാണ് അവ അറിയപ്പെടുന്നത്]          
                 ആദ്യമായി ''ഐ ലവ് യു " പറഞ്ഞത് നാലാം ക്ലാസ്സില്‍ വെച്ചു ഷൈനിയോട്. അവള്‍  നാളെ അച്ഛനെ വിളിച്ചു കൊണ്ട് വരും എന്ന് പറഞ്ഞപ്പോള്‍ പിറ്റേ ദിവസം സ്കൂളിലേക്ക് പോകാന്‍ തന്നെ പേടിയായിരുന്നു. ‌
           അന്നും ഇന്നും ഫാനില്ലതെ എനിക്ക് ഇരിക്കാനേ വയ്യായിരുന്നു. സ്ക്കൂളില്‍ ചേര്‍ത്തപ്പോള്‍ അവിടെ ഫാനില്ലേ എന്ന് ടീച്ചറോട്‌ ചോദിച്ചു. ഞാന്‍ ഫാന്‍ ഇല്ലാതെ  ഉറങ്ങിയത് പന്നികുഴി ഹോസ്റ്റലില്‍  വെച്ചു മാത്രമാണ് .
                 പിന്നെ ആഹാരത്തിനെ കുറിച്ച് പറയുകയാണെങ്കില്‍, ചോറിനോട് അധികം  താല്പര്യമില്ല. സാമ്പാര്‍, അവിയേല്‍, മോര്, തൈര് ഇതൊന്നും ഇഷ്ടമല്ലായിരുന്നു. ആകെ ഇഷ്ടമുള്ളത് ''ഫ്രൂട്ട് സലാഡ്". അതിന് "പൂച്ചലാട്" എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്.  അത് വലിയൊരു പത്രത്തില്‍ എപ്പൊഴും ഫ്രിഡ്ജില്‍ ഉണ്ടാകും.   ചേമ്പ്, ചേന, വഴുതനങ്ങ, കാച്ചില്‍, കോവയ്ക്ക എന്നിവയൊന്നും ഇഷ്ടമല്ല. എനിക്ക് ഇഷ്ടമുള്ളത്,  മറ്റു പലര്‍ക്കും  ഇഷ്ടമില്ലാത്ത പാവയ്ക്കാ .[കൈപ്പ്ക്ക].
ഇതൊക്കെ പെട്ടന്നു ഓര്‍മ്മ വന്നത് മാത്രം. ഇനിയും ആലോചിച്ചാല്‍ കുറെ കിട്ടും. ഇത്രയും കേട്ടപ്പോള്‍ എന്ത് തോന്നുന്നു.
ഞാന്‍ ഒരു സംഭവാല്ലേ ..

ബുധനാഴ്‌ച, ഡിസംബർ 01, 2010

മനു നീ എവിടെയാണ്.

                                              മനു നീ എവിടെയാണ്.  16 വര്‍ഷങ്ങളായില്ലേ  നമ്മള്‍ തമ്മില്‍ കണ്ടിട്ട്. ഇങ്ങനെ പിരിയനാണോ നമ്മള്‍ സുഹൃത്തുക്കള്‍ ആയത്. നമ്മുടെ സ്കൂളില്‍ പത്താം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് മൂന്ന് വര്‍ഷം കൂടി ഒരിമിച്ചു പഠിക്കാമായിരുന്നു അല്ലെ.
          ഉച്ചക്ക് സ്കൂളില്‍ ഊണ് സമയത്ത്‍, ഞാന്‍ എന്നും ഓരോ തരം കറികള്‍ നിനക്കായ്‌ വീതിക്കുമ്പോള്‍, നിന്‍റെ പാത്രത്തില്‍ എനിക്ക് തരാന്‍ എന്നും ചെറുപയര്‍  മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലെ. നിനക്ക് മടുത്തു എങ്കിലും എനിക്ക് സ്കൂളിലെ ചെറുപയര്‍ (കഞ്ഞിയും പയറും) ഒരിക്കലും മടുത്തിട്ടില്ല കേട്ടോ.
          നീ ഒരിക്കല്‍ കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ നൂലില്‍ തൂങ്ങി വന്ന ഒരു പുഴു നിന്‍റെ പാത്രത്തില്‍ വീണപ്പോള്‍ അതിനെ എടുത്തു കളഞ്ഞ് ബാക്കി കഞ്ഞി കുടിച്ചത് നിന്‍റെ ഗതികേട് കൊണ്ടാണെന്ന് എനിക്കറിയാം.
          സ്ക്കൂളില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ കൂടെ നിര്‍ത്തിയിട്ടും, പൊക്കം കുറവാണെന്ന് പറഞ്ഞു നിന്നെ ഫോടോഗ്രാഫെര്‍ നിലത്തു ഇരുത്തിയത് നീ ഓര്‍ക്കുന്നില്ലേ .  
          നിനക്ക് അന്ന് ഞങ്ങളെക്കാള്‍ പൊക്കം കുറവായത് കൊണ്ടല്ലേ, ഞങ്ങള്‍ നിന്നെ "ഉണ്ട മനു" എന്ന് വിളിച്ചു കളിയാക്കിയിരുന്നത്.  എങ്ങനാ ഇപ്പൊ നീ ഉയരം വെച്ചോ. ആറാം ക്ലാസ്സിലെയും എഴാം ക്ലാസ്സിലെയും ഒക്കെ ഫോട്ടോ കുറെ നാള്‍ ഞാന്‍ സുക്ഷിച്ചു വെച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അവ തമ്മില്‍ ഒട്ടി, ഒന്നും കാണാന്‍ പറ്റാത്ത രീതിയില്‍ ആണ്.
        ഒരിക്കല്‍ നമ്മള്‍ സ്ക്കൂള്‍ മൈതാനത്തിന്റെ  സൈഡിലുള്ള പാറക്കല്ലുകള്‍ എടുത്തു മാറ്റികൊണ്ടിരുന്നപ്പോള്‍, എന്‍റെ കൈ വഴുതി നിന്‍റെ കാലില്‍ കല്ല്‌ വീണത്‌ നീ ഓര്‍ക്കുന്നില്ലേ. അന്ന് ടീച്ചര്‍ ചോദിച്ചിട്ടും എന്‍റെ പേര് പറയാതെ എന്നെ തല്ലില്‍ നിന്നും നീ രക്ഷിച്ചു. നിന്‍റെ ഇടത്തേ കാലില്‍ സ്ടിച് ഇട്ട പാടുകള്‍ ഇപ്പോഴുമുണ്ടോ?
                 നിന്നെ കുറിച്ച് ഞാന്‍ ഓര്‍കുട്ടിലെ നമ്മുടെ പഴയ കൂട്ടുകാരോടൊക്കെ അന്വേഷിച്ചു. അവര്‍ക്കാര്‍ക്കും നിന്നെ കുറിച്ച് യാതൊരു വിവരവുമില്ല. നീ ഓര്‍കുട്ടിലോന്നും  ഇല്ല അല്ലെ.
              ഞാന്‍ കഴിഞ്ഞ തവണ ലീവിന് വന്നപ്പോ, നിന്‍റെ ലക്ഷം വീട് കോളനി നിന്നിരുന്ന ഭാഗത്ത്‌ വന്നിരുന്നു. നിന്‍റെ ഓല മേഞ്ഞ വീടിരുന്ന സ്ഥലത്തിനടുത്ത് ഇപ്പൊ ഒരു ഹോട്ടല്‍ ആണല്ലേ.
നീ ഈ ബ്ലോഗുലകത്തില്‍ എവിടെയെങ്കിലും ഉണ്ടോ?. ഉണ്ടെങ്കില്‍ മറുപടി അയക്കില്ലേ. 
       
               മനു നീ എവിടെയാണ്.
             
              നീ ഒരിക്കലെങ്കിലും എന്നെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ ?
         
              നീ എന്നെ മറന്നോ?


                 
            

ശനിയാഴ്‌ച, നവംബർ 20, 2010

എന്‍റെ ലോകം -ബഹ്‌റൈന്‍

                      എന്‍റെ പ്രവാസ  ജിവിതം തുടങ്ങിയിട്ട് ഇന്നേക്ക്  2 വര്‍ഷമാകുന്നു. പണ്ട് ഒരു ജോത്സ്യന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. എനിക്ക് വടക്കോ വടക്ക് പടിഞ്ഞാറോ ദിക്കില്‍ ആയിരിക്കും ജോലി കിട്ടുക എന്ന്.  അതുപോലെ തന്നെ ആയി,  ആദ്യം വടക്കും ഇപ്പോള്‍ വടക്ക് പടിഞ്ഞാറും. 
                  എന്‍റെ സ്കൂള്‍ എന്‍റെ പഞ്ചായത്തിന് പുറത്തായിരുന്നു. ഞാന്‍ ഡിപ്ലോമ പഠിച്ചത് എന്‍റെ താലൂക്കിന് പുറത്താണ്. എഞ്ചിനീയറിംഗ് പഠിച്ചത് എന്‍റെ ജില്ലക്ക് പുറത്താണ്. ഇപ്പൊ ജോലിചെയ്യുന്നത് എന്‍റെ രാജ്യത്തിന്‌ പുറത്തും. എന്താല്ലേ ...
                      എനിക്ക് ഗള്‍ഫ്‌ എന്നാല്‍ ദുബായ് മാത്രമായിരുന്നു. അച്ഛനും അമ്മക്കുംഎന്നെ ഗള്‍ഫ്‌ ലേക്ക് അയക്കാന്‍ താല്പര്യമുണ്ടായിരുന്നു എങ്കിലും, എനിക്ക് വല്യ താല്പര്യം ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായി ഞാന്‍ ഒരു അപ്ലിക്കേഷന്‍ പോലും അയച്ചില്ല. എന്നിട്ടും പ്രവാസത്തിന്റെ രണ്ടു വര്‍ഷങ്ങള്‍  കടന്നു പോയി.
                  ഭൂപടത്തില്‍  വടക്ക് പടിഞ്ഞാറു  എവിടെ എന്ന് നോക്കിയപ്പോള്‍ കണ്ടത്, ഗള്‍ഫും യുറോപ്പുമാണ്. ഒരിക്കല്‍ ഞാന്‍ ഒരു അപ്ലിക്കേഷന്‍ അയച്ചു. ഗള്‍ഫിലെക്കല്ല, ഇന്ഗ്ലെണ്ടിലേക്ക് . ഒരിക്കല്‍ ഇംഗ്ലണ്ട് നിന്നുള്ള ഒരു എഴുത്ത് കിട്ടിയപ്പോള്‍ അച്ഛനും അമ്മയ്ക്കും വല്യ ആകാംഷയായി. ഇന്റര്‍വ്യൂ കാര്‍ഡ്‌ ആണെന്ന് പോസ്റ്റുമാന്‍ പറഞ്ഞപ്പോ ആകാംക്ഷ ഇരട്ടിയായി, പക്ഷെ ഇന്റര്‍വ്യൂനു  എന്നെ സെലക്ട്‌ ചെയ്തിട്ടില്ല എന്നായിരുന്നു ആ കത്തില്‍. അതിനായി അവര്‍ ഇംഗ്ലണ്ട് ല്‍ നിന്നും കത്ത് അയച്ചിരിക്കുന്നു.
                      കുറച്ചു നാള്‍ കഴിഞ്ഞു, അച്ഛന്‍റെ സുഹൃത്ത്‌ കൃഷ്ണേട്ടന്‍ വഴി എനിക്ക് ബഹറിനില്‍ ഒരു അവസരം കിട്ടി. അങ്ങനെ 2008 നവംബര്‍ 20 നു ഞാന്‍ ബഹറിനില്‍ കാലുകുത്തി. നമ്മുടെ രണ്ടോ മൂന്നോ താലൂക്ക് ചേര്‍ന്നാല്‍ ഉള്ള വലിപ്പമേ ഈ കുഞ്ഞന്‍ രാജ്യത്തിന്‌ ഉള്ളു .
              മരുഭുമിയിലും  തണുപ്പുകാലം ഉണ്ടു എന്ന് ഞാന്‍ അറിഞ്ഞത് അപ്പോഴാണ്. പക്ഷെ ടിവിയില്‍ കാണുന്ന പോലെയുള്ള മണലാരണ്യങ്ങള്‍ ഒന്നും ഇവിടെ ഞാന്‍ കണ്ടില്ല.
ഒട്ടകങ്ങളെ വളര്‍ത്തുന്ന സ്ഥലങ്ങള്‍ കണ്ടു, അവ സ്വതന്ത്രമായി നടക്കുന്നത് കണ്ടിട്ടില്ല.
               ബഹ്‌റൈന്‍ എനിക്ക് കുറെ പുതിയ അനുഭവങ്ങള്‍ തന്നു. ആദ്യമായി പിക്ക് അപ്പില്‍ കയറിയത്, ആദ്യമായി മുപ്പത്തി അഞ്ചാം നിലയില്‍ കയറിയത്, ആദ്യമായി ഗ്രില്ലെട് ചിക്കന്‍, പിസ്സ, ബര്‍ഗര്‍, ബ്രോസ്ടെഡ്, ഷവര്‍മ്മ എന്തിനേറെ പറയുന്നു നമ്മുടെ നാന്‍ പോലും കഴിക്കുന്നത് ഇവിടെ വച്ചാണ്.  ആദ്യമായി മാളില്‍ കയറിയത്. ആദ്യമായി ആലിപ്പഴം കാണാനും  ഇവിടെ വരേണ്ടി വന്നു.
               ഇവിടെ വെച്ചു ഒത്തിരി ആളുകളെ  കാണാനും കേള്‍ക്കാനും പറ്റി.  കൊടും ചുടിലും ഏസി ഇടാതെ ഉറങ്ങുന്നവര്‍, കൊടും തണുപ്പത് ഏസി ഇട്ടിരിക്കുന്നവര്‍, ശുദ്ധ സസ്യാഹാരികള്‍, പ്യൂവര്‍ നോണ്‍ വെജുകാര്‍, എന്നും ബ്രോസ്ടെഡ് കഴിക്കുന്നവര്‍, 2 ടിന്‍ പെപ്സി ഒരു സമയം കുടിക്കുന്നവര്‍, തടി കുറക്കാന്‍ തേന്‍ കഴിക്കണമെന്ന് കേട്ടിട്ട് 6 മാസം കഴിച്ചിട്ടും തടി കുറയാത്തവര്‍, രാത്രി 2 മണിക്ക് കാര്‍ട്ടൂണ്‍ കണ്ടു കൈകൊട്ടി ചിരിക്കുന്നവര്‍, ഗൂഗിള്‍ തുറന്നു വെച്ചു എന്ത് സെര്‍ച്ച് ചെയ്യും എന്ന് ആലോചിച്ചിരിക്കുന്നവര്‍. എപ്പൊഴും വണ്ടിനെ പോലെ മുരളുന്നവര്‍, മിറിണ്ട ഒഴിച്ച് ചോറ് ഉണ്ണുന്നവര്‍, അടുത്ത ഫ്ലാറ്റിലെ ലെറ്റര്‍ ബോക്സ്‌ കണ്ടപ്പോ " ഓ ഇത് പോസ്റ്റ്‌ ഓഫീസ് ആയിരുന്നോ " എന്ന് ചോദിച്ചവന്‍. കാസറോള്‍ വാങ്ങാന്‍ പോയിട്ട്  ഫ്രിഡ്ജില്‍ വെക്കാവുന്ന ടൈപ്പ് ഇല്ലാന്ന് പറഞ്ഞു പോന്നവന്‍. അങ്ങനങ്ങനെ എത്ര പേര്‍ .

എനിക്ക് ഇവിടെ നഷടപെട്ടത്‌: അച്ഛന്‍,അമ്മ, പച്ചപ്പ്‌, മഴ, കൂട്ടുകാര്‍, ദീര്‍ഘദൂര യാത്ര, ബന്ധുക്കള്‍, പാച്ചു (എന്‍റെ പട്ടികുട്ടന്‍), ദാ ഇപ്പൊ ഞാന്‍ കെട്ടാന്‍പോണോള്‍.

ഹാ.. എല്ലാം അര ചാണ്‍ വയറിനു വേണ്ടി അല്ലെ. സഹിക്കാം
(ഇപ്പോള്‍ ഒരു ചാണ്‍ വയര്‍). പോക്കറ്റ്‌ വലുതാകുംതോറും വയറും വലുതാകുന്നു. എന്താണെന്നറിയില്ല.
ബഹ്‌റൈന്‍ വിശേഷം ഇനിയും ഒത്തിരി ഉണ്ട്, അത് മറ്റൊരവസരത്തില്‍ പറയാം.

വ്യാഴാഴ്‌ച, നവംബർ 18, 2010

ബ്രൌണ്‍ ഷുഗര്‍ ഇട്ട ചായ

                      ആദ്യമായാണ് ഞാന്‍ ബ്രൌണ്‍ ഷുഗര്‍ ഉപയോഗിക്കുന്നത്. ഇത് ഇവിടെ ഇത്ര  ഈസി ആയി കിട്ടുമെന്ന് ഞാന്‍  കരുതിയതെ ഇല്ല. ഇത് ശരിരത്തിന്  നല്ലതാണെന്നാണ് പറയുന്നത്. നാച്ചുറല്‍ ആണ് യാതൊരു വിധ രാസവസ്തുക്കളും ചെര്‍നിട്ടില്ലത്രേ. വില അല്പം കൂടുതലാണ് എന്നാലും കുഴപ്പമില്ല, നല്ലതിനല്ലേ. ഇന്ന് രാവിലെ ചായ കുടിച്ചത് ബ്രൌണ്‍ ഷുഗര്‍ ഇട്ടിട്ടാണ്. കഴിഞ്ഞ ദിവസം ഒരു മാളില്‍ നിന്നും വാങ്ങിയതാണ്. സഹമുറിയന്‍ സുരേന്ദ്രനും കൊടുത്തു ഒരു ഗ്ലാസ്‌ ചായ.
                            ബ്രൌണ്‍ ഷുഗര്‍, ബ്രൌണ്‍ നിറത്തിലുള്ള പഞ്ചസാര ആണ് കേട്ടോ. ഹി ..ഹി.  നിങ്ങള്‍ എന്ത് വിചാരിച്ചു, മയക്കു മരുന്ന് ആണെന്നോ. അയ്യേ ഞാന്‍ ആ ടൈപ്പേ അല്ല കേട്ടോ.
                                                                                     

ചൊവ്വാഴ്ച, നവംബർ 16, 2010

"അപ്പെടെ പേര് അപ്പ"

              അവധി ദിവസമായിരുന്നതിനാല്‍ ഇന്ന് മാളില്‍ നല്ലതിരക്കുണ്ടായിരുന്നു. ഞാന്‍ സാധനങ്ങള്‍ വാങ്ങുന്നതിനിടെ ഒരു പയ്യന്‍ എന്‍റെ അടുത്തേക്ക് വന്നിട്ട് എന്‍റെ വിരല്‍ പിടിച്ചിട്ടു  പറഞ്ഞു. "അപ്പയേം മംമ്മിയേം കാണാനില്ല " എന്ന്. ഞാന്‍ ഒന്ന് പേടിച്ചു. ഈ വലിയ മാളില്‍ ഈ തിരക്കിനിടെ ഞാന്‍ എവിടുന്നു ഇവന്‍റെ അപ്പയെ കണ്ടു പിടിക്കും. ഇവനാണെങ്കില്‍ ഇപ്പൊ കരയും എന്ന രീതിയില്‍ നിക്കുവാണ്. ഒരു  മൂന്ന് നാലു  വയസ്സ് കാണും. മലയാളി കുട്ടിയാണ്. ഞാന്‍ വിചാരിച്ചു, ഇവന്‍ വല്ല അറബിയുടെയോ പാകിസ്ഥാനിയുടെയോ അടുത്താണ് എത്തിയതെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. രണ്ടു  കൂട്ടര്‍ക്കും ഭാഷ അറിയില്ലല്ലോ. 
                      ഞാന്‍ അവനോടു ചോദിച്ചു. "മോന്‍റെ അപ്പെടെ പേര് എന്താ " എന്ന്. അവന്‍ പറഞ്ഞു "അപ്പെടെ പേര് അപ്പ".
                       ഞാന്‍ വിചാരിച്ചു പണിയായെന്നു. പിന്നെ ഞാന്‍ മമ്മിടെ പേര് ചോദിച്ചു
അവന്‍ പറഞ്ഞു "മമ്മിടെ പേര് മമ്മി"
                        ഇനിയിപ്പോ എന്താ ചെയ്ക. അവന്‍റെ പേര് ചോദിച്ചപ്പോ "ഈവ് " എന്ന് പറയുന്നുണ്ട്.
 അപ്പൊ അവനെ അന്വേഷിച്ചു അവന്‍റെ അപ്പയും മമ്മിയും ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തെത്തി. അവരെ കണ്ടപ്പോ അവന്‍ എന്‍റെ കൈ വിട്ട് ഓടിപ്പോയ്  അപ്പയെ കെട്ടിപിടിച്ചു.  വയനാട്ടില്‍ നിന്നുള്ള ഒരു കുടുംബം ആയിരുന്നു അത്. ഈ പയ്യന്‍റെ പേര് സ്റ്റീവ്.
                 ഈ കുസൃതികുട്ടന്‍ കഴിഞ്ഞ ദിവസംവും അപ്പയേം മമ്മിയേം വെട്ടിച്ചു ഓടിക്കളഞ്ഞു എന്ന് അവര്‍ പറഞ്ഞു. അവനൊരു ടാറ്റാ കൊടുത്തിട്ട് ഞാന്‍ പച്ചക്കറി ഇരിക്കുന്ന സ്ഥലത്തേക്ക് ട്രോളി തള്ളി.