ഞായറാഴ്‌ച, ഡിസംബർ 04, 2011

കുഞ്ഞന്‍


                വടക്കേ പറമ്പില്‍ കുറെ നേരമായി ഒരു പൂച്ച കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നു. പോയി നോക്കണമെന്നുണ്ട്. പക്ഷെ എന്നെ കണ്ടാല്‍ അത് പുറകെ പോരും. പൂച്ചയെയും കൊണ്ട് വരുന്ന കണ്ടാല്‍ അമ്മ കണ്ടാല്‍ എന്നെ ഓടിക്കും. എനിക്കാണെങ്കില്‍ അതിനെ തിരിച്ചു കൊണ്ടേ കളയാനും തോന്നില്ല. 
                എന്തായാലും വടക്കേ പറമ്പിലേക്ക് പോവണ്ട എന്ന് തന്നെ വെച്ചു. അമ്മ അടുക്കളയില്‍ നിന്നും ആരോടെന്നില്ലാതെ എന്തൊക്കെയോ പറയുന്നുണ്ട്. "നാശം.. നാട്ടുകാര്‍ക്ക്‌ പൂച്ചയെ കൊണ്ടേ കളയാനുള്ള സ്ഥലമാണോ ഇത് " എന്നൊക്കെ കേള്‍ക്കുന്നുണ്ട്.  
                പൂച്ച കുട്ടിയുടെ കരച്ചില്‍ കൂടി വരുകയാണ്. ഒന്നല്ല രണ്ടെണ്ണമെങ്കിലും കാണും..  എന്തായാലും പേപ്പര്‍ വരാന്‍  ഇനിയും സമയമുണ്ട്, പല്ല് തേക്കുന്നതിനിടയില്‍ ഒന്ന് വടക്കേ പറമ്പില്‍ പോയി നോക്കീട്ടു  വരാമെന്ന് വിചാരിച്ചു. 
                     ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ ഒരു കറുത്ത പൂച്ചകുട്ടിയുടെ കുടലിനായി വഴക്കിടുന്ന രണ്ടു കാക്കകളെ ആണ് കണ്ടത്. എന്നെ കണ്ടപ്പോള്‍ ഒരു മടിയോടെ ആ കാക്കകള്‍ പറന്നു പോയി. ഞാന്‍ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ പേടിച്ചു വിറച്ചിരിക്കുന്ന വേറൊരു പൂച്ചകുട്ടിയെ കണ്ടു. കാണാന്‍ നല്ല രസമുണ്ട്. വെള്ളയില്‍ കറുപ്പ് പുള്ളികള്‍ ഉള്ള , നീല കണ്ണുകള്‍ ഉള്ള  ഒരു പൂച്ചകുട്ടി.
                           ഞാന്‍ അതിനെ എടുക്കാന്‍ കൈ നീട്ടിയെങ്കിലും അത് പുറകോട്ടു നീങ്ങി നീങ്ങി പോകുകയാണ്.  പിന്നെ ഒറ്റകുതിപ്പിന് ഞാന്‍ അതിനെ കൈക്കുള്ളിലാക്കി. എന്തായാലും അതിനെ വീട്ടിലേക്കു കൊണ്ടുപോരമെന്നു  കരുതി. അവിടെ ഇട്ടിട്ടു പോന്നാല്‍ ആ കാക്കകള്‍ ഇതിനെയും കൊല്ലും. 
                                        ഞാന്‍ പൂച്ചകുട്ടിയെയും കൊണ്ട് വരുന്നത് കണ്ടപ്പോഴേ അമ്മ ബഹളം വെച്ചു തുടങ്ങി. "  കൊണ്ടേ കളയെടാ അതിനെ... ഇത് മുറിക്കകതൊക്കെ തൂറും,  വലുതാകുമ്പോള്‍ മീന്‍ കട്ട് തിന്നും, ചിലപ്പോള്‍ പാച്ചു [പട്ടി] ഇതിനെ കടിച്ചു കൊല്ലും " എന്നൊക്കെ അമ്മ പറയുന്നുണ്ട്.   ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെ അതിനെ മുറ്റത്ത്‌ വെച്ചു. 
                                          അല്‍പ്പം കഴിഞ്ഞു അമ്മതന്നെ ഒരു ചെറിയ പത്രത്തില്‍ കുറച്ചു പാലുമായി വന്നു. ഞാന്‍ ആ പാല് അതിന്റെ മുന്നില്‍ വെച്ചു. അത് പാലാണെന്നോ,  അത് കുടിക്കാനുള്ളതാണെന്നോ ഒന്നും അതിനു  അറിയത്തില്ലയിരുന്നു .  അപ്പൊ ഞനതിന്റെ തല പിടിച്ചു, വായ പാലില്‍ മുട്ടിച്ചു. അപ്പൊ ചെറുതായി ഒന്ന് നക്കിനോക്കി. പിന്നെ കുറെ സമയമെടുത്ത്‌ കുറച്ചു പാല്‍ കുടിച്ചു.  ആള് ഇപ്പൊ ഒരല്‍പം ഉഷാര്‍ ആയിട്ടുണ്ട്‌.  
                          
                             ഒരു പഴയ തക്കാളി പെട്ടി സംഘടിപിച്ചു അതില്‍ ഒരു ചാക്ക് വിരിച്ചു, അതിനു ബെഡ് റൂം ഉണ്ടാക്കി കൊടുത്തു. എന്നിട്ട് അതിനെ സ്റ്റോര്‍ റൂമില്‍ കൊണ്ടേ വെച്ചു. രാത്രി മുഴുവന്‍ കരഞ്ഞു നടന്നത് കൊണ്ടാവാം അത് പെട്ടന്ന് ഉറങ്ങിപ്പോയ്. 

                           വളര്‍ത്താന്‍ മൌനാനുവാദം കിട്ടിയതോടെ ഇനി ഇവനൊരു പേര് കണ്ടു പിടിക്കണമല്ലോ. പിന്നെ അതായി ചിന്ത. നാരായണേട്ടന്റെ 
 പൂച്ചയെ ആണ് അപ്പൊ ഓര്‍മ്മ വന്നത്. " കുഞ്ഞന്‍ ".  എന്നാല്‍ അതുപോലത്തെ തന്നെ പേരിടാം എന്ന് വിചാരിച്ചു. പേര് കണ്ടു പിടിച്ചു. "കുഞ്ഞാമു " 
 അങ്ങനെ കുഞ്ഞാമു എന്‍റെ വീട്ടിലെ ഒരു അംഗമായി. പിറ്റേന്ന് അടുത്ത വീട്ടിലെ പങ്കി അമ്മുമ്മ അതിനെ എടുത്തു തിരിച്ചും മറിച്ചും നോക്കീട്ടു പറഞ്ഞു "കണ്ടനാ, കുറച്ചു നാള്‍ കഴിഞ്ഞു ഇറങ്ങി പോകും ". കണ്ടന്‍ പൂച്ച വലുതാകുമ്പോള്‍ വീട് വിട്ടു പോകുമത്രേ.
                           കുഞ്ഞമുനെ പാച്ചു കടിച്ചു  കൊല്ലാതിരിക്കാന്‍, അതിനെ പാച്ചുവിനു പരിചയപ്പെടുത്താന്‍ ഞാന്‍ കുറെ ഒക്കെ നോക്കി. പാച്ചുവിന് ആ കുഞ്ഞു കുഞ്ഞാമുനെ കാണുമ്പോള്‍ എന്തോ തമാശ പോലെ വലോക്കെ ആട്ടി കൂടെ കളിയ്ക്കാന്‍ വരും. പക്ഷെ കുഞ്ഞാമു അപ്പോഴേക്കും വലോക്കെ പൊക്കി, നടുവ് വളഞ്ഞു വില്ല് പോലെ ആകും. 
                          കുറച്ചു നാള്‍ കഴിഞ്ഞു കുഞ്ഞാമു എന്ന ആപേര് ലോപിച്ച് കുഞ്ഞന്‍ എന്നായി.  "കുഞ്ഞാ "  എന്ന് ഉറക്കെ വിളിച്ചാല്‍ എവിടെയായാലും അവന്‍ ഓടി വരും. അവനു കളിയ്ക്കാന്‍ ഒരു ഗോലി ഞാന്‍ സംഘടിപ്പിച്ചു. ഉരുണ്ടു പോകുന്ന ഗോലിയുടെ പുറകെ പോയി കളിക്കുന്നത് കാണാന്‍ നല്ല രസം ആയിരുന്നു. 
                          എന്നെ പോലെ തന്നെ നല്ല വികൃതി ആയിട്ടാണ് അവന്‍ വളന്നത്. നമ്മള്‍ നടന്നു പോകുമ്പോള്‍ എവിടെയെങ്കിലും ഒളിച്ചിരിന്നിട്ടു ആ ചിത്രത്തില്‍ കാണുന്ന പോലെ ചാടി കാലിലേക്ക് വീഴുക, മുകളില്‍ എവിടെയെങ്കിലും ഇരിന്നിട്ട്, നമ്മള്‍ നടന്നു പോകുമ്പോള്‍ നമ്മുടെ മേലിലേക്ക് ചാടുക, അങ്ങനെയങ്ങനെ..
                            രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുഞ്ഞന്‍ എന്റെ പുതപ്പിനടിയില്‍ ഉണ്ടാകും. അത് മാത്രമാണ് എനിക്ക് ഇഷ്ടമില്ലയിരുന്നത്.  
                        എന്നും കുഞ്ഞന് അച്ഛന്റെ വക ഒരു അയല കിട്ടുമായിരുന്നു. അതിനാല്‍ മറ്റു പൂച്ചകളെ പ്പോലെ കുഞ്ഞന് മീന്കാരനെ സോപ്പിടെണ്ടി  വന്നിട്ടില്ല. നാട്ടിലെ മറ്റു പൂച്ചകളെല്ലാം മീന്‍കാരന്‍ സുരേന്ദ്രന്റെ സ്പെഷ്യല്‍ കൂവു കേള്‍ക്കുമ്പോള്‍ റോഡിലോട്ടു ഓടുമായിരുന്നു. അപ്പോഴും  കുഞ്ഞന്‍ എന്റെ കട്ടിലിലോ, പേര മരത്തിലോ, വയ്ക്കോല്‍ കൂനയിലോ ഒക്കെ ആയിരിക്കും..
                      എന്നാലും കഷ്ടകാലങ്ങള്‍ കുഞ്ഞന്റെ കൂടെപ്പിറപ്പയിരുന്നു. അടുത്ത വീട്ടിലെ കണ്ടന്‍ പൂച്ചയുടെ കടി കൊണ്ടു, ഒരു മാരുതി വാന്‍ കാലിലൂടെ കയറിയിറങ്ങി. ഒടിഞ്ഞ കാലുമായി ഞൊണ്ടി ഞൊണ്ടി കുറച്ചു  നാള്‍ നടക്കേണ്ടി വന്നു. (പിന്നീട് കാല്‍ നേരെയായി.)
                      കുഞ്ഞന്‍ ഇന്ന് ജീവിചിരിപ്പുണ്ടയിരുന്നെകില്‍ പത്ത് വയസ്സോളം കാണുമായിരുന്നു. അച്ഛന്റെ  വിളികേട്ട് റോഡു മുറിച്ചു കടക്കുന്നതിനിടയില്‍ ഒരു ടാറ്റാ സുമോ തട്ടി... 
കുഞ്ഞനെ  എനിക്ക് കിട്ടിയ വടക്കേ പറമ്പില്‍ തന്നെ അവനെ കുഴിച്ചിട്ടു..  picture courtesy: Google             

9 അഭിപ്രായങ്ങൾ:

 1. കൂടുതല്‍ എഴുതൂ, വാക്കിന്റെ മാന്ത്രികത കൈവശമാക്കൂ......സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 2. മികച്ച അവതരണം ആണ് ബോറടിയില്ലാതെ വായിക്കാന്‍ ആയി

  മറുപടിഇല്ലാതാക്കൂ
 3. നന്നായിട്ടുണ്ട്...
  തുട൪ന്നും എഴുതുമല്ലോ...

  മറുപടിഇല്ലാതാക്കൂ