ഞായറാഴ്‌ച, സെപ്റ്റംബർ 19, 2010

നാരായണേട്ടന്‍

       ഇനി നാരായണേട്ടനെ കുറിച്ച് പറയാം. കോട്ടയത്തെ ഞങ്ങളുടെ കോളേജ് ഹോസ്ടലിലെ കുക്ക് ആയിരുന്നു നാരായണേട്ടന്‍. പട്ടാളത്തിലായിരുന്നു നേരത്തെ.
       ഹോസ്റ്റല്‍ പണിയുന്നതിനു മുന്‍പ് ഞങ്ങള്‍ വീടുകള്‍ വടക്കെടുതാണ് താമസ്സിച്ചിരുന്നത്.  കോളേജ് ന്‍റെ തന്നെ രണ്ടര കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഹോസ്റ്റലില്‍ നിന്നാണ് നാരായണേട്ടന്‍ ഞങ്ങളുടെ വീട്ടിലേക്കു വരുന്നത്. നാരായണേട്ടന്‍ വന്ന ഓട്ടോയില്‍ നിന്ന് ആദ്യം ഇറങ്ങിയത്‌ ഒരു പൂച്ച. പുള്ളിക്കാരന്‍ കിടക്കയും പെട്ടിയും എല്ലാം ഇറക്കി വെച്ചു. അപ്പോളതാ  ഒരു പട്ടി ഓടികിതച്ചു വരുന്നു. ഓട്ടോയില്‍ സ്ഥലം ഇല്ലാത്തതു കൊണ്ട് രണ്ടര കിലോമീറ്റര്‍ ഓട്ടോയുടെ പിറകെ ഓടിവരുകയാണ് ആ പട്ടി.
       നാരായണേട്ടന്‍ പറഞ്ഞു. " എന്‍റെ മക്കളാനിവര്‍". പൂച്ചയെ ചുണ്ടികാട്ടി  പുള്ളി പറഞ്ഞു ഇവന്‍ "കുഞ്ഞന്‍"  മറ്റവന്‍ "കുട്ടന്‍". അങ്ങനെ കുട്ടനും കുഞ്ഞനും നാരായണേട്ടനും ഞങ്ങളുടെ വീട്ടില്‍ താമസം തുടങ്ങി. വീടിന്‍റെ പടിഞ്ഞാറെ വരന്തയിലാണ് നാരായണേട്ടന്‍ ഉറങ്ങുന്നത്. കുട്ടനും അടുത്തെവിടെയെങ്കിലും കാണും.
            രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോളാണ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നത്, പുള്ളികാരന്‍ വീട്ടില്‍ നിന്നും ഒളിച്ചു താമസ്സിക്കുവാണ്.  ബ്ലേഡ് കാരെ പേടിച്ച്. പട്ടാളത്തിന്നു  പോന്നപ്പോ രണ്ടു പേരുമായി ചേര്‍ന്ന് ഒരു ബിസിനസ്‌ തുടങ്ങി. ആലപ്പുഴ ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും കടല്‍ മീന്‍ വാങ്ങി കിഴക്കന്‍ നാടുകളില്‍ വില്‍ക്കുക ആയിരുന്നു പ്ലാന്‍.   അതിന്‍റെ ആവിശ്യത്തിനായി കുറച്ചു പണം ബ്ലേഡ് കാരില്‍നിന്നും കടം വാങ്ങി. പക്ഷെ മറ്റേ രണ്ടു പേര്‍ ആ കാശുമായി മുങ്ങി. പിന്നെ ബ്ലേഡ് കാരുടെ ശല്യം കാരണം വീട്ടില്‍ നിന്നും മാറി നിക്കുകയാണ്.  പുള്ളിടെ വീട്ടില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രമേയുള്ളൂ ഞങ്ങളുടെ കോളേജ് ലേക്ക്.
    ദിവസവും രാത്രി മദ്യ സേവയുണ്ട് പുള്ളിക്ക്. വെള്ളമടിച്ചിട്ട് വീട്ടിലെ കാര്യം പറഞ്ഞു കരയും. വീട്ടില്‍ ഭാര്യ മാത്രമേയുള്ളൂ . മോളെ കല്യാണം കഴിച്ചു വിട്ടു. ഭാര്യക്ക്‌  ആസ്മ ഉണ്ട്.
    ഹോസ്റ്റലില്‍ മീന്‍ വാങ്ങിയാല്‍  ആദ്യം അതില്‍ ഓരോന്ന്  കുഞ്ഞനും കുട്ടനും കൊടുക്കും. പിന്നെ ബാക്കിയുള്ളതിന്റെ  തലയും കുടലുമെല്ലാം. പട്ടിയും പൂച്ചയും ആണെങ്കിലും കുട്ടനും കുഞ്ഞനും തമ്മില്‍ ഒരു വഴക്കുമില്ല.  എല്ലാ ദിവസവും വൈകീട്ട് നാരായണേട്ടന്‍ കുട്ടന്‍ ന്‍റെയും കുഞ്ഞന്‍ ന്‍റെയും ഒപ്പം കളിക്കുന്നത്  കാണാം.
        നല്ല കൈപ്പുണ്യമാണ് നാരായണേട്ടന്. വെജും നോണ്‍ വെജും എല്ലാം നന്നായി വെക്കും.  അത് കൊണ്ട് കുഞ്ഞന്‍ ന്‍റെയും  കുട്ടന്‍ ന്‍റെയും  കാര്യത്തില്‍ ആരും പുള്ളിയോട് ഉടക്കാറില്ല.
     ഒരിക്കല്‍ വീട്ടില്‍ നിന്നും അടുത്ത കടയിലേക്ക് ഫോണ്‍ വന്നു, ഭാര്യക്ക്‌ ആസ്മ കൂടുതലാണ് എന്ന്. ആ കാരണത്താല്‍ ഒരു കുപ്പി  മുഴുവന്‍ തീര്‍ത്തിട്ട് പടിഞ്ഞാറെ വരാന്തയില്‍ ഇരുന്നു കരയുന്നുണ്ടായിരുന്നു.
   ഒരു ദിവസം  രാത്രി പടിഞ്ഞാറെ വരാന്തയില്‍ കാലും നീട്ടിയിരുന്നു പട്ടാള കഥ പറയുകയായിരുന്നു നാരായണേട്ടന്‍. അപ്പൊ കുട്ടന്‍ പതുക്കെ വേച്ചു വേച്ചു നടന്നു വന്നു പുള്ളിടെ കാലിന്‍റെ അടുത്തു കിടന്നു. പിറ്റേന്ന് രാവിലെ നാരായണേട്ടന്‍  "മക്കളേ" എന്ന് ഉറക്കെ വിളിച്ചത് കേട്ടാണ് ഞാന്‍ എണീറ്റത്, ചെന്ന് നോക്കുമ്പോള്‍ പുള്ളിക്കാരന്‍ പടിഞ്ഞാറെ വരാന്തയില്‍ ഇരുന്നു കരയുന്നു. ഞാന്‍ ഓര്‍ത്തു,  രാവിലെ പരിപാടി തുടങ്ങിക്കാണും എന്ന്. അപ്പോള്‍ അയാള്‍ പറയുന്നുണ്ട് "മക്കളേ, കുട്ടന്‍ ചത്ത്‌ പോയെടാ" എന്ന്.  പറമ്പിലെ റബ്ബര്‍ വെട്ടുകാരന്‍ പറഞ്ഞപ്പോളാണ്  അറിയുന്നത്, അടുത്ത വീട്ടുകാര്‍ കുട്ടന് വിഷം കൊടുത്തതാണ്. അവര്‍ രണ്ടു ദിവസം മുന്‍പ് നാരായണനെട്ടനുമായി എന്തോ കാര്യത്തിന് വഴക്കിട്ടിരുന്നു.  ഇത് കേട്ടപ്പോള്‍ നാരായണേട്ടന്‍ വെട്ടുകത്തി എടുത്തു, എന്നിട്ട് ചത്ത പട്ടിയുടെ കാലില്‍ പിടിച്ചു വലിച്ച്, അടുത്ത വീട്ടിലേക്കു പോയി. ഇത് കണ്ടു ഞങ്ങള്‍ എല്ലാവരും പേടിച്ചു പോയി. അങ്ങേര്‍ എന്തെകിലും കടും കൈ കാണിക്കുമോ.
പക്ഷെ നാരായണേട്ടന്‍ പട്ടിയെ അവരുടെ വീടിന്‍റെ മുറ്റത്ത്‌ ഇട്ടിട്ടു തിരിച്ചുപോന്നു.
അന്ന് രാവിലെ നാരായണേട്ടന്‍ ഒന്നും ഉണ്ടാക്കിയില്ല. ഞങ്ങള്‍ ഹോട്ടലില്‍ നിന്നും കഴിക്കേണ്ടി വന്നു.

    കുറച്ചു ദിവസം കഴിഞ്ഞു ഓണം അവധിക്കായി കോളേജ് അടച്ചു. അവധി കഴിഞ്ഞു വന്നപ്പോള്‍ ഞങ്ങളെ സാര്‍ വേറെ ഹോസ്റ്റല്‍ ലേക്ക് മാറ്റി. പിന്നെ ഞാന്‍ നാരായനെട്ടനെയും കുഞ്ഞനെയും കണ്ടിട്ടില്ല. കുറച്ചു നാള്‍ കഴിഞ്ഞു ആരോ പറഞ്ഞ് ഞാന്‍ അറിഞ്ഞു, നാരായണേട്ടന്‍ ജോലി നിര്‍ത്തിപോയി എന്ന്. തൊണ്ടയില്‍ കാന്‍സര്‍ ആണത്രേ. അപ്പൊ ഞാന്‍ ആദ്യം ആലോചിച്ചത് കുഞ്ഞനെ പറ്റിയാണ്. എവിടെ ആയിരിക്കും കുഞ്ഞന്‍. നാരായണേട്ടന്‍ അവനെ കൊണ്ട് പോകാതിരിക്കില്ല.
           പിന്നീട് ആരും നാരായണേട്ടനെ കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല.  ചിലപ്പോ രോഗമെല്ലാം  മാറി, കടമൊക്കെ വീട്ടി, സുഖമായി കഴിയുന്നുണ്ടാകാം. അല്ലെങ്കില്‍ ചിലപ്പോ ....  

3 അഭിപ്രായങ്ങൾ: