ബുധനാഴ്‌ച, സെപ്റ്റംബർ 01, 2010

പാരി ചേച്ചി

             പാരി ചേച്ചി എന്നാണ് എല്ലാവരും അവരെ വിളിച്ചിരുന്നത്‌ . എന്നെ വല്യ ഇഷ്ടമായിരുന്നു പാരി ചേച്ചിക്ക്. "മാനേ" (മകനെ) എന്നാണ് എന്നെ വിളിച്ചിരുന്നത്‌.   ഞാന്‍ വായില്‍ ഒഴിച്ച് കൊടുത്ത വെള്ളം ഒരു കവിള്‍  കുടിച്ചിട്ടാണ് അവര്‍ മരിക്കുന്നത് .                        ശരിക്കും പേര് ഭാഗീരഥി. ഭാഗീരഥി തമ്പുരാട്ടി എന്നും വേണമെങ്കില്‍ വിളിക്കാം. കാരണം വലിയ ഒരു ജന്മിയുടെ മോളയിട്ടാണ് അവര്‍ ജനിച്ചത്‌. national highway മുതല്‍ എ. സ് കനാല്‍ വരെയുള്ള വലിയൊരു ഭാഗം അവരുടെ ആയിരുന്നുവത്രെ . അമ്മുകുട്ടി അമ്മ എന്നായിരുന്നു അമ്മയുടെ പേര്. അച്ഛന്‍ മരിച്ചതില്‍ പിന്നെ  അമ്മുകുട്ടി അമ്മയും  ഭാഗീരഥിയും ഒറ്റക്കായിരുന്നു താമസം.  പാരിചെച്ചി, അരിപരമ്പ് ഗവ. സ്കൂളില്‍ രണ്ടാം ക്ലാസ്സ്‌  വരെ പഠിച്ചു. ബുദ്ധിക്കു അല്‍പ്പം വളര്‍ച്ചക്കുറവ് ഉണ്ടായിരുന്നു പാരി ചേച്ചിക്ക് .
              രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ മാഷ് പറഞ്ഞു "ഇനി ഭാഗീരഥി സ്കൂളില്‍  വരണമെന്നില്ല, വീട്ടില്‍ ഇരുന്നു പഠിച്ചാല്‍ മതി".  അതോടെ സ്കൂള്‍ വിട്ടു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. പാരിചെച്ചി  വീട്ടില്‍ ഇരുന്നു ഉറക്കെ കൂവുമായിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
            വലുതായപ്പോള്‍ അമ്മുകുട്ടി അമ്മ പാരി ചേച്ചിയുടെ കല്യാണം നടത്തി. തണ്ണീര്‍മുക്കം സ്വദേശി ഒരു ചിന്നപ്പന്‍.  അവരുടെ ദാമ്പത്യം അധികം  നാള്‍ നീണ്ടു പോയില്ല. ചിന്നപ്പന്‍ പാരി ചേച്ചിയെ ഉപേക്ഷിച്ചു പോയി. പിന്നെയും അമ്മയും പാരി ചേച്ചിയും മാത്രമായി വീട്ടില്‍.
           അതിനിടെ പാരി ചേച്ചി ഒരു കുട്ടിയെ പ്രസവിച്ചു. ആണ്‍കുട്ടി. (ആ കുട്ടി കട്ടിലില്‍ നിന്നും താഴെ വീണു മരിച്ചു പോയി എന്ന് ഞാന്‍ അറിയുന്നത് പാരിചെച്ചി  തന്നെ പറഞ്ഞാണ്.)
            കാലം കടന്നു പോയി .ആ കുടുംബത്തിലും സാമ്പത്തിക പ്രശ്നങ്ങള്‍ വന്നു തുടങ്ങി. ഇഷ്ടം പോലെ സ്വത്ത്‌ ഉണ്ടു എങ്കിലും അരി വാങ്ങാന്‍ കൈയില്‍ പൈസ ഇല്ലാത്ത അവസ്ഥ. അരി വാങ്ങാനുള്ള കാശിനായി അമ്മുകുട്ടി അമ്മ സ്ഥലം മറ്റുള്ളവര്‍ക്ക് എഴുതി കൊടുത്തുവത്രെ . വല്ലാത്ത അവസ്ഥ അല്ലെ!!
     എന്‍റെ അപ്പുപ്പന്റ്റെ അകന്ന ബന്ധതിലുള്ളതാണ് ഈ അമ്മുകുട്ടി അമ്മ. അമ്മുകുട്ടി അമ്മയുടെ അവസാന കാലത്ത് അവര്‍ എന്‍റെ വല്യച്ചനോട്  പറഞ്ഞു, അവരുടെ കാലശേഷം പാരി ചേച്ചിയെ ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ട് പോകണമെന്ന്. അധികം താമസിയാതെ അമ്മുകുട്ടി അമ്മ മരിച്ചു പോയി.  അങ്ങനെ 1980ല്‍ പാരിചെച്ചി   ഞങ്ങളുടെ കുടുംബത്തില്‍ എത്തി. അന്ന് അവരുടെ പ്രായം 50 വയസ്സ് . അവരുടെ കൈവശം ഉണ്ടായിരുന്ന 2 ഏക്കറോളം സ്ഥലവും ഞങ്ങള്‍ക്ക് കിട്ടി.
        1981 ല്‍  എന്‍റെ അച്ഛന്‍ കല്യാണം കഴിഞ്ഞു പുതിയ വീട് വെച്ച് മാറിയപ്പോള്‍ അമ്മക്ക് സഹായിയായ് പാരി ചേച്ചിയെ വീട്ടില്‍ കൊണ്ട് വന്നു. അന്ന് മുതല്‍ മരിക്കുന്നത് വരെ എന്‍റെ വീട്ടിലെ ഒരു അംഗം ആയിരുന്നു പാരി ചേച്ചി. കുട്ടിക്കാലത്ത് പാരി ചേച്ചി എന്നെ എടുത്തു കൊണ്ട് നടന്നിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
             പണ്ട് സ്ഥലം വാങ്ങിയവര്‍ ഇടയ്ക്കു വീട്ടില്‍ വന്നു പാരി ചേച്ചിയെ ആധാരത്തില്‍ ഒപ്പ് ഇടീക്കാന്‍  കൊണ്ട് പോകുമായിരുന്നു. "ശ്രീ "  എന്നാണ് പാരി ചേച്ചി ഒപ്പ് ഇടുന്നത്.
             എന്‍റെ അമ്മക്ക് വല്യ സഹായി ആയിരുന്നു പാരിചേച്ചി. അരിവെച്ചും മീന്‍ വെട്ടിയും ഉള്ളി പോളിച്ചുകൊടുതും ഒക്കെ അമ്മയെ സഹായിച്ചിരുന്നു.   ഇടയ്ക്കിടയ്ക്ക് ചെല്ലപ്പന്റ്റെ കടയിലും ഇഡ്ഡലി തമ്പാന്റ്റെ  കടയിലും ഒക്കെ പോയി സാധനം വാങ്ങിച്ചിരുന്നു.

             ഇടയ്ക്ക് എപ്പോഴോ വല്യച്ഛന്റെ വീട്ടിലെ "ജമ്പു" എന്ന പട്ടി പാരി ചേച്ചിയെ കടിച്ചു. അതോടെ അവരെ വീട്ടില്‍ നിന്നും അധികം ദൂരെ ഒന്നും വിടാതായി. 

           കോളനിയിലെ സരസമ്മ, പൊന്നമ്മ എന്നിവരെ പാരി ചേച്ചിക്ക് കണ്ണിനു കണ്ടുടായിരുന്നു . കാരണം അവര്‍ വീട്ടിലെ വിറകു വാങ്ങാന്‍ വരുമായിരുന്നു. വീട്ടിലെ വിറകു മുഴുവന്‍ സൂക്ഷിക്കുന്നത് പാരി ചേച്ചി ആയിരുന്നു.  വീട്ടിലെ എല്ലാ കാര്യത്തിലും അവരുടെ കണ്ണെത്തും.  safety pin ആണ്  ഏറ്റവും ഇഷ്ടപെട്ട സാധനം . എന്താണെന്നറിയില്ല .
       ഞാന്‍ സ്കൂളില്‍ നിന്നോ കോളേജ് ല്‍ നിന്നോ വരാന്‍ വൈകിയാല്‍ പാരിചെച്ചി വല്യ പ്രശ്നമാക്കും. ഞാന്‍ വരുന്നതും നോക്കി വീടിന്‍റെ പടിക്കല്‍ കാത്തു നില്‍ക്കും.

      ഞാന്‍ Banglore ല്‍ ജോലിക്ക് പോകാന്‍ പോവുകയാണെന്ന് അമ്മ ഇടയ്ക്കു പറയുമ്പോള്‍. " വാന്ഗ്ലൂര്‍ ഒന്നും പോവണ്ട ചേര്‍ത്തലയില്‍ പോയാല്‍ മതി " എന്ന് പറയുമായിരുന്നു. 
               വിഷു  കൈനീട്ടം കിട്ടുന്ന രൂപ മുഴുവന്‍ എനിക്കായി മാറ്റിവെക്കുമായിരുന്നു അവര്‍.

         1999 - 2000 ഒക്കെ അയപ്പോലെക്കും അവര്‍ ശരിരികമായി  ആകെ തളര്‍ന്നിരുന്നു. രക്ത കുറവ് കാരണം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി . ഞാന്‍ ആദ്യമായും അവസാനമായും രക്തം കൊടുത്തത് പാരി ചേച്ചിക്ക് ആണ്. പണിക്കാരി പാറു അവരോടു തന്നെ ചോദിച്ചു, ഈ കര്‍ക്കിടകം കഴിയുമോ എന്ന്.  2003 ല്‍ എനിക്കും അമ്മയ്ക്കും അച്ഛനും chicken pox വന്നപ്പോള്‍ ഭാഗ്യത്തിന് പാരി ചേച്ചിക്ക് മാത്രം വന്നില്ല. അല്ലയിരുന്നെകില്‍  അതോടെ തീര്‍ന്നേനെ എല്ലാം.
              2006 ല്‍  എനിക്ക് ജോലി കിട്ടിയപ്പോള്‍ ആദ്യ ശമ്പളം കൊണ്ട് പാരി ചേച്ചിക്ക് 10 രൂപ ക്ക്  safety pin വാങ്ങി കൊടുത്തു. അപ്പോള്‍ എന്ത് സന്തോഷമായിരുന്നു എന്നോ .
             2006 പകുതി ആയപ്പോള്‍ തീര്‍ത്തും അവശയായി. ഓഗസ്റ്റ്‌ പകുതി ആയപ്പോള്‍ കിടപ്പിലായി .  അടുത്ത വീട്ടിലെ പങ്കി ചിറ്റ പറഞ്ഞു കൂടിയാല്‍ രണ്ടോ മൂന്നോ ദിവസം എന്ന്.  മൂന്നാം ദിവസം വൈകീട്ട് 6 മണി ആയപ്പോ പങ്കി ചിറ്റ പറഞ്ഞതനുസരിച്ച് അമ്മ വെള്ളം  കൊടുത്തു . അതിനു ശേഷം ഞാനും കൊടുത്തു. ഒരു കവിള്‍ ഇറക്കി. ഞാന്‍ പിന്നെയും വെള്ളം കൊടുത്തു, പക്ഷെ ...
ആരോ വിളിച്ചിട്ട് ഒരു ഡോക്ടര്‍ വന്നു. അയാള്‍ നോക്കീട്ടു പറഞ്ഞു " കഴിഞ്ഞു"

ദഹിപ്പിക്കുന്നതിന് മുന്‍പ് പുതിയ മുണ്ട് ഉടുപ്പിക്കാന്‍ നോക്കിയപ്പോള്‍ മടിയില്‍ കുറെ safety pin കുത്തി വെച്ചിരിക്കുന്നത് കണ്ടു.   അമ്മ പറഞ്ഞതനുസരിച്ച് ആ പിന്‍ മാറ്റാതെ തന്നെ ദഹിപ്പിച്ചു.
ഞാന്‍ ഇന്ന് ചേര്‍ത്തലയില്‍ ഇല്ല, പുറത്താണ് . പാരിചേച്ചി  ഉണ്ടായിരുന്നെകില്‍ ഒരുപക്ഷെ എന്നെ പുറത്തേക്കു വിടില്ലയിരിക്കാം.


               


 

2 അഭിപ്രായങ്ങൾ: