ഞായറാഴ്‌ച, സെപ്റ്റംബർ 19, 2010

നാരായണേട്ടന്‍

       ഇനി നാരായണേട്ടനെ കുറിച്ച് പറയാം. കോട്ടയത്തെ ഞങ്ങളുടെ കോളേജ് ഹോസ്ടലിലെ കുക്ക് ആയിരുന്നു നാരായണേട്ടന്‍. പട്ടാളത്തിലായിരുന്നു നേരത്തെ.
       ഹോസ്റ്റല്‍ പണിയുന്നതിനു മുന്‍പ് ഞങ്ങള്‍ വീടുകള്‍ വടക്കെടുതാണ് താമസ്സിച്ചിരുന്നത്.  കോളേജ് ന്‍റെ തന്നെ രണ്ടര കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഹോസ്റ്റലില്‍ നിന്നാണ് നാരായണേട്ടന്‍ ഞങ്ങളുടെ വീട്ടിലേക്കു വരുന്നത്. നാരായണേട്ടന്‍ വന്ന ഓട്ടോയില്‍ നിന്ന് ആദ്യം ഇറങ്ങിയത്‌ ഒരു പൂച്ച. പുള്ളിക്കാരന്‍ കിടക്കയും പെട്ടിയും എല്ലാം ഇറക്കി വെച്ചു. അപ്പോളതാ  ഒരു പട്ടി ഓടികിതച്ചു വരുന്നു. ഓട്ടോയില്‍ സ്ഥലം ഇല്ലാത്തതു കൊണ്ട് രണ്ടര കിലോമീറ്റര്‍ ഓട്ടോയുടെ പിറകെ ഓടിവരുകയാണ് ആ പട്ടി.
       നാരായണേട്ടന്‍ പറഞ്ഞു. " എന്‍റെ മക്കളാനിവര്‍". പൂച്ചയെ ചുണ്ടികാട്ടി  പുള്ളി പറഞ്ഞു ഇവന്‍ "കുഞ്ഞന്‍"  മറ്റവന്‍ "കുട്ടന്‍". അങ്ങനെ കുട്ടനും കുഞ്ഞനും നാരായണേട്ടനും ഞങ്ങളുടെ വീട്ടില്‍ താമസം തുടങ്ങി. വീടിന്‍റെ പടിഞ്ഞാറെ വരന്തയിലാണ് നാരായണേട്ടന്‍ ഉറങ്ങുന്നത്. കുട്ടനും അടുത്തെവിടെയെങ്കിലും കാണും.
            രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോളാണ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നത്, പുള്ളികാരന്‍ വീട്ടില്‍ നിന്നും ഒളിച്ചു താമസ്സിക്കുവാണ്.  ബ്ലേഡ് കാരെ പേടിച്ച്. പട്ടാളത്തിന്നു  പോന്നപ്പോ രണ്ടു പേരുമായി ചേര്‍ന്ന് ഒരു ബിസിനസ്‌ തുടങ്ങി. ആലപ്പുഴ ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും കടല്‍ മീന്‍ വാങ്ങി കിഴക്കന്‍ നാടുകളില്‍ വില്‍ക്കുക ആയിരുന്നു പ്ലാന്‍.   അതിന്‍റെ ആവിശ്യത്തിനായി കുറച്ചു പണം ബ്ലേഡ് കാരില്‍നിന്നും കടം വാങ്ങി. പക്ഷെ മറ്റേ രണ്ടു പേര്‍ ആ കാശുമായി മുങ്ങി. പിന്നെ ബ്ലേഡ് കാരുടെ ശല്യം കാരണം വീട്ടില്‍ നിന്നും മാറി നിക്കുകയാണ്.  പുള്ളിടെ വീട്ടില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രമേയുള്ളൂ ഞങ്ങളുടെ കോളേജ് ലേക്ക്.
    ദിവസവും രാത്രി മദ്യ സേവയുണ്ട് പുള്ളിക്ക്. വെള്ളമടിച്ചിട്ട് വീട്ടിലെ കാര്യം പറഞ്ഞു കരയും. വീട്ടില്‍ ഭാര്യ മാത്രമേയുള്ളൂ . മോളെ കല്യാണം കഴിച്ചു വിട്ടു. ഭാര്യക്ക്‌  ആസ്മ ഉണ്ട്.
    ഹോസ്റ്റലില്‍ മീന്‍ വാങ്ങിയാല്‍  ആദ്യം അതില്‍ ഓരോന്ന്  കുഞ്ഞനും കുട്ടനും കൊടുക്കും. പിന്നെ ബാക്കിയുള്ളതിന്റെ  തലയും കുടലുമെല്ലാം. പട്ടിയും പൂച്ചയും ആണെങ്കിലും കുട്ടനും കുഞ്ഞനും തമ്മില്‍ ഒരു വഴക്കുമില്ല.  എല്ലാ ദിവസവും വൈകീട്ട് നാരായണേട്ടന്‍ കുട്ടന്‍ ന്‍റെയും കുഞ്ഞന്‍ ന്‍റെയും ഒപ്പം കളിക്കുന്നത്  കാണാം.
        നല്ല കൈപ്പുണ്യമാണ് നാരായണേട്ടന്. വെജും നോണ്‍ വെജും എല്ലാം നന്നായി വെക്കും.  അത് കൊണ്ട് കുഞ്ഞന്‍ ന്‍റെയും  കുട്ടന്‍ ന്‍റെയും  കാര്യത്തില്‍ ആരും പുള്ളിയോട് ഉടക്കാറില്ല.
     ഒരിക്കല്‍ വീട്ടില്‍ നിന്നും അടുത്ത കടയിലേക്ക് ഫോണ്‍ വന്നു, ഭാര്യക്ക്‌ ആസ്മ കൂടുതലാണ് എന്ന്. ആ കാരണത്താല്‍ ഒരു കുപ്പി  മുഴുവന്‍ തീര്‍ത്തിട്ട് പടിഞ്ഞാറെ വരാന്തയില്‍ ഇരുന്നു കരയുന്നുണ്ടായിരുന്നു.
   ഒരു ദിവസം  രാത്രി പടിഞ്ഞാറെ വരാന്തയില്‍ കാലും നീട്ടിയിരുന്നു പട്ടാള കഥ പറയുകയായിരുന്നു നാരായണേട്ടന്‍. അപ്പൊ കുട്ടന്‍ പതുക്കെ വേച്ചു വേച്ചു നടന്നു വന്നു പുള്ളിടെ കാലിന്‍റെ അടുത്തു കിടന്നു. പിറ്റേന്ന് രാവിലെ നാരായണേട്ടന്‍  "മക്കളേ" എന്ന് ഉറക്കെ വിളിച്ചത് കേട്ടാണ് ഞാന്‍ എണീറ്റത്, ചെന്ന് നോക്കുമ്പോള്‍ പുള്ളിക്കാരന്‍ പടിഞ്ഞാറെ വരാന്തയില്‍ ഇരുന്നു കരയുന്നു. ഞാന്‍ ഓര്‍ത്തു,  രാവിലെ പരിപാടി തുടങ്ങിക്കാണും എന്ന്. അപ്പോള്‍ അയാള്‍ പറയുന്നുണ്ട് "മക്കളേ, കുട്ടന്‍ ചത്ത്‌ പോയെടാ" എന്ന്.  പറമ്പിലെ റബ്ബര്‍ വെട്ടുകാരന്‍ പറഞ്ഞപ്പോളാണ്  അറിയുന്നത്, അടുത്ത വീട്ടുകാര്‍ കുട്ടന് വിഷം കൊടുത്തതാണ്. അവര്‍ രണ്ടു ദിവസം മുന്‍പ് നാരായണനെട്ടനുമായി എന്തോ കാര്യത്തിന് വഴക്കിട്ടിരുന്നു.  ഇത് കേട്ടപ്പോള്‍ നാരായണേട്ടന്‍ വെട്ടുകത്തി എടുത്തു, എന്നിട്ട് ചത്ത പട്ടിയുടെ കാലില്‍ പിടിച്ചു വലിച്ച്, അടുത്ത വീട്ടിലേക്കു പോയി. ഇത് കണ്ടു ഞങ്ങള്‍ എല്ലാവരും പേടിച്ചു പോയി. അങ്ങേര്‍ എന്തെകിലും കടും കൈ കാണിക്കുമോ.
പക്ഷെ നാരായണേട്ടന്‍ പട്ടിയെ അവരുടെ വീടിന്‍റെ മുറ്റത്ത്‌ ഇട്ടിട്ടു തിരിച്ചുപോന്നു.
അന്ന് രാവിലെ നാരായണേട്ടന്‍ ഒന്നും ഉണ്ടാക്കിയില്ല. ഞങ്ങള്‍ ഹോട്ടലില്‍ നിന്നും കഴിക്കേണ്ടി വന്നു.

    കുറച്ചു ദിവസം കഴിഞ്ഞു ഓണം അവധിക്കായി കോളേജ് അടച്ചു. അവധി കഴിഞ്ഞു വന്നപ്പോള്‍ ഞങ്ങളെ സാര്‍ വേറെ ഹോസ്റ്റല്‍ ലേക്ക് മാറ്റി. പിന്നെ ഞാന്‍ നാരായനെട്ടനെയും കുഞ്ഞനെയും കണ്ടിട്ടില്ല. കുറച്ചു നാള്‍ കഴിഞ്ഞു ആരോ പറഞ്ഞ് ഞാന്‍ അറിഞ്ഞു, നാരായണേട്ടന്‍ ജോലി നിര്‍ത്തിപോയി എന്ന്. തൊണ്ടയില്‍ കാന്‍സര്‍ ആണത്രേ. അപ്പൊ ഞാന്‍ ആദ്യം ആലോചിച്ചത് കുഞ്ഞനെ പറ്റിയാണ്. എവിടെ ആയിരിക്കും കുഞ്ഞന്‍. നാരായണേട്ടന്‍ അവനെ കൊണ്ട് പോകാതിരിക്കില്ല.
           പിന്നീട് ആരും നാരായണേട്ടനെ കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല.  ചിലപ്പോ രോഗമെല്ലാം  മാറി, കടമൊക്കെ വീട്ടി, സുഖമായി കഴിയുന്നുണ്ടാകാം. അല്ലെങ്കില്‍ ചിലപ്പോ ....  

തിങ്കളാഴ്‌ച, സെപ്റ്റംബർ 13, 2010

Joy അമ്മുമ്മ

ബഹ്‌റൈന്‍ ലെ ഒരു പച്ചക്കറി കടയില്‍ വെച്ചാണ്‌ ഞങ്ങള്‍ അവരെ കാണുന്നത്. കണ്ടാല്‍ ഒരു 60-65 വയസ്സ് തോന്നും. പര്‍ദ്ദ ആണ് വേഷം. ആകെ ചുക്കി ചുളിഞ്ഞ മുഖത്ത് ഒരു വല്യ കണ്ണാടിയുമുണ്ട്. Hi boys എന്ന് പറഞ്ഞു കൊണ്ട് അവരാണ് ആദ്യം  പരിച്ചയപെട്ടത്‌ ‌. അവര്‍ ഞങ്ങളോട്  പേര്, സ്ഥലം ഒക്കെ ചോദിച്ചു. അതില്‍ സുരേന്ദ്രന്റെ (സുരേന്ദ്രന്റെ ബ്ലോഗ്‌ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )പേര് പരയാന്‍ മാത്രം അവര്‍ കുറച്ചു ബുദ്ധിമുട്ടി.
അവര്‍ സ്വയം പരിചയപ്പെടുത്തി, പേര് ജോയ് . സ്ഥലം Philippines . അപ്പോള്‍ ഞാന്‍ ചോദിച്ചു മുസ്ലിം ആയിട്ടു പേര് ജോയ് എന്നാണോ എന്ന്. അവര്‍ പറഞ്ഞു, അവര്‍ മുസ്ലിം അല്ല  ക്രിസ്ത്യന്‍ ആണെന്ന്. അവര്‍ ഇവിടെ ഒരു അറബിയുടെ വീട്ടിലെ വേലക്കാരി ആണ്.  പുറത്തു പോകുമ്പോള്‍ ഇടാനായി നല്ല ഡ്രസ്സ്‌ ഇല്ലാത്തതു കൊണ്ട് പര്‍ദ്ദ ഇടുന്നതാണെന്ന്. അതാവുമ്പോള്‍ ആരും കാണില്ലല്ലോ.  ജോയ്  ഇവിടെ വന്നിട്ട് 17 വര്‍ഷമായി. ഭര്‍ത്താവു മരിച്ചതില്‍ പിന്നെ വീട്ടിലെ ബുദ്ധിമുട്ട് കാരണം ഇവിടെ ജോലിക്ക് വന്നതാണ്‌ . ഇപ്പോള്‍ 15 വര്‍ഷമായി നാട്ടില്‍ പോയിട്ടേയില്ല.  പോവാന്‍ അറബി മുതലാളി അനുവദിച്ചു കാണില്ലയിരിക്കാം .മക്കള്‍ ഓസ്ട്രേലിയ ല്‍ ആണ്. അങ്ങോട്ട്‌ പോകണം എന്നുണ്ട്‌,  ദൈവം അനുഗ്രഹിച്ചാല്‍.

ഞങ്ങള്‍ ഇടയ്ക്കിടെ അവരെ വഴിയില്‍ വെച്ച് കാണാറുണ്ട്. Hi boys, how are you?. എന്ന് ചോദിക്കും . കഴിഞ്ഞ ദിവസം കണ്ടപ്പോള്‍ വീട്ടിലേക്കു Cash അയച്ചു കൊടുക്കാറില്ലേ എന്ന് ചോദിച്ചു. കൊണ്ട്  തല താഴ്ത്തി പതുക്കെ നടന്നു പോയി.
വല്ലാത്ത ജീവിതം അല്ലേ, 15 വര്‍ഷമായി  മക്കളെയും ബന്ധുക്കാരെയും ഒന്ന് കാണാതെ...

ഇനി അവര്‍ക്ക് ഒരു മടക്കം ഉണ്ടാകുമോ ആവൊ

ബുധനാഴ്‌ച, സെപ്റ്റംബർ 01, 2010

സോമു

           അഞ്ചു ചേച്ചിയുടെ കല്യാണത്തിനാണ് അവനെ ഞാന്‍ ആദ്യമായി  കാണുന്നത്. കുഞ്ഞമ്മാവന്റെ മോനാണ്. അവനെ ആദ്യമായി ഞാന്‍ കാണുമ്പോള്‍ അവനു 8 വയസ്സ്. അത്ര നാളും കുഞ്ഞമ്മാവനും കുടുംബവും അഹമ്മദബാദില്‍ ആയിരുന്നു. 9 വര്‍ഷമായി യാതൊരു contact ഉം ഇല്ലായിരുന്നു.

 സോമു പെട്ടന്ന് തന്നെ എന്നോട് അടുത്തു. മഹാ ബുദ്ധിമാനും അതുപോലെ തന്നെ മഹാ വികൃതിയും ആണ് അവന്‍.  അച്ഛന്‍റെ വീടുകാരെ ആദ്യമായിട്ടാണ് അവന്‍ കാണുന്നത് തന്നെ.
സുരജ് നായര്‍ എന്നാണ് അവന്‍റെ ശരിക്കുള്ള പേര്.
    പിന്നെയാണ് ഞാന്‍ കാര്യങ്ങള്‍ അറിഞ്ഞത്, കുഞ്ഞമ്മാവനും അമ്മായിയും പിണങ്ങിയിരിക്കുകയാണ്‌. കുഞ്ഞമ്മാവനും സോമുവും അഹമ്മദബാദില്‍. അമ്മായി ബാന്ഗ്ലോറില്‍. ഇപ്പോള്‍ കുറെ  നാളയത്രേ. കഷ്ടം സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു അമ്മ വേറെ മാറി താമസിക്കുന്നു.
                          കല്യാണം കൂടിയിട്ടു അവര്‍ തിരിച്ചു പോയി .
കുറച്ചു നാള്‍ കഴിഞ്ഞു ഞാന്‍ അറിഞ്ഞു സോമു വീണ്ടും വരുന്നു എന്ന്. ഇനി അവന്‍ ഇവിടെയാണ് പഠിക്കാന്‍ പോണേ എന്ന്. അവനെ വിളിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോവണം.
                        അങ്ങനെ ഞാന്‍ ആദ്യമായി എയര്‍പോര്‍ട്ടില്‍ പോയി. കൊച്ചിയില്‍. അടുത്തിടെ വിമാനം റാഞ്ചിയത്  കൊണ്ട് ആരെയും എയര്‍പോര്‍ട്ടില്‍  ഉള്ളിലേക്ക് വിടുന്നില്ല.   അവന്‍ വന്നു. ഞങ്ങള്‍ അവനുമായി വീട്ടിലേക്കു പോന്നു.  അവനെ ചേര്‍ത്തലയിലെ പണിക്കവീട്ടില്‍ സ്കൂളില്‍ ചേര്‍ത്തു.
                          മഹാ വികൃതിയായ അവനുമായി എന്നും ഞാന്‍ അടിയായി. ഉറങ്ങുമ്പോള്‍ അവന്‍ എന്‍റെ ചെവിയില്‍ വെള്ളമൊഴിച്ചു. ഞാന്‍ അവന്‍റെ നേരെ പേരക്ക ചവച്ചു തുപ്പി . അങ്ങനെ ആയിരുന്നു, ഞങ്ങള്‍ തമ്മില്‍. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം വരുന്നു...
  അതിനിടെ അമ്മാവനും അമ്മായിയും പിരിയാന്‍   തീരുമാനിച്ചു. 2000 ല്‍ കുഞ്ഞമ്മാവന്‍ സോമു വുമായികോടതിയില്‍ പോയതാണ്, പിന്നെ ഞാന്‍ അവനെ കണ്ടിട്ടില്ല. അവന്‍ അവന്റെ അമ്മയുടെ കൂടെ പോയി എന്നറിഞ്ഞു. കോടതി വിധി അങ്ങനെ ആയിരിക്കും. അറിയില്ല.
            ഞാന്‍ അവനെ കുറിച്ച് പലരോടും അന്വേഷിച്ചു .ആര്‍ക്കും വല്യ ഐഡിയ ഇല്ല . ബാനഗ്ലോര്‍   ആണെന്ന്  ആരോ പറഞ്ഞു. 2006 ല്‍ ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ നെറ്റ് വഴി അവനെ സെര്‍ച്ച്‌ ചെയ്തു നോക്കിത്തുടങ്ങി. ഓര്‍ക്കുട്ട്, hi5 ,WAYN  തുടങ്ങിയ സൈറ്റ് ല്‍  ഒക്കെ ഞാന്‍ അവനെ  അന്വേഷിച്ചു. കിട്ടിയില്ല. 2010 ആയപ്പോള്‍ ജീവന്ചേട്ടന്‍ പറഞ്ഞു. സോമുവിനു ജോലി കിട്ടി എന്ന്. അവന്‍ ജീവന്‍ ചേട്ടന്‍റെ കടയില്‍ വന്നിരുന്നു എന്ന്.  ഇപ്പോള്‍ ബംഗ്ലോരില്‍ ആണ് എന്ന്. അതിനുശേഷം ഞാന്‍ facebook  ല്‍ ഒരു സുരജ് നെ കണ്ടു. 19 വയസ്സ്, ബംഗ്ലോര്‍.  എനിക്ക് ഒരു ഡൌട്ട് തോന്നി. ഞാന്‍ അവന്‍റെ ഫോട്ടോ രാജിക്ക് അയച്ചു കൊടുത്തു. രാജിക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ലായിരുന്നു. ആള് ആകെ മാറിയിട്ടുണ്ട്. പല്ലില്‍ കമ്പി ഇട്ടിട്ടുണ്ട്.
          ഞാന്‍ അവനു friends request അയച്ചു.  അവന്‍ accept ചെയ്തു. ഞാന്‍ അവന്‍റെ ഫോട്ടോ കുഞ്ഞമ്മാവന് അയച്ചു ക്കൊടുത്തു. അമ്മാവന്‍ ഉറപ്പിച്ചു അത് സോമു തന്നെ.  ഞാന്‍ അവനു മെയില്‍ അയച്ചു, മെസ്സേജ് അയച്ചു.പക്ഷെ ഒരു മറുപടിയും ഇല്ല. അവനു എന്നെ മനസിലാകാഞ്ഞിട്ടല്ല, മനസിലായത് കൊണ്ടാവും reply തരാത്തത്.  ഇന്നും ഞാന്‍ മെയില്‍ നോക്കി . അവന്‍റെ ഒരു മെയിലും ഇല്ല.... 

പാരി ചേച്ചി

             പാരി ചേച്ചി എന്നാണ് എല്ലാവരും അവരെ വിളിച്ചിരുന്നത്‌ . എന്നെ വല്യ ഇഷ്ടമായിരുന്നു പാരി ചേച്ചിക്ക്. "മാനേ" (മകനെ) എന്നാണ് എന്നെ വിളിച്ചിരുന്നത്‌.   ഞാന്‍ വായില്‍ ഒഴിച്ച് കൊടുത്ത വെള്ളം ഒരു കവിള്‍  കുടിച്ചിട്ടാണ് അവര്‍ മരിക്കുന്നത് .                        ശരിക്കും പേര് ഭാഗീരഥി. ഭാഗീരഥി തമ്പുരാട്ടി എന്നും വേണമെങ്കില്‍ വിളിക്കാം. കാരണം വലിയ ഒരു ജന്മിയുടെ മോളയിട്ടാണ് അവര്‍ ജനിച്ചത്‌. national highway മുതല്‍ എ. സ് കനാല്‍ വരെയുള്ള വലിയൊരു ഭാഗം അവരുടെ ആയിരുന്നുവത്രെ . അമ്മുകുട്ടി അമ്മ എന്നായിരുന്നു അമ്മയുടെ പേര്. അച്ഛന്‍ മരിച്ചതില്‍ പിന്നെ  അമ്മുകുട്ടി അമ്മയും  ഭാഗീരഥിയും ഒറ്റക്കായിരുന്നു താമസം.  പാരിചെച്ചി, അരിപരമ്പ് ഗവ. സ്കൂളില്‍ രണ്ടാം ക്ലാസ്സ്‌  വരെ പഠിച്ചു. ബുദ്ധിക്കു അല്‍പ്പം വളര്‍ച്ചക്കുറവ് ഉണ്ടായിരുന്നു പാരി ചേച്ചിക്ക് .
              രണ്ടാം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ മാഷ് പറഞ്ഞു "ഇനി ഭാഗീരഥി സ്കൂളില്‍  വരണമെന്നില്ല, വീട്ടില്‍ ഇരുന്നു പഠിച്ചാല്‍ മതി".  അതോടെ സ്കൂള്‍ വിട്ടു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. പാരിചെച്ചി  വീട്ടില്‍ ഇരുന്നു ഉറക്കെ കൂവുമായിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
            വലുതായപ്പോള്‍ അമ്മുകുട്ടി അമ്മ പാരി ചേച്ചിയുടെ കല്യാണം നടത്തി. തണ്ണീര്‍മുക്കം സ്വദേശി ഒരു ചിന്നപ്പന്‍.  അവരുടെ ദാമ്പത്യം അധികം  നാള്‍ നീണ്ടു പോയില്ല. ചിന്നപ്പന്‍ പാരി ചേച്ചിയെ ഉപേക്ഷിച്ചു പോയി. പിന്നെയും അമ്മയും പാരി ചേച്ചിയും മാത്രമായി വീട്ടില്‍.
           അതിനിടെ പാരി ചേച്ചി ഒരു കുട്ടിയെ പ്രസവിച്ചു. ആണ്‍കുട്ടി. (ആ കുട്ടി കട്ടിലില്‍ നിന്നും താഴെ വീണു മരിച്ചു പോയി എന്ന് ഞാന്‍ അറിയുന്നത് പാരിചെച്ചി  തന്നെ പറഞ്ഞാണ്.)
            കാലം കടന്നു പോയി .ആ കുടുംബത്തിലും സാമ്പത്തിക പ്രശ്നങ്ങള്‍ വന്നു തുടങ്ങി. ഇഷ്ടം പോലെ സ്വത്ത്‌ ഉണ്ടു എങ്കിലും അരി വാങ്ങാന്‍ കൈയില്‍ പൈസ ഇല്ലാത്ത അവസ്ഥ. അരി വാങ്ങാനുള്ള കാശിനായി അമ്മുകുട്ടി അമ്മ സ്ഥലം മറ്റുള്ളവര്‍ക്ക് എഴുതി കൊടുത്തുവത്രെ . വല്ലാത്ത അവസ്ഥ അല്ലെ!!
     എന്‍റെ അപ്പുപ്പന്റ്റെ അകന്ന ബന്ധതിലുള്ളതാണ് ഈ അമ്മുകുട്ടി അമ്മ. അമ്മുകുട്ടി അമ്മയുടെ അവസാന കാലത്ത് അവര്‍ എന്‍റെ വല്യച്ചനോട്  പറഞ്ഞു, അവരുടെ കാലശേഷം പാരി ചേച്ചിയെ ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ട് പോകണമെന്ന്. അധികം താമസിയാതെ അമ്മുകുട്ടി അമ്മ മരിച്ചു പോയി.  അങ്ങനെ 1980ല്‍ പാരിചെച്ചി   ഞങ്ങളുടെ കുടുംബത്തില്‍ എത്തി. അന്ന് അവരുടെ പ്രായം 50 വയസ്സ് . അവരുടെ കൈവശം ഉണ്ടായിരുന്ന 2 ഏക്കറോളം സ്ഥലവും ഞങ്ങള്‍ക്ക് കിട്ടി.
        1981 ല്‍  എന്‍റെ അച്ഛന്‍ കല്യാണം കഴിഞ്ഞു പുതിയ വീട് വെച്ച് മാറിയപ്പോള്‍ അമ്മക്ക് സഹായിയായ് പാരി ചേച്ചിയെ വീട്ടില്‍ കൊണ്ട് വന്നു. അന്ന് മുതല്‍ മരിക്കുന്നത് വരെ എന്‍റെ വീട്ടിലെ ഒരു അംഗം ആയിരുന്നു പാരി ചേച്ചി. കുട്ടിക്കാലത്ത് പാരി ചേച്ചി എന്നെ എടുത്തു കൊണ്ട് നടന്നിരുന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
             പണ്ട് സ്ഥലം വാങ്ങിയവര്‍ ഇടയ്ക്കു വീട്ടില്‍ വന്നു പാരി ചേച്ചിയെ ആധാരത്തില്‍ ഒപ്പ് ഇടീക്കാന്‍  കൊണ്ട് പോകുമായിരുന്നു. "ശ്രീ "  എന്നാണ് പാരി ചേച്ചി ഒപ്പ് ഇടുന്നത്.
             എന്‍റെ അമ്മക്ക് വല്യ സഹായി ആയിരുന്നു പാരിചേച്ചി. അരിവെച്ചും മീന്‍ വെട്ടിയും ഉള്ളി പോളിച്ചുകൊടുതും ഒക്കെ അമ്മയെ സഹായിച്ചിരുന്നു.   ഇടയ്ക്കിടയ്ക്ക് ചെല്ലപ്പന്റ്റെ കടയിലും ഇഡ്ഡലി തമ്പാന്റ്റെ  കടയിലും ഒക്കെ പോയി സാധനം വാങ്ങിച്ചിരുന്നു.

             ഇടയ്ക്ക് എപ്പോഴോ വല്യച്ഛന്റെ വീട്ടിലെ "ജമ്പു" എന്ന പട്ടി പാരി ചേച്ചിയെ കടിച്ചു. അതോടെ അവരെ വീട്ടില്‍ നിന്നും അധികം ദൂരെ ഒന്നും വിടാതായി. 

           കോളനിയിലെ സരസമ്മ, പൊന്നമ്മ എന്നിവരെ പാരി ചേച്ചിക്ക് കണ്ണിനു കണ്ടുടായിരുന്നു . കാരണം അവര്‍ വീട്ടിലെ വിറകു വാങ്ങാന്‍ വരുമായിരുന്നു. വീട്ടിലെ വിറകു മുഴുവന്‍ സൂക്ഷിക്കുന്നത് പാരി ചേച്ചി ആയിരുന്നു.  വീട്ടിലെ എല്ലാ കാര്യത്തിലും അവരുടെ കണ്ണെത്തും.  safety pin ആണ്  ഏറ്റവും ഇഷ്ടപെട്ട സാധനം . എന്താണെന്നറിയില്ല .
       ഞാന്‍ സ്കൂളില്‍ നിന്നോ കോളേജ് ല്‍ നിന്നോ വരാന്‍ വൈകിയാല്‍ പാരിചെച്ചി വല്യ പ്രശ്നമാക്കും. ഞാന്‍ വരുന്നതും നോക്കി വീടിന്‍റെ പടിക്കല്‍ കാത്തു നില്‍ക്കും.

      ഞാന്‍ Banglore ല്‍ ജോലിക്ക് പോകാന്‍ പോവുകയാണെന്ന് അമ്മ ഇടയ്ക്കു പറയുമ്പോള്‍. " വാന്ഗ്ലൂര്‍ ഒന്നും പോവണ്ട ചേര്‍ത്തലയില്‍ പോയാല്‍ മതി " എന്ന് പറയുമായിരുന്നു. 
               വിഷു  കൈനീട്ടം കിട്ടുന്ന രൂപ മുഴുവന്‍ എനിക്കായി മാറ്റിവെക്കുമായിരുന്നു അവര്‍.

         1999 - 2000 ഒക്കെ അയപ്പോലെക്കും അവര്‍ ശരിരികമായി  ആകെ തളര്‍ന്നിരുന്നു. രക്ത കുറവ് കാരണം ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആയി . ഞാന്‍ ആദ്യമായും അവസാനമായും രക്തം കൊടുത്തത് പാരി ചേച്ചിക്ക് ആണ്. പണിക്കാരി പാറു അവരോടു തന്നെ ചോദിച്ചു, ഈ കര്‍ക്കിടകം കഴിയുമോ എന്ന്.  2003 ല്‍ എനിക്കും അമ്മയ്ക്കും അച്ഛനും chicken pox വന്നപ്പോള്‍ ഭാഗ്യത്തിന് പാരി ചേച്ചിക്ക് മാത്രം വന്നില്ല. അല്ലയിരുന്നെകില്‍  അതോടെ തീര്‍ന്നേനെ എല്ലാം.
              2006 ല്‍  എനിക്ക് ജോലി കിട്ടിയപ്പോള്‍ ആദ്യ ശമ്പളം കൊണ്ട് പാരി ചേച്ചിക്ക് 10 രൂപ ക്ക്  safety pin വാങ്ങി കൊടുത്തു. അപ്പോള്‍ എന്ത് സന്തോഷമായിരുന്നു എന്നോ .
             2006 പകുതി ആയപ്പോള്‍ തീര്‍ത്തും അവശയായി. ഓഗസ്റ്റ്‌ പകുതി ആയപ്പോള്‍ കിടപ്പിലായി .  അടുത്ത വീട്ടിലെ പങ്കി ചിറ്റ പറഞ്ഞു കൂടിയാല്‍ രണ്ടോ മൂന്നോ ദിവസം എന്ന്.  മൂന്നാം ദിവസം വൈകീട്ട് 6 മണി ആയപ്പോ പങ്കി ചിറ്റ പറഞ്ഞതനുസരിച്ച് അമ്മ വെള്ളം  കൊടുത്തു . അതിനു ശേഷം ഞാനും കൊടുത്തു. ഒരു കവിള്‍ ഇറക്കി. ഞാന്‍ പിന്നെയും വെള്ളം കൊടുത്തു, പക്ഷെ ...
ആരോ വിളിച്ചിട്ട് ഒരു ഡോക്ടര്‍ വന്നു. അയാള്‍ നോക്കീട്ടു പറഞ്ഞു " കഴിഞ്ഞു"

ദഹിപ്പിക്കുന്നതിന് മുന്‍പ് പുതിയ മുണ്ട് ഉടുപ്പിക്കാന്‍ നോക്കിയപ്പോള്‍ മടിയില്‍ കുറെ safety pin കുത്തി വെച്ചിരിക്കുന്നത് കണ്ടു.   അമ്മ പറഞ്ഞതനുസരിച്ച് ആ പിന്‍ മാറ്റാതെ തന്നെ ദഹിപ്പിച്ചു.
ഞാന്‍ ഇന്ന് ചേര്‍ത്തലയില്‍ ഇല്ല, പുറത്താണ് . പാരിചേച്ചി  ഉണ്ടായിരുന്നെകില്‍ ഒരുപക്ഷെ എന്നെ പുറത്തേക്കു വിടില്ലയിരിക്കാം.