വ്യാഴാഴ്‌ച, ഡിസംബർ 16, 2010

ഞാന്‍ ഒരു സംഭവാല്ലേ ..

                ഇപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌. എന്നെക്കുറിച്ച് ഞാന്‍ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ എന്ന്. ഞാന്‍ അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. ഒന്നേ ഉള്ളു എങ്കിലും ഉലക്കക്ക് തല്ലാതെ ആണ് എന്നെ വളര്‍ത്തിയത്‌.
                 കുട്ടിക്കാലത്ത് ഒരു ശാസ്ത്രജ്ഞന്‍ ആവണം എന്നായിരുന്നു  ആഗ്രഹം. കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ വിദേശ രാജ്യങ്ങളിലെ അംബാസിടെര്‍ ആവണം എന്നായി  ആഗ്രഹം.    കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ എന്തെങ്കിലുമൊക്കെ ആയി തീര്‍ന്നാല്‍  മതി എന്നായി.  ഇപ്പൊ എഞ്ചിനീയര്‍ ആയി.
                 ജനിച്ചപ്പോള്‍ എനിക്ക്  കറുപ്പു നിറമായിരുന്നു. അച്ഛന്‍റെ സ്വര്‍ണ്ണ മോതിരം  കുറെ ഉരച്ചു തന്നാണ് എന്നെ വെളുപ്പിച്ചതെന്നു  അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
                കുട്ടിക്കാലത്ത് കൂട്ടുകാര്‍ കളിക്കാന്‍ പോകുമ്പോള്‍ ഓരോരോ പരീക്ഷണങ്ങളില്‍ ആയിരുന്നു എന്‍റെ താല്പര്യം .  അമ്മ തലയില്‍ തേക്കാന്‍ ചെമ്പരത്തി താളി ഉണ്ടാക്കുമ്പോള്‍ ഞാന്‍ അതില്‍ തീപ്പെട്ടി ഉരച്ചിടും, ആ കൊഴുത്ത ദ്രാവകം തീ പിടിക്കുമോ എന്നറിയാന്‍. അങ്ങനെയാണെങ്കില്‍ പെട്രോളിന് പകരം ഉപയോഗിക്കാമല്ലോ.
                  ദൂരദര്‍ശനില്‍ ഒട്ടുമാവ് ഉണ്ടാക്കുന്ന രീതി കണ്ടിട്ട് ഞാന്‍ മാവും വഴുതനയും തമ്മില്‍ ക്രാഫ്റ്റ് ചെയ്തു നോക്കി, വഴുതനങ്ങ മാങ്ങാ ഉണ്ടാക്കാന്‍. (പിറ്റേന്ന് മാവിന്‍ തൈയും വഴുതനയും ഉണങ്ങിപ്പോയ്).
കുഞ്ഞു കിരണ്‍ 
                മിശര്‍ ഉറുമ്പിനെ എടുത്തു  ഫ്രീസറില്‍ വയ്ക്കും,  പെട്ടെന്ന് തന്നെ അത് ബോധം കെട്ടു പോകും, പിന്നെ അതിനെ എടുത്തു വെയിലത്ത്‌ വെക്കും, കുറച്ചു വെയില്‍ കൊണ്ട് കഴിയുമ്പോള്‍ അവ എഴുന്നേല്‍ക്കും, പിന്നെ കാണാന്‍ നല്ല രസമാണ്. കള്ളുകുടിയന്‍ മാരെ പോലെ ആടിയാടി നടക്കും, വീഴും പിന്നെയും നടക്കും അങ്ങനങ്ങനെ..  കുറിച്ചു കഴിഞ്ഞു ആള് നല്ല ഉഷാറായി നടന്നു പോകും.  ഇതൊക്കെ കഴിഞ്ഞു കളിയ്ക്കാന്‍ പോകാന്‍ എനിക്ക് സമയം ഇല്ലായിരുന്നു.  
         ആശുപത്രിയില്‍ നിന്ന് കിട്ടിയ സിരിഞ്ചു കൊണ്ട് വാഴയ്ക്ക്  ഇന്‍ജക്ഷന്‍ കൊടുക്കുക ആണ് വേറൊരു പണി. നല്ല പൊക്കമുള്ള മരങ്ങളില്‍ കയറി ചുറ്റും നോക്കികാണാന്‍ വല്യ താല്പര്യമായിരുന്നു എനിക്ക്. പഠിക്കാന്‍ ഇരിക്കുന്നത് പോലും വീട്ടിലെ പേര മരത്തിന്റെ മുകളില്‍ ആയിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍  അടുത്ത വീട്ടിലെ മാവില്‍ നിന്ന് വീണു കൈ ഓടിഞ്ഞതോടെ മരം കയറ്റം നിന്നു.
                    കുറച്ചു കൂടി  വലുതായപ്പോള്‍ രസതന്ത്രം പരീക്ഷിച്ചു തുടെങ്ങി. ഉപ്പു വെള്ളത്തില്‍ സോപ്പുപോടിയും സോടാപ്പോടിയും കലക്കി, എലിമിനറെര്‍ വഴി  എലക്ട്രോളിസിസ് ചെയ്യുക. അങ്ങനെ കുറെ പൊട്ടന്‍ കളികള്‍.
                     ഞങ്ങളുടെ ബന്ധു ഉണ്ണി ചേട്ടന്‍ ഇറാനില്‍ നിന്നും അയച്ച കത്തിലെ 'ആയത്തോള്ള ഖുമെനിയുടെ' വലിയ സ്റ്റാമ്പ്‌ കണ്ടതോടെയാണ് ഞാന്‍ സ്റ്റാമ്പ്‌ ശേഖരണം തുടങ്ങിയത്. പിന്നെ സ്കൂളിലെ ടീച്ചര്‍ക്ക്‌ പോലും ഇറാന്‍  സ്റ്റാമ്പ്‌ കൊടുത്തു വേറെ വാങ്ങിയിരുന്നു.
                ആകാശത്തിലെ നിരയായി നില്‍ക്കുന്ന മൂന്നു നക്ഷത്രങ്ങള്‍ കുട്ടിക്കാലം മുതല്ലേ ഞാന്‍ ശ്രദ്ധിക്കുന്നതാണ്. ഒരിക്കലും പിരിയാത്ത കൂട്ടുകാരെ പോലെ ഇന്നും അവര്‍ അവിടെ തന്നെ ഉണ്ട്. [വേട്ടക്കാരന്റെ ബെല്‍റ്റ്‌ എന്നാണ് അവ അറിയപ്പെടുന്നത്]          
                 ആദ്യമായി ''ഐ ലവ് യു " പറഞ്ഞത് നാലാം ക്ലാസ്സില്‍ വെച്ചു ഷൈനിയോട്. അവള്‍  നാളെ അച്ഛനെ വിളിച്ചു കൊണ്ട് വരും എന്ന് പറഞ്ഞപ്പോള്‍ പിറ്റേ ദിവസം സ്കൂളിലേക്ക് പോകാന്‍ തന്നെ പേടിയായിരുന്നു. ‌
           അന്നും ഇന്നും ഫാനില്ലതെ എനിക്ക് ഇരിക്കാനേ വയ്യായിരുന്നു. സ്ക്കൂളില്‍ ചേര്‍ത്തപ്പോള്‍ അവിടെ ഫാനില്ലേ എന്ന് ടീച്ചറോട്‌ ചോദിച്ചു. ഞാന്‍ ഫാന്‍ ഇല്ലാതെ  ഉറങ്ങിയത് പന്നികുഴി ഹോസ്റ്റലില്‍  വെച്ചു മാത്രമാണ് .
                 പിന്നെ ആഹാരത്തിനെ കുറിച്ച് പറയുകയാണെങ്കില്‍, ചോറിനോട് അധികം  താല്പര്യമില്ല. സാമ്പാര്‍, അവിയേല്‍, മോര്, തൈര് ഇതൊന്നും ഇഷ്ടമല്ലായിരുന്നു. ആകെ ഇഷ്ടമുള്ളത് ''ഫ്രൂട്ട് സലാഡ്". അതിന് "പൂച്ചലാട്" എന്നാണ് ഞാന്‍ പറഞ്ഞിരുന്നത്.  അത് വലിയൊരു പത്രത്തില്‍ എപ്പൊഴും ഫ്രിഡ്ജില്‍ ഉണ്ടാകും.   ചേമ്പ്, ചേന, വഴുതനങ്ങ, കാച്ചില്‍, കോവയ്ക്ക എന്നിവയൊന്നും ഇഷ്ടമല്ല. എനിക്ക് ഇഷ്ടമുള്ളത്,  മറ്റു പലര്‍ക്കും  ഇഷ്ടമില്ലാത്ത പാവയ്ക്കാ .[കൈപ്പ്ക്ക].
ഇതൊക്കെ പെട്ടന്നു ഓര്‍മ്മ വന്നത് മാത്രം. ഇനിയും ആലോചിച്ചാല്‍ കുറെ കിട്ടും. ഇത്രയും കേട്ടപ്പോള്‍ എന്ത് തോന്നുന്നു.
ഞാന്‍ ഒരു സംഭവാല്ലേ ..

ബുധനാഴ്‌ച, ഡിസംബർ 01, 2010

മനു നീ എവിടെയാണ്.

                                              മനു നീ എവിടെയാണ്.  16 വര്‍ഷങ്ങളായില്ലേ  നമ്മള്‍ തമ്മില്‍ കണ്ടിട്ട്. ഇങ്ങനെ പിരിയനാണോ നമ്മള്‍ സുഹൃത്തുക്കള്‍ ആയത്. നമ്മുടെ സ്കൂളില്‍ പത്താം ക്ലാസ്സ്‌ വരെ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് മൂന്ന് വര്‍ഷം കൂടി ഒരിമിച്ചു പഠിക്കാമായിരുന്നു അല്ലെ.
          ഉച്ചക്ക് സ്കൂളില്‍ ഊണ് സമയത്ത്‍, ഞാന്‍ എന്നും ഓരോ തരം കറികള്‍ നിനക്കായ്‌ വീതിക്കുമ്പോള്‍, നിന്‍റെ പാത്രത്തില്‍ എനിക്ക് തരാന്‍ എന്നും ചെറുപയര്‍  മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലെ. നിനക്ക് മടുത്തു എങ്കിലും എനിക്ക് സ്കൂളിലെ ചെറുപയര്‍ (കഞ്ഞിയും പയറും) ഒരിക്കലും മടുത്തിട്ടില്ല കേട്ടോ.
          നീ ഒരിക്കല്‍ കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ നൂലില്‍ തൂങ്ങി വന്ന ഒരു പുഴു നിന്‍റെ പാത്രത്തില്‍ വീണപ്പോള്‍ അതിനെ എടുത്തു കളഞ്ഞ് ബാക്കി കഞ്ഞി കുടിച്ചത് നിന്‍റെ ഗതികേട് കൊണ്ടാണെന്ന് എനിക്കറിയാം.
          സ്ക്കൂളില്‍ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാന്‍ വന്നപ്പോള്‍ ഞാന്‍ നിന്നെ എന്‍റെ കൂടെ നിര്‍ത്തിയിട്ടും, പൊക്കം കുറവാണെന്ന് പറഞ്ഞു നിന്നെ ഫോടോഗ്രാഫെര്‍ നിലത്തു ഇരുത്തിയത് നീ ഓര്‍ക്കുന്നില്ലേ .  
          നിനക്ക് അന്ന് ഞങ്ങളെക്കാള്‍ പൊക്കം കുറവായത് കൊണ്ടല്ലേ, ഞങ്ങള്‍ നിന്നെ "ഉണ്ട മനു" എന്ന് വിളിച്ചു കളിയാക്കിയിരുന്നത്.  എങ്ങനാ ഇപ്പൊ നീ ഉയരം വെച്ചോ. ആറാം ക്ലാസ്സിലെയും എഴാം ക്ലാസ്സിലെയും ഒക്കെ ഫോട്ടോ കുറെ നാള്‍ ഞാന്‍ സുക്ഷിച്ചു വെച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അവ തമ്മില്‍ ഒട്ടി, ഒന്നും കാണാന്‍ പറ്റാത്ത രീതിയില്‍ ആണ്.
        ഒരിക്കല്‍ നമ്മള്‍ സ്ക്കൂള്‍ മൈതാനത്തിന്റെ  സൈഡിലുള്ള പാറക്കല്ലുകള്‍ എടുത്തു മാറ്റികൊണ്ടിരുന്നപ്പോള്‍, എന്‍റെ കൈ വഴുതി നിന്‍റെ കാലില്‍ കല്ല്‌ വീണത്‌ നീ ഓര്‍ക്കുന്നില്ലേ. അന്ന് ടീച്ചര്‍ ചോദിച്ചിട്ടും എന്‍റെ പേര് പറയാതെ എന്നെ തല്ലില്‍ നിന്നും നീ രക്ഷിച്ചു. നിന്‍റെ ഇടത്തേ കാലില്‍ സ്ടിച് ഇട്ട പാടുകള്‍ ഇപ്പോഴുമുണ്ടോ?
                 നിന്നെ കുറിച്ച് ഞാന്‍ ഓര്‍കുട്ടിലെ നമ്മുടെ പഴയ കൂട്ടുകാരോടൊക്കെ അന്വേഷിച്ചു. അവര്‍ക്കാര്‍ക്കും നിന്നെ കുറിച്ച് യാതൊരു വിവരവുമില്ല. നീ ഓര്‍കുട്ടിലോന്നും  ഇല്ല അല്ലെ.
              ഞാന്‍ കഴിഞ്ഞ തവണ ലീവിന് വന്നപ്പോ, നിന്‍റെ ലക്ഷം വീട് കോളനി നിന്നിരുന്ന ഭാഗത്ത്‌ വന്നിരുന്നു. നിന്‍റെ ഓല മേഞ്ഞ വീടിരുന്ന സ്ഥലത്തിനടുത്ത് ഇപ്പൊ ഒരു ഹോട്ടല്‍ ആണല്ലേ.
നീ ഈ ബ്ലോഗുലകത്തില്‍ എവിടെയെങ്കിലും ഉണ്ടോ?. ഉണ്ടെങ്കില്‍ മറുപടി അയക്കില്ലേ. 
       
               മനു നീ എവിടെയാണ്.
             
              നീ ഒരിക്കലെങ്കിലും എന്നെ കുറിച്ച് ഓര്‍ത്തിട്ടുണ്ടോ ?
         
              നീ എന്നെ മറന്നോ?