വെള്ളിയാഴ്‌ച, ജനുവരി 07, 2011

സ്കൂളിലേക്കുള്ള യാത്ര

                         ഞാനും ജീനും  ഒരുമിച്ചാണ് സ്കൂളില്‍ പോയിരുന്നത്. ചിറ്റപ്പന്റെ മൂത്ത മോനാണ് ജീന്‍. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും തന്നെ ഏഴാം ക്ലാസ്സ്‌ വരെ പഠിച്ച സ്കൂള്‍ ആണ് അത് . മതിലകം ലിറ്റില്‍ ഫ്ലവര്‍ യു. പി. സ്കൂള്‍.  രാവിലെ ഒന്‍പതു മണി കഴിയുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി പത്തു മണിയോടെ സ്കൂളില്‍ എത്തും. നടന്നാണ് പോകാറ്. വഴിക്ക് വെച്ചു  രതീഷും രജീഷും കൂടെ കൂടും.
                     വല്ലപ്പോഴുമൊക്കെ പത്തു പൈസ കൊടുത്തു മണികണ്ഠൻ ബസ്സിലും പോകും.
                    സ്കൂള്‍ യുണിഫോം നീല നിക്കറും വെള്ള ഷര്‍ട്ടും ആണെങ്കിലും രതീഷിന്‍റെ ഷര്‍ട്ടില്‍  ഒരുമാതിരിപ്പെട്ട  എല്ലാ കളറും  ഉണ്ടായിരുന്നു. . രണ്ടു ബട്ടന്‍സ് മാത്രമേ ആ ഷര്‍ട്ടില്‍  ഉള്ളു.  ഹുക്കില്ലാത്ത നിക്കര്‍ കെട്ടി വെക്കലാണ്  പതിവ്.  അതിനാല്‍ തന്നെ ഞങ്ങള്‍ക്ക് പലതും കാണേണ്ടി വന്നിട്ടുണ്ട്.      
                 പല പല വീടുകള്‍ വഴി കയറി ആണ് സ്കൂളിലേക്കുള്ള യാത്ര.
               ഒരിക്കല്‍ സ്കൂളില്‍ നിന്നും തിരുച്ചു വരുന്ന വഴിക്ക് വല്ലാത്ത ദാഹം തോന്നി, അടുത്തു കണ്ട വീട്ടില്‍ കയറി കുറച്ചു വെള്ളം ചോദിച്ചു. അപ്പോള്‍ അവര്‍ വെള്ളവും അടുത്ത അമ്പലത്തിലെ പായസവും തന്നു. അതില്‍ പിന്നെ എല്ലാവര്‍ക്കും എല്ലാ ദിവസവും ആ വീടിനടുത് എത്തുമ്പോള്‍ വല്ലാത്ത ദാഹമാണ്. പതിവായി അവര്‍ വെള്ളവും പായസവും ഞങ്ങള്‍ക്ക് തന്നു. "വെള്ളം കുടി വീട്" എന്ന് ആ വീടിനു  പേരും ഇട്ടു ഞങ്ങള്‍. ഒരിക്കല്‍ അടുപ്പിച്ചു രണ്ടു ദിവസം പായസം കിട്ടാതായപ്പോള്‍ ഞങ്ങള്‍ അവിടുന്നുള്ള വെള്ളം കുടി നിര്‍ത്തി. പിന്നെ ആ വഴി പോയിട്ടില്ല.
              സ്കൂളിലേക്ക്  അച്ചടക്കത്തോടെ  നല്ല കുട്ടികളായി പോകുന്ന ഞങ്ങള്‍ തിരികെ വരുമ്പോള്‍ വല്യ വഴക്കും അടിയും ഒക്കെ കഴിഞ്ഞാണ് വീട്ടിലെത്തുന്നത്.  "വെള്ളം കുടി വീട്" കഴിഞ്ഞാല്‍ രതീഷും രജീഷും വല്യ അടിയാണ്. പ്രതേകിച്ചു കാരണമൊന്നും വേണ്ട. മിക്ക ദിവസവും ആ ഭാഗത്ത്‌ വെച്ചു പൊരിഞ്ഞ അടിയാണ്. കൂടുതല്‍ കിട്ടുന്നത് രതീഷിനാണ്. ഞാനും ജീനും ഇത് കണ്ടു അവരെ പ്രോത്സാഹിപ്പിക്കും.
            സ്കൂള്‍ വിട്ട് വരുമ്പോള്‍ ഞങ്ങളെ നയിക്കുന്നത് രതീഷ്‌ ആണ്. അവനറിയാം ഏതൊക്കെ വീട്ടില്‍ പേരക്ക, ചാമ്പങ്ങ, കാരക്ക, ചെറി, മാങ്ങാ, കശുമാങ്ങ, അമ്പഴങ്ങ എന്നിവയൊക്കെ ഉള്ളതെന്ന്. അതിനായി ചിലപ്പോള്‍ അര വരെ വെള്ളമുള്ള തോട് പോലും കടന്നാണ് വരവ്.  എന്തായാലും വീടെത്തുമ്പോള്‍ രതീഷിന്‍റെ ബാഗില്‍ പത്തിരുപതു കശുവണ്ടി എങ്കിലും കാണും.
           ഈ കശുവണ്ടി കൊടുത്ത്‌ 25 പൈസയുടെ അച്ചാര്‍, കുഴലൂത്തുകാരന്‍റെ പാലുമിട്ടായി, മദാമ്മ പൂട എന്നിവയൊക്കെ വാങ്ങലയിരുന്നു അവന്‍റെ പണി.   ഹോ!  ആ നാരങ്ങ അച്ചാറിന്റെ  ത്രസിപ്പിക്കുന്ന മണം ഇപ്പോഴും മനസ്സിലുണ്ട്. എന്‍റെ കയില്‍ ഒന്നോ രണ്ടോ രൂപയൊക്കെ ഉണ്ടായിരുന്നെകിലും വീട്ടില്‍ അറിഞ്ഞലാതെ അവസ്ഥ ഓര്‍ത്തു  അച്ചാര്‍ മേടിക്കാന്‍ പേടിയായിരുന്നു. രതീഷിന്‍റെ "മമ്മിക്കു" അങ്ങനത്തെ വല്യ ഫോര്‍മാലിറ്റികളൊന്നും ഇല്ലായിരുന്നു.


ചിത്രത്തിന് കടപ്പാട്: Mr. Google